തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ അന്തര്‍സംസ്ഥാന സംഘം പിടിയില്‍; പലരില്‍നിന്നായി രണ്ടരക്കോടിയിലേറെ തട്ടിയെടുത്തു, പിടിയിലായവരില്‍ തട്ടിപ്പു സംഘത്തലവനും, സംഘത്തലവന്‍ വിവിധ ജില്ലകളിലും കേരളത്തിനു പുറത്തും നിരവധി തട്ടിപ്പു കേസിലെ പ്രതികൾ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാനഡയിലേക്ക് വിവിധ മേഖലകളില്‍ ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍നിന്ന് പതിനഞ്ചും ഇരുപതും ലക്ഷം രൂപവീതം വാങ്ങി തട്ടിപ്പു നടത്തിയ സംഘത്തിലെ രണ്ടുപേരെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയും പ്രത്യേകാന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടി.

<strong>ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കേസിലെ ഒന്നാം പ്രതി കോടതിൽ കീഴടങ്ങി!</strong>ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കേസിലെ ഒന്നാം പ്രതി കോടതിൽ കീഴടങ്ങി!

പടിഞ്ഞാറെ ചാലക്കുടി തിരുത്തിപ്പറമ്പ് എലപ്പുള്ളി വീട്ടില്‍ ജോസിന്റെ മകന്‍ ജോമോന്‍ (30) കൊല്ലം ജില്ലയിലെ പത്തനാപുരം കുണ്ടയം സ്വദേശി കാരമൂട്ടില്‍ വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ സുധീര്‍ (47) എന്നിവരാണ് ചെന്നൈ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഒളിസങ്കേതങ്ങളില്‍ നിന്ന് പിടിയിലായത്.

Jomon and Sudheer

ഏഴുമാസം മുമ്പ് കൊടകര സ്വദേശി ലി റോയിയെ കാനഡയിലേക്ക് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളം കലൂരിലെ ജോമോന്റെ സ്ഥാപനത്തിന്റെ പേരില്‍ പതിനഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് യാതൊരുവിധ വിവരവുമില്ലാതായതോടെയാണ് ലിറോയി കൊടകര സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

കൊടകര സ്‌റ്റേഷനില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ജോമോന്‍ മുങ്ങിയിരിക്കയാണെന്നും നിരവധി പേരില്‍നിന്ന് ഇതേമാതിരി പതിനഞ്ചും ഇരുപതും ലക്ഷംവീതം വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയത്.ഇതേത്തുടര്‍ന്ന് ഡിവൈ.എസ്.പി. പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് തുടരന്വേഷണം നടത്തിവരവേ ജോമോന്‍ ഹൈദരാബാദിലുള്ളതായി മനസിലാക്കി.

അവിടെ മലക്‌പേട്ട് യശോധ ഹോസ്പിറ്റലിനു സമീപം ലോഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത് എന്ന് കണ്ടെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം വന്നതറിത്ത് തന്ത്രപൂര്‍വം ബാംഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു. ബാംഗ്ലൂരിലെത്തിയ ജോമോന്‍ മൊബൈല്‍ ഫോണ്‍ റെയില്‍വേസ്‌റ്റേഷനു സമീപത്തെ കടയില്‍ വിറ്റ് സിംകാര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് കുറച്ചു നാള്‍ അവിടുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്.

ബാംഗ്ലൂരില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ നടപടികള്‍ ശക്തമായതോടെ അവിടെ തുടരാന്‍ സാധിക്കാതായതോടെ ചെന്നൈയിലെത്തി സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളെന്ന വ്യാജേന വിരുക്കംപാക്കത്ത് ഹോട്ടലില്‍ മുറിയെടുത്ത് മൂന്നര മാസത്തോളമായി താമസിച്ചു വരികയായിരുന്നു. ജോമോന്‍ ചെന്നൈയിലുണ്ടെന്ന് മനസിലാക്കിയ പ്രത്യേകാന്വേഷണ സംഘം ചെന്നൈയിലെത്തി മൂന്നുദിവസത്തോളം ജോമോന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളുമടച്ച് പിടികൂടുകയായിരുന്നു.

ജോമോനില്‍നിന്നു കിട്ടിയ വിവരമനുസരിച്ച് ഒരുകോടി എട്ടുലക്ഷം രൂപയോളം പത്തനാപുരത്തെ സുധീറിന് നല്‍കിയതായി കണ്ടെത്തി. കൂടാതെ തിരുവനന്തപുരം സ്വദേശിയുമായി ചേര്‍ന്നും തഞ്ചാവൂര്‍ സ്വദേശിയുമായി ചേര്‍ന്നും സമാനമായ രീതിയില്‍ കോടികളുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തി. സുധീറിനെ തേടി പത്തനാപുരത്തെത്തിയപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയ ഇയാള്‍ അവിടെനിന്നു മുങ്ങിയതായും കലഞ്ഞൂര്‍ എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുന്നതായും കണ്ടെത്തി.

തുടര്‍ന്ന് ഒളിസങ്കേതം വളഞ്ഞ അന്വേഷണ സംഘം കെട്ടിടം മുഴുവന്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയില്ല. കെട്ടിടത്തിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലൊന്നിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അന്വേഷണസംഘം പരിശോധിച്ചപ്പോള്‍ സുധീര്‍ അതിനുള്ളില്‍ ആയിരുന്നുവെന്നും രക്ഷപ്പെട്ടെന്നും മനസിലായി. തുടര്‍ന്ന് താരതമ്യേന വിജനമായ പരിസരം അരിച്ചുപെറുക്കി പരിശോധിച്ചപ്പോള്‍ മതിലിനോട് ചേര്‍ന്ന് പതുങ്ങിയിരിക്കയായിരുന്ന ഇയാളെ കൂടല്‍ സ്‌റ്റേഷനിലെ എസ്.ഐ. പ്രജീഷ്, സി.പി.ഒ. ഷെമീര്‍ എന്നിവരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

കാറുകള്‍ വിശദമായി പരിശോധിച്ച പോലീസ് സംഘത്തിന് ഒരാള്‍ക്ക് രണ്ടുദിവസം കഴിയാന്‍ വേണ്ടുന്നവയെല്ലാം കാറില്‍ ഉണ്ടെന്നു കണ്ടെത്തി. കൂടാതെ പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് അഭിനയചാരുതിയുള്ള പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസുകളുടെ മാതൃകകളും നിരവധി രേഖകളും കണ്ടെടുത്തു. വിശദമായ ചോദ്യംചെയ്യലില്‍ ഇവരുടെ സംഘംചേര്‍ന്നുള്ള തട്ടിപ്പിന്റെ സൂത്രധാരന്‍ സുധീറാണെന്നും ജോമോന്‍ സുധീറിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ടു പോയതാണെന്നും വെളിവായി.

തട്ടിപ്പിലൂടെ കിട്ടുന്ന പണമത്രയും ആര്‍ഭാടമായ ജീവിതത്തിനുവേണ്ടി സുധീര്‍ ചെലവഴിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും കൊടകരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2011 ല്‍ പത്തനാപുരത്ത് ഓവര്‍സീസ് മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലൈസന്‍സ് ഇല്ലാതെ സുധീറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം എസ് .ജെ. ഓവര്‍സീസ് എന്ന സ്ഥാപനം നടത്തി ലിബിയയിലേക്ക് നഴ്‌സിങ് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് 100 ല്‍ പരം ഉദ്യോഗാര്‍ഥികളില്‍നിന്നായി 44 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയശേഷം വിസയോ പണമോ തിരികെ നല്‍കാത്തതിന് സുധീറിനെതിരേ കേസ് നിലവിലുണ്ട്.

പ്രത്യേകാന്വേഷണ സംഘത്തില്‍ കൊടകര സി.ഐ. സുമേഷ് കെ. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, റെജി എ.യു., ഷിജോ തോമസ്, ബിനു എം.ജെ, കൊടകര സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തട്ടിപ്പിനിരയായവരെ കണ്ടെത്തുവാന്‍ വിശദമായ അന്വേഷണത്തിലാണ് പ്രത്യേകാന്വേഷണ സംഘം. ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ പരാതികളും അറസ്റ്റുകളുമുണ്ടാകാമെന്നുമാണ് പോലീസ് കരുതുന്നത്.

Thrissur
English summary
International gang arrested for cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X