• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

ശക്തമായ മഴയും കാറ്റും: തൃശൂര്‍ ജില്ലയില്‍ വ്യാപക നാശം

  • By desk

തൃശൂര്‍: ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശം. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ തീരദേശ പ്രദേശങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലയില്‍ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശം. കടല്‍ക്ഷോഭം രൂക്ഷം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. ദേശീയപാത കുതിരാനില്‍ മരങ്ങള്‍ വീണു. ട്രെയിനുകള്‍ വൈകിയോടുന്നു. പുള്ള് പാടത്തു വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം.

മുപ്ലിയം, കല്ലൂര്‍, വെള്ളിക്കുളങ്ങര, കാടുകുറ്റി, വെങ്കിടങ്, വാടാനപ്പള്ളി, മാടക്കത്തറ പഞ്ചായത്തുകളില്‍ 13 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് ജില്ലാ കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

പൊരിങ്ങല്‍കുത്ത് ഡാമിന്റെ നാല് ലൂയീസ് വാല്‍വടക്കം എല്ലാ ഷട്ടറുകളും തുറന്നു. പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടാന്‍ സാധ്യതയുണ്ടൊന്നാണ് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കോള്‍പ്പാടങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപക കൃഷിനാശവും സംഭവിച്ചു.

കനത്തമഴയില്‍ പൂങ്കുന്നം സീതാറാം മില്‍ ലൈനിലെ ആലക്കപറമ്പില്‍ ജോണ്‍സന്റെ വീട് പൂര്‍ണമായും തകര്‍ന്നു വീണു. ജോണ്‍സനും ഭാര്യയും രണ്ടുകുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. സംഭവസമയത്ത് ആരും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിനകത്തെ സാധന സാമഗ്രികള്‍ എല്ലാം നശിച്ചു. ടി.ബി. റോഡ്, കൊക്കാല റോഡ്, കിഴക്കേക്കോട്ട റോഡ് തുടങ്ങിയവയെല്ലാം തകര്‍ന്നു.

എരുമപ്പെട്ടി കരിയന്നൂരില്‍ മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കേളംപുലാക്കല്‍ ഹൈദ്രോസ്‌കുട്ടിയുടെ വീടിന് മുകളില്‍ തേക്ക് വീണ് വാര്‍പ്പിന്റെ സണ്‍ഷെയ്ഡുകള്‍ തകര്‍ന്നു. ഐനിക്കുന്നത്ത് സിദ്ധാര്‍ഥന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ ശക്തമായ കാറ്റില്‍ പറന്ന് പോയി. കേളംപുലാക്കല്‍ അഷറഫിന്റെ വീട്ടുമതില്‍ തേക്കുമരം വീണ് തകര്‍ന്നു. വ്യാപകമായി വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. കരിയന്നൂര്‍, എരുമപ്പെട്ടി, തിപ്പല്ലൂര്‍ റോഡുകളില്‍ മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി വീണു. കടങ്ങോട് പഞ്ചായത്തിലെ തെക്കുമുറി പെരുമ്പാറക്കുന്നില്‍ കുഞ്ഞയ്യപ്പന്റെ ഓടിട്ട വീട് സമീപ പറമ്പിലെ മരം വീണ് ഭാഗികമായി തകര്‍ന്നു.

ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

പെരുമ്പാറക്കുന്ന് കഴുങ്ക് വളപ്പില്‍ ബിബിനയുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂര മരം വീണ് തകര്‍ന്നു. തെക്കുമുറി കുഴിപറമ്പില്‍ പങ്ങുവിന്റെ വീട്ടു മതില്‍ തേക്കുമരം വീണ് തകര്‍ന്നു. വെള്ളറക്കാട് നെല്ലിക്കുന്ന് നെല്ലിപ്പറമ്പില്‍ സുബൈറിന്റെ വീടിന്റെ മേല്‍ക്കൂര തെങ്ങ് നടുപൊട്ടി വീണ് തകര്‍ന്നു. കുടക്കുഴിയില്‍ ഇലക്ട്രിക്ക് പോസ്റ്റിന്റെ നടുമുറിഞ്ഞ് വൈദ്യുതി തടസപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വേലൂര്‍ പഞ്ചായത്തിലെ തയ്യൂരിലും പഴവൂരിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ തേക്കിന്റെ വലിയ ചില്ലയൊടിഞ്ഞ് 11 കെ.വി. ലൈനില്‍ വീണു. തയ്യൂര്‍ മില്‍മ പരിസരത്തെ ചീരോത്ത് രാധയുടെ ഓട് വീടിനു മുകളില്‍ തെങ്ങ് പൊട്ടിവീണ് താഴ്‌വാരവും കുളിമുറിയും തകര്‍ന്നു. വര്‍ക്ക് ഏരിയായില്‍ നിറുത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് വന്‍മരങ്ങള്‍ റോഡിലെക്ക് വീണ് തയ്യൂര്‍ -എരുമപ്പെട്ടി റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

വെള്ളിപ്പറ്റ കോളനിയില്‍ കോട്ടേപ്പുറത്ത് ഷീബ, പട്യാത്ത് വളപ്പില്‍ സുമതി എന്നിവരുടെ വീടുകള്‍ മരംവീണ് ഭാഗികമായി തകര്‍ന്നു. കോളനിയിലേക്കുള്ള വൈദ്യുത ലൈനില്‍ മരം വീണ് പോസ്റ്റുകള്‍ നിലംപൊത്തി. പഴവൂരിലും വന്‍മരം കടപുഴകി വീണ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നു.

ആനക്കാക്കില്‍ ജാനകിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചിങ്ങപ്പുറത്ത് കൊച്ചനിയന്റെ വീടിനു മുകളില്‍ മരം വീണ് കുളിമുറി തകര്‍ന്നു. കോടശ്ശേരി നെടിയേടത്ത് ഗിരീഷിന്റെ വീടും ചാലയ്ക്കല്‍ തോമസിന്റെ വീടിനടുത്തുള്ള മോട്ടോര്‍ഷെഡും മരം വീണ് തകര്‍ന്നു. തയ്യൂര്‍ പഴവൂര്‍ മേഖലകളിലായി 20 ലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നിട്ടുള്ളത്. വാഴ കൃഷിയും കവുങ്ങ്, തെങ്ങ്, മാവ്, റബര്‍, പ്ലാവ് തുടങ്ങിയ മരങ്ങളും വ്യാപകമായി കടപുഴകിയും ഓടിഞ്ഞും വീണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളിലേയും വിവിധ പ്രദേശങ്ങളില്‍ സി.സി.ടി.വിയുടെ സിഗ്‌നല്‍ ഫൈബര്‍ കേബിളുകള്‍ മരം വീണ് പൊട്ടി പ്രോഗ്രാം തടസപ്പെട്ടു.

തലപ്പിള്ളി താലൂക്കില്‍

തലപ്പിള്ളി താലൂക്കില്‍

ശക്തമായി തുടരുന്ന മഴയിലും കാറ്റിലും തലപ്പിള്ളി താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുമ്പളങ്ങാട്ട് വടക്കന്‍ മറിയത്തിന്റെ ഓടുമേഞ്ഞ വീടിന്റെ മീതേക്ക് തെങ്ങ് മറിഞ്ഞുവീണു. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. തിരുവില്വാമല വടക്കേത്തറ കിള്ളിനിയില്‍ ശിവദാസിന്റെ വീടിന്റെ ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. വീടിന്റെ ഒരുഭാഗം തകര്‍ന്നു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

പാണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് ചെമ്പൂത്രയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും 2500 നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു. ഈ ഓണക്കാലം മുന്നില്‍കണ്ടു കൃഷിയിറക്കിയ വാഴകളാണ് നശിച്ചത്. ഏറെയും കുലവന്നവ. ഒരു കായക്കുലക്ക് 650 രൂപവരെ ആയി കച്ചവടം ഉറപ്പിച്ച സാഹചര്യത്തിലാണു തകര്‍ച്ച. കടംവാങ്ങിയും ആഭരണങ്ങള്‍ പണയംവച്ചുമാണു കൃഷിയിറക്കിയതെന്നു കൃഷിക്കാര്‍ പറഞ്ഞു. ഇരുപതോളം റബര്‍ മരങ്ങളും കടപുഴകി വീണു. കപ്പ, തെങ്ങ് എന്നിവയും കാറ്റില്‍ നശിച്ചു. ചെമ്പൂത്ര, താളിക്കോട് പ്രദേശവാസികളായ കിഴക്കൂടന്‍ വേലായുധന്‍, പെരുമ്പാലപറമ്പില്‍ ജയന്‍, ചെമ്പാലിപുറത്ത് വാസുദേവന്‍, പുതുശേരി സോഫിയ, വേലായുധന്‍ പെരുമ്പാലപറമ്പില്‍, രാജഗോപാലന്‍, തോട്ടുങ്കല്‍ സരസ്വതി, നീലങ്കാവില്‍ ബിജു, ജോയി നീലങ്കാവില്‍, വേലായുധന്‍ കൂര്‍ച്ചരവീട്ടില്‍, രായിരത്ത് ഗിരിജന്‍, ശശി തൃപ്പുണത്ത്, സരോജനി പെരുമ്പാലപറമ്പില്‍ എന്നിവരുടെ വാഴകളാണു നശിച്ചത്. വാര്‍ഡ് മെമ്പര്‍ വിനീത, രാഷ്ട്രീയ പ്രവര്‍ത്തക സന്ധ്യ എന്നിവര്‍ സ്ഥലത്തെത്തി.

തലപ്പിള്ളി താലൂക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 84 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജലസേചന വകുപ്പ് കാര്യാലയത്തിലെ സമുച്ചയത്തില്‍ സ്ഥാപിച്ചിരുന്ന മഴമാപിനിയില്‍ രേഖപ്പെടുത്തിയതാണിത്. തഹസില്‍ദാരുടെ കാര്യാലയത്തില്‍ നിന്നാണ് ദിവസേന മഴമാപിനിയില്‍നിന്നുള്ള അളവ് രേഖപ്പെടുത്തിവരുന്നത്.

വൈദ്യുതി ബന്ധം നിലച്ചു

വൈദ്യുതി ബന്ധം നിലച്ചു

ശക്തമായ കാറ്റില്‍ കൊരട്ടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. മരക്കൊമ്പുകള്‍ വീണു വൈദ്യുതി കമ്പികള്‍ പൊട്ടി. പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. മണലിപ്പുഴയും കുറുമാലി പുഴയും നിറഞ്ഞൊഴുകി. പുഴയോരത്തുള്ള ഭൂരിഭാഗം കൃഷിയിടങ്ങളിലും വെള്ളം കയറി. പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം മരങ്ങള്‍ വീണ് ഇരിങ്ങാലക്കുട റോഡില്‍ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. നന്തിപുലം കാട്ടിലപീടിക ഷൈജന്റെ വീടിനു മുകളില്‍ തെങ്ങു വീണു വീടു പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപകമായി റബര്‍ മരങ്ങള്‍ നശിച്ചു. പത്തുകുളങ്ങര വില്ലത്ത് വീട്ടില്‍ സെയ്തലവി, വില്ലത്ത് ഇബ്രാഹിം, വലിയ വളപ്പില്‍ പോക്കര്‍ എന്നിവരുടെ പറമ്പുകളിലെ അമ്പതോളം വലിയ റബര്‍ മരങ്ങളാണ് കാറ്റില്‍ നിലംപൊത്തിയത്. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയില്‍ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു. താഴത്തുവീട്ടില്‍ ശശികുമാറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. സംഭവത്തില്‍ വീടിന്റെ ട്രെസ് ഭാഗികമായി തകര്‍ന്നു.

അത്താണിയില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി പരക്കെ നാശം. അത്താണി-മെഡിക്കല്‍ കോളജ് റൂട്ടില്‍ എട്ട് മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. അത്താണി, മെഡിക്കല്‍ കോളജ്, പെരിങ്ങണ്ടൂര്‍, അമ്പലപുരം, വെളപ്പായ, പുതുരുത്തി എന്നിവിടങ്ങളിലാണു മരങ്ങള്‍ റോഡിലേക്കു വീണത്. മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തിയതിനാല്‍ മേഖലയില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു. മെഡിക്കല്‍ കോളജിലേക്കുള്ള ആംബലുന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെളപ്പായ വഴി തിരിച്ച് വിടുകയായിരുന്നു. തൃശൂര്‍, വടക്കാഞ്ചരി എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പുതുരുത്തി മേഖലയില്‍ മരങ്ങള്‍ വീണു വീടുകള്‍ തകര്‍ന്നു

പുതുരുത്തി മേഖലയില്‍ മരങ്ങള്‍ വീണു വീടുകള്‍ തകര്‍ന്നു

പുതുരുത്തി മേഖലയില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുലികുന്നത്തുമൂല പൊടിമറ്റത്തില്‍ ജോസഫ്, മടിച്ചിമ്പാറ രാധാകൃഷ്ണന്‍, കണ്ണന്നൂര്‍ തെക്കേടത്ത് മന ചിത്രഭാനു എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പുതുരുത്തി യു.പി. സ്‌കൂള്‍ വളപ്പിലെ മരം വീണു പുതുരുത്തി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തിച്ചൂര്‍ വില്ലേജില്‍ തളിപാറപ്പുറം കാത്തോട്ടില്‍ മറിയയുടെ വീടിനു മുകളിലേക്കു മരം വീണ് വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു. പോര്‍ക്കുളം മങ്ങാട് ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മങ്ങാട് കൊത്തുള്ളി വീട്ടില്‍ പള്ളി മകന്‍ കൃഷ്ണന്റെ വീടിനു മുകളിലേക്കാണ് വീടിന് പുറകിലുണ്ടായിരുന്ന ഈട്ടിയും പ്ലാവും കടപുഴകി വീണത്. മേല്‍ക്കൂരയ്ക്കും വീടിന് പുറകിലും ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏനമാവില്‍ മരം വീണ് വീട് തകര്‍ന്നു. കോഞ്ചിറ വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന വടക്കൂട്ട് ഉണ്ണിക്കൃഷ്ണന്റെ വീടിനുമുകളിലേക്കാണ് മരം വീണത്. വീടും സമീപത്തുള്ള ശുചിമുറിയും തകര്‍ന്ന നിലയിലാണ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉണ്ണിക്കൃഷ്ണനും ഭാര്യ കനകയ്ക്കും ഓട് വീണ് പരുക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെങ്കിടങ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ തകര്‍ന്ന വീട്ടില്‍ സന്ദര്‍ശനം നടത്തി.

മണലൂരില്‍ വ്യാപക നാശം

മണലൂരില്‍ വ്യാപക നാശം

മഴയിലും കാറ്റിലും മണലൂരില്‍ വ്യാപക നാശം. മണലൂര്‍ പഞ്ചായത്തിലെ 4, 5, 12 വാര്‍ഡുകള്‍ വെള്ളത്തില്‍. വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. ആറാം വാര്‍ഡില്‍ ശ്രീശങ്കര അമ്പലക്കാട് റോഡില്‍ നരിമുക്ക് പരിസരത്തു മരം വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. മാമ്പുള്ളി ജയകുമാറിന്റെ മുറ്റത്തെ മാവും തെങ്ങും കടപുഴി വീണു. ആളപായം ഇല്ല. നിര്‍ത്തിയിട ഓട്ടോറിക്ഷയുടെ മുകളിലേക്കു വൈദ്യുതി പോസ്റ്റ് വീണ്. റോഡിലും വൈദ്യുതി കമ്പി കളും പൊട്ടിവീണു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഇടപെട്ടതിനാല്‍ ദുരന്തങ്ങള്‍ ഒഴിവായി.

അന്തിക്കാട് ഹനുമാന്‍ ക്ഷേത്രത്തിനു മുകളിലേക്കും മരച്ചില്ലകള്‍ ഒടിഞ്ഞു വീണു. നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, വൈസ് പ്രസിഡന്റ് എം.കെ. സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ജനപ്രതിനിധികളായ സിന്ദു ശിവദാസ്, ജനാര്‍ദനന്‍ മണ്ണുമല്‍, പഞ്ചായത്ത് സെക്രട്ടറി തമ്പി, വില്ലേജ് ഓഫീസര്‍ രമാദേവി, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറി. വാണി വിലാസം, തണ്ണീര്‍ കായല്‍ പരിസരത്തും മുല്ലശേരി പഞ്ചായത്തിലെ 13, 14 വാര്‍ഡുകളില്‍ ഇരുപതോളം വീടുകള്‍ വെള്ളക്കെട്ടില്‍. പറമ്പന്‍തളിപുതുക്കാട് പള്ളി റോഡില്‍ മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു.

500 വീടുകള്‍ വെള്ളത്തില്‍

500 വീടുകള്‍ വെള്ളത്തില്‍

കനത്ത മഴയില്‍ മരങ്ങള്‍ വീണു വീടുകള്‍ തകര്‍ന്നു. റോഡുകളും പറമ്പുകളും വെള്ളക്കെട്ടില്‍. വ്യാപക കൃഷിനാശം. തളിക്കുളം തമ്പാന്‍ കടവില്‍ മയൂര്‍ പ്രസന്നന്റെ വീട് തെങ്ങുവീണു തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 4.45 ന് സമീപത്തെ മുറിയില്‍ ഉറക്കത്തിനിടെ ശബ്ദം കേട്ടാണ് ഉണര്‍ന്നപ്പോഴാണു തെങ്ങുവീണതറിഞ്ഞത്. ഏങ്ങണ്ടിയൂര്‍ അഞ്ചാം കല്ല് കിഴക്ക് പഴേടത്ത് വേണുഗോപാലിന്റെ വീടിന്റെ ഒരു ഭാഗം തെങ്ങു വീണ് തകര്‍ന്നു. ഏങ്ങണ്ടിയൂരില്‍ ഏത്തായ് പൊക്കുളങ്ങര മേഖലയിലെ അഞ്ഞൂറോളം വീടുകള്‍ വെള്ളക്കെട്ടില്‍.

ദുരിതാശ്വാസ ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പ്

മഴക്കെടുതിയും കടലാക്രമണവും തുടരുന്ന സാഹചര്യത്തില്‍ ഏങ്ങണ്ടിയൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലാണു ക്യാമ്പ്. എട്ടു കുടുംബങ്ങള്‍ ക്യാമ്പിലെത്തി. മണലൂര്‍ പഞ്ചായത്തിലെ അമ്പതോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍. മൂന്ന്, നാല്, അഞ്ച്, ആറ്, 12, 13 വാര്‍ഡുകളിലെ വീടുകളിലാണു വെള്ളം കയറിയത്. മണലൂര്‍ സെന്റ് ഇഗ്‌നേഷ്യസ് എല്‍.പി. സ്‌കൂള്‍, കാഞ്ഞാണി സെന്റ് തോമസ് എല്‍.പി. സ്‌കൂള്‍, കാഞ്ഞാണി സെന്റ് തോമസ് പാരിഷ് ഹാള്‍ എന്നിവടങ്ങളിലാണു ക്യാമ്പുകള്‍. ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെ ലഭ്യമാക്കാന്‍ റവന്യു അധികൃതര്‍ നടപടി തുടങ്ങി.

Thrissur

English summary
heavy rain and storm-damage in thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more