തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കനത്തതോടെ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തടയണ മറികടന്ന് തിരമാലകള്‍, തൃശൂർ ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. തീരദേശ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധം. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ശനിയാഴ്ച ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

<strong>പോക്‌സോ കേസ് പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ വാര്‍ഡ് സഭ വിളിച്ചുചേര്‍ത്തു; പ്രതിഷേധവുമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ, സംഘർഷം... പ്രതിഷേധത്തെ തുടര്‍ന്ന് സഭ മാറ്റി വെച്ചു</strong>പോക്‌സോ കേസ് പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ വാര്‍ഡ് സഭ വിളിച്ചുചേര്‍ത്തു; പ്രതിഷേധവുമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ, സംഘർഷം... പ്രതിഷേധത്തെ തുടര്‍ന്ന് സഭ മാറ്റി വെച്ചു

എന്നാല്‍ മഴയുടെ ശക്തി താരതമ്യേനെ കുറവായതിനാല്‍ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. വരും ദിവസങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. മഴ കനത്തതോടെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പലയിടത്തും തടയണ മറികടന്ന് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് ആഴ്ചകളുടെ ഇടവേളക്കുശേഷം വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായത്.

Sea attack

എറിയാട് പഞ്ചായത്തിലെ ചന്ത, ആറാട്ടുവഴി, ചേരമാന്‍, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ കാര തുടങ്ങിയ കടപ്പുറങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ രാത്രിമുതല്‍ പെയ്ത മഴയുടെ അകമ്പടിയോടെയാണ് തിരമാല ജനവാസ കേന്ദ്രങ്ങളിലേക്ക് അടിച്ചു കയറുന്നത്. ഒരു മാസം മുമ്പുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് തീരപ്രദേശത്ത് വ്യാപകമായി താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു.

ജനപങ്കാളിത്തത്തോടെ പണിത തടയണ ഒരു പരിധിവരെ തിരമാലകളെ തടയുമെങ്കിലും ശക്തമായ കടലാക്രമണത്തെ ചെറുക്കാന്‍ പര്യാപ്തമല്ല. പലയിടങ്ങളിലും തടയണ മറികടന്ന് തിരമാല എത്തുന്നുണ്ട്. കടലാക്രമണം കൂടുതല്‍ രൂക്ഷമായാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് തീരദേശവാസികള്‍.

മഴ ശക്തമായതോടെ തൃശൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ഐ.ജി. ഓഫീസിന് മുന്നില്‍ മരക്കൊമ്പ് വീണു. അമൃദ് പദ്ധതിക്കായി പൈപ്പിടുന്നതിനായി പള്ളിമൂല-അക്കാദമി റോഡില്‍ കുഴിച്ച കുഴികളില്‍ വെള്ളം നിറഞ്ഞതും ചെളിയും മൂലം യാത്ര ദുഷ്‌കരമായി.

കനത്ത മഴയില്‍ ചാവക്കാട് തീരദേശത്തെ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. രാത്രിയും പകലും ശക്തമായ മഴയാണ് മേഖലയില്‍ ലഭിച്ചത്. ചാവക്കാട് പഞ്ചാരമുക്ക് റോഡില്‍ അങ്ങാടിത്താഴം മേഖലയില്‍ റോഡിനിരുവശത്തെയും കാനകള്‍ കവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകി. പാലയൂര്‍ തളിയക്കുളം റോഡിലും കനത്ത വെള്ളക്കെട്ടുണ്ടായി. കാനകള്‍ വേണ്ടവിധം വൃത്തിയാക്കാത്തതാണ് വെള്ളം റോഡിലൂടെ ഒഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

പലയിടത്തും പ്ലാസ്റ്റിക് കുപ്പികളും മറ്റും വന്നടിഞ്ഞ് കാനകളിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ട്. തെക്കന്‍ പാലയൂര്‍, അനു ഗ്യാസ് ഏജന്‍സീസ് റോഡ്, പേരകം റോഡ് തുടങ്ങിയ റോഡുകളെല്ലാം വെള്ളം പൊന്തി ഗതാഗതം തടസപ്പെട്ടു. കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലേറ്റം ശക്തമായി. കനോലികനാല്‍ കരകവിഞ്ഞൊഴുകിയത് ആശങ്കക്ക് വഴിവച്ചു. ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വെള്ളക്കെട്ട് അധികം വൈകാതെ ഒഴിവായി. മഴ നീണ്ടുനിന്നാല്‍ പ്രദേശം കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് സൂചന.

കടല്‍ക്ഷോഭം

ശക്തമായ മഴയ്‌ക്കൊപ്പം കടപ്പുറം പഞ്ചായത്തിലെ ചേറ്റുവ അഴിമുഖംമുതല്‍ തൊട്ടാപ്പ് ലൈറ്റ്ഹൗസ് വരെ കടലാക്രമണം രൂക്ഷമായി. ഇന്നലെ പുലര്‍ച്ചെമുതല്‍ കടല്‍ ക്ഷോഭിച്ചുതുടങ്ങി. കോളനിപ്പടി, മുനക്കകടവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, ആശുപത്രി വളവ്, നോളി റോഡ്, മാളുട്ടി വളവ് എന്നിവിടങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത് നിരവധി വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. അഹമ്മദ് ഗുരുക്കള്‍ റോഡിന്റെ പല ഭാഗത്തും റോഡുകവിഞ്ഞ് വെള്ളം കിഴക്കോട്ട് ഒഴുകി പോകുന്നുണ്ട്. കഴിഞ്ഞതവണ കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥന്മാര്‍ വന്ന് കൂടുതല്‍ അപകട മേഖലകള്‍ അളവെടുത്ത് പോയതല്ലാതെ ശാശ്വത പരിഹാരം ഒന്നും ഇതുവരെ ചെയ്തില്ല. കടലാക്രമണ മേഖലകളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

രണ്ടുദിവസമായി പെയ്ത കനത്തമഴയില്‍ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈവര്‍ഷം കാലവര്‍ഷം തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകുന്നത് ഇപ്പോഴാണ്. ഇടവിടാതെ പെയ്തമഴയില്‍ തടയണകളും നിറഞ്ഞു. കൂടപ്പുഴ, കൊമ്പന്‍പാറ, തട്ടുപാറ തടയണകളാണ് കവിഞ്ഞൊഴുകുന്നത്. തട്ടുപാറ തടയണയാണ് ആദ്യം നിറഞ്ഞത്. തടയണയുടെ ഭാഗത്ത് വന്‍ ഒഴുക്കും ചുഴികളുമായി. അതോടെ തടയണകള്‍ക്കടുത്ത് പുഴയില്‍ ഇറങ്ങിക്കുളിക്കുന്നവര്‍ കുറഞ്ഞു. കൂടപ്പുഴ തടയണയ്ക്കു സമീപം നൂറുകണക്കിനാളുകളാണ് കുളിക്കാന്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണ്. തടയണയുടെ ഷട്ടറുകള്‍ മാറ്റിയതിനാല്‍ ശക്തമായ അടിയൊഴുക്കാണ്. മഴയില്‍ പുഴയിലും തോടുകളിലും വെള്ളം എത്തിയതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും സാധ്യത തെളിഞ്ഞു. ഈ സീസണില്‍ ഇതുവരെ ഉള്‍നാടന്‍ മത്സ്യബന്ധനം സജീവമായിരുന്നില്ല. മഴ തുടരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. പൊരിങ്ങല്‍ ജലസംഭരണി നിറഞ്ഞാല്‍ വൈദ്യുതോത്പാദനം പൂര്‍വസ്ഥിതിയിലാകും. അതോടെ പുഴയില്‍ കൂടുതല്‍ വെള്ളമെത്തും.

വെള്ളപ്പൊക്ക ഭീഷണിയില്‍ 'മാവേലി'


കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുമൂലംഅന്തിക്കാട് മാവേലിസ്റ്റോര്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. മഴ നീണ്ടുനിന്നാല്‍ ഓണം വിപണിയെ ലക്ഷ്യമാക്കി എത്തിയിട്ടുള്ള നാലുലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വെള്ളം കയറി നശിക്കും. റോഡിന് സമാന ഉയരം മാത്രമുള്ള ഒറ്റമുറിയിലാണ് മാവേലിസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. റോഡരികിലുള്ള കാനയിലെ വെള്ളക്കെട്ട് ഉയരുന്നതോടെ മാവേലിസ്റ്റോറിലേക്ക് വെള്ളം ഇരച്ചെത്തും. വര്‍ഷങ്ങള്‍ക്കു മുമ്പ് മാവേലിസ്റ്റോറിന്റെ ഉള്ളിലേക്ക് വെള്ളം കയറുകയും ഭക്ഷ്യധാന്യ ശേഖരം നശിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഷട്ടറിനോടുചേര്‍ന്ന് ചെറിയ സുരക്ഷാ ഭിത്തി നിര്‍മിച്ചുവെങ്കിലും നിലവില്‍ അതിനെയും മറികടക്കുന്ന വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രവര്‍ത്തന സമയത്തിനു ശേഷം തീവ്ര മഴയുണ്ടായാല്‍ വലിയ നഷ്ടമാണ് അന്തിക്കാട്ടെ മാവേലിസ്റ്റോറില്‍ സംഭവിക്കുകയെന്ന ആശങ്കയിലാണ് മാനേജര്‍ രാഘവ് കൃഷ്ണ. വെള്ളക്കെട്ട് ഭീഷണിയും സ്ഥലപരിമിതിയുംമൂലം ഇവിടെനിന്ന് മാറിപ്പോകാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ വാടകയിനത്തിലെ സാങ്കേതികത കുരുക്കാവുകയാണ്. സ്‌ക്വയര്‍ ഫീറ്റിന് ഒമ്പതുരൂപ എന്ന രീതിയിലാണ് അധികൃതരുടെ രീതി. എന്നാല്‍ പുറത്ത് സ്‌ക്വയര്‍ ഫീറ്റിന് 40 രൂപയ്ക്ക് മേലേയാണ് ഈടാക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍.

Thrissur
English summary
Heavy rain and Coastal erosion in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X