തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് ഒരു മരണം, രണ്ട് വീടുകള്‍ തകര്‍ന്നു, പഞ്ചായത്തോഫീസിനു മുന്നില്‍ ആത്മഹത്യാ ശ്രമം, ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46.51 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. മാള കരിങ്ങോള്‍ച്ചിറ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മുകുന്ദപുരം താലൂക്കില്‍ പുത്തന്‍ചിറ വില്ലേജില്‍ തോര്‍ക്കയില്‍ വീട്ടില്‍ വിഷ്ണു (19) ആണ് കഴിഞ്ഞദിവസം മരിച്ചത്. മാല്യങ്കര എസ്എന്‍എം കോളേജ് വിദ്യാര്‍ഥിയാണ്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് കാണാതായി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെത്തിയത്.

<strong>റേഷൻ വിതരണത്തിൽ വൻ ക്രമക്കേട്; മഞ്ചേരി ഏറനാട് താലൂക്കിലെ രണ്ട് പൊതുവിതരണ കേന്ദ്രങ്ങൾ പൂട്ടിച്ചു!</strong>റേഷൻ വിതരണത്തിൽ വൻ ക്രമക്കേട്; മഞ്ചേരി ഏറനാട് താലൂക്കിലെ രണ്ട് പൊതുവിതരണ കേന്ദ്രങ്ങൾ പൂട്ടിച്ചു!

കനത്ത മഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. തൃശൂര്‍ താലൂക്ക് കൊഴുക്കുള്ളി കുന്നത്ത് രവീന്ദ്രന്റെ ഓടുമേഞ്ഞ വീട് മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ചാവക്കാട് തൈക്കാട് പാലുവായില്‍ ദേശത്ത് രായം മരക്കാര്‍ വീട്ടില്‍ അബ്ദുള്‍ നൗഷാദിന്റെ വീട് ഭാഗികമായി തകര്‍ന്നു. ആകെ 2,25,000 രൂപയുടെ നാശനഷ്ടമാണ് രണ്ടു വീടുകള്‍ക്കുമായി കണക്കാക്കിയത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കെ.എസ്.ഇ.ബിക്ക് 96450 രൂപയുടെ നഷ്ടവും കണക്കാക്കി.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുള്ള കണക്കുപ്രകാരം ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 46.51 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. പുതുതായി ആരംഭിച്ച രണ്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെ ആകെ എഴ് ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 26 കുടുംബങ്ങളിലായി 90 അംഗങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാലവര്‍ഷം ശക്തമായത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. പെരിങ്ങാവില്‍ റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മരം കടപുഴകിവീണു. ആളപായമില്ല. കാറിനും ലോറിക്കും മുകളിലാണ് മരം വീണത്. തീരമേഖലയില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനാറു പേരാണ് കഴിയുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അഴീക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരും ചാവക്കാട് താലൂക്കില്‍ വാടാനപ്പള്ളി ഗവ. യു.പി. സ്‌കൂളില്‍ നാല് കുടുംബങ്ങളിലായി 13 പേരുമാണ് കഴിയുന്നത്. കാലവര്‍ഷക്കെടുതിയില്‍ രണ്ടുവീടുകള്‍ കൂടി തകര്‍ന്നു. കൊഴുക്കുള്ളിയിലും പാലുവയിലുമാണ് വീടുകള്‍ തകര്‍ന്നത്.

തീരദേശ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചു. കനത്തമഴയെത്തുടര്‍ന്ന് കുറ്റൂരില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പീച്ചി ഡാമിലെ ജലവിതാനം 69.62 മീറ്ററിലെത്തി. 79 മീറ്ററാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 സെന്റിമീറ്റര്‍ ജലമാണ് ഉയര്‍ന്നത്.

കുറ്റൂര്‍, ചാവക്കാട്, കൊട്ടേക്കാട്, അമലനഗര്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറിയതുമൂലം കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുതുടങ്ങി. കുറ്റൂര്‍-അമലനഗര്‍ റോഡില്‍ക്കൂടിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. രാവിലെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പുഴയ്ക്കല്‍ മുതുവറവഴിയുള്ള വാഹനങ്ങള്‍ കുറ്റൂരുവഴിയാണ് തിരിച്ചു വിട്ടത്. എന്നാല്‍ റോഡ് നിറഞ്ഞ് പോകുന്ന വെള്ളത്തില്‍ റോഡിന്റെ ദിശ അറിയാതെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

ബണ്ട് റോഡിന്റെ പട്ടികയില്‍പ്പെടുന്ന ഈ റോഡില്‍ക്കൂടിയുള്ള യാത്ര അപകടം വരുത്തിത്തീര്‍ക്കുമെന്നുകണ്ട് വാഹനങ്ങള്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തി വേറേ വഴി പോവുകയായിരുന്നു. വാഹനങ്ങളുടെ തടസംമൂലം കുറ്റൂര്‍, കൊട്ടേക്കാട്, മുണ്ടൂര്‍ വഴിയുള്ള യാത്ര ദുരിതപൂര്‍ണമായിരുന്നു. കുറ്റൂര്‍, ചാമക്കാട് മേഖലയിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും വീട്ടുസാധനങ്ങള്‍ വീടിന്റെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റി. ഓടിട്ട വീട്ടുകാര്‍ അവരുടെ വീട്ടുസാമഗ്രികള്‍ അയല്‍വാസികളുടെ ടെറസുകളിലേക്ക് മാറ്റി. റോഡുകള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസഥയാണ്. പാടം നികത്തി ധാരാളം വീടുകള്‍ കുറ്റൂര്‍ -പുഴയ്ക്കല്‍ ഭാഗത്ത് ഉയര്‍ന്നതാണ് വെള്ളക്കെട്ട് പെട്ടെന്നു വര്‍ധിക്കാന്‍ കാരണം.

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്ന മുനക്കക്കടവ് സെന്റര്‍ മദ്രസക്കടുത്ത് ജിയോ ബാഗുകള്‍ കൊണ്ടു സുരക്ഷയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. 200 മീറ്റര്‍ ദൂരത്തിലായിരിക്കും സുരക്ഷാ ഭിത്തി നിര്‍മിക്കുക. കൂടാതെ കടലില്‍നിന്നു കയറുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് റോഡിനു കുറുകെ കല്‍വര്‍ട്ടോടുകൂടിയ കാന നിര്‍മിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ പറഞ്ഞു.

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീര്‍, മെമ്പര്‍മാരായ പി.എ. അഷ്‌കര്‍അലി, വി.എം. മനാഫ്, പി.വി. ഉമ്മര്‍ കുഞ്ഞി, മുനക്കക്കടവ് ഹാര്‍ബര്‍ ലേബര്‍ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എ. സിദ്ദി, മുസ്ലിം ലീഗ് നേതാക്കളായ ആര്‍.കെ. ഇസ്മായില്‍, എം.ബി. ഷാഹുല്‍ ഹമീദ്, പി.എസ്. അബൂബക്കര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

വീടുകള്‍ വെള്ളക്കെട്ടില്‍; പഞ്ചായത്തോഫീസിനു മുന്നില്‍ ആത്മഹത്യാ ശ്രമം

വീടുകള്‍ വെള്ളക്കെട്ടില്‍; പഞ്ചായത്തോഫീസിനു മുന്നില്‍ ആത്മഹത്യാ ശ്രമം

മൂന്നുദിവസം തുടര്‍ച്ചയായി തുടരുന്ന മഴയില്‍ നാട്ടികയില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. വെള്ളം ഒഴുക്കിക്കളയാന്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഗൃഹനാഥന്‍ പഞ്ചായത്തോഫീസിനുമുന്നില്‍ വച്ച് ശരീരത്തില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. നാട്ടിക പടിഞ്ഞാറ് താമസിച്ചുവരുന്ന സദാശിവന്‍ എന്നയാള്‍ ഇന്നലെ രാവിലെയാണ് പെട്രോളുമായി വന്ന് പഞ്ചായത്തധികാരികളോട് പ്രതിഷേധിച്ചത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അധികൃതര്‍ പെട്രോള്‍ നിറച്ച കുപ്പി പിടിച്ചുവാങ്ങി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറയുകയായിരുന്നു.

ജലസംഭരണികളില്‍ വെള്ളമുയര്‍ന്നു

ജലസംഭരണികളില്‍ വെള്ളമുയര്‍ന്നു

ശക്തമായ മഴയില്‍ ജലസംഭരണികളില്‍ വെള്ളത്തിന്റെ നിരപ്പുയര്‍ന്നു. പീച്ചി ഡാമില്‍ ജലവിതാനം 66.62 മീറ്ററിലെത്തി. 79 മീറ്ററാണ് പരമാവധി ജലനിരപ്പ്. 24 മണിക്കൂറിനകം 48 സെന്റീമീറ്റര്‍ ജലം പീച്ചിയില്‍ ഉയര്‍ന്നു. സംഭരണശേഷിയുടെ 19.64 ശതമാനം വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത്. മഴ തുടരുന്നതിനാല്‍ നീരൊഴുക്കുണ്ട്. ചിമ്മിനി ഡാമില്‍ 56.24 മീറ്ററാണ് ജലനിരപ്പ്. 24.07 ശതമാനമാണ് സ്‌്േറ്റാറേജ്. ഞായറാഴ്ച്ച 55.56 മീറ്ററായിരുന്നു ജലവിതാനം.

വാഴാനി ഡാമില്‍ 49.97 മീറ്ററാണു തിങ്കളാഴ്ച്ചയിലെ ജലവിതാനം.സംഭരണശേഷിയുടെ 23.65 ശതമാനം. ഞായറാഴ്ച്ച 49.4 മീറ്ററായിരുന്നു ജലനിരപ്പ്. പെരിങ്ങല്‍കൂത്ത് ഡാമില്‍ 420.1 മീറ്ററാണു ജലവിതാനം. നീരൊഴുക്ക് ശക്തമായതോടെ ഡാം തുറന്നിരിക്കുകയാണ്. ഷോളയാര്‍ ഡാമില്‍ 2602.6 അടിയാണ് തിങ്കളാഴ്ച്ചയിലെ ജലവിതാനം. സംഭരണശേഷിയുടെ 24.53 ശതമാനമാണ് സ്റ്റോറേജ്. ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് ശനിയാഴ്ച മുതല്‍ ജലം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിടുന്നുണ്ട്.

'മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്'

'മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്'

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് നല്‍കി. താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് നിര്‍ദേശിച്ചു: 23 വരെ പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, കര്‍ണാടക, തെക്കന്‍ തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങള്‍.

23 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ അറബിക്കടല്‍. 24 മുതല്‍ 26 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍.

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

23ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Thrissur
English summary
Heavy rain in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X