ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്നത് വ്യാജ വാർത്ത: അഴിച്ച് മാറ്റിയതെന്ന് മന്ത്രി റിയാസ്
തൃശൂർ: തൃശൂർ ചാവക്കാട് ബീച്ചില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വാർത്ത വ്യാജമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും എന്‍ അക്ബർ എം എല്‍ എയും വ്യക്തമാക്കി. കടലേറ്റമുണ്ടാകുന്ന സമയത്ത് അപകടം ഒഴിവാക്കാൻ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടഞ്ഞ് ബ്രിഡ്ജിലെ ഘടകങ്ങൾ അഴിച്ചുമാറ്റുകയായിരുന്നു. ഇത് കണ്ട, ചിലർ പാലം തകർന്നതായി പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് പ്രമുഖ മാധ്യമങ്ങള്‍ വാർത്തയാക്കിയതെന്നും അദ്ദേഹം പറയുന്നു.
'ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതായി തെറ്റായ വാർത്ത ശ്രദ്ധയിൽ പെട്ടു. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്.

തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്,' മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി പിളർന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ തള്ളിക്കളയണമെന്ന് എം എല്‍ എയും ആവശ്യപ്പെട്ടു. ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും, യഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ് എന്നും എൻ കെ അക്ബർ എംഎൽഎ പറഞ്ഞു.
സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശപ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു.
രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകൾ ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയും ചെയ്തു.
ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു.ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റുക.
ഇതറിയാതെ തെറ്റിദ്ധാരണ കൊണ്ട്മാത്രമാണ് കണ്ട് നിന്നവരും, മാധ്യമങ്ങളും പാലം പിളർന്നു എന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്.
ഫ്ലോട്ടിങ് ബ്രിഡ്ജ് സെന്റർ പിന്നുകളാൽ ബന്ധിച്ചാണ് കടലിൽ ഇട്ടിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റർ പിന്നുകൾ അഴിച്ചു ഫ്ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും.
NIWS (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് of വാട്ടർ സ്‌പോർട് ) എന്ന സ്ഥാപനത്തിൽ നിന്നും ട്രെയിനിങ് ലഭിച്ച 11 സ്റ്റാഫുകളുടെ പൂർണമായ നിയന്ത്രണത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്. കൂടാതെ റെസ്ക്യൂ ബോട്ട്, ലൈഫ് ജാക്കറ്റ്, എമർജൻസി ആംബുലൻസ് എന്നിവയുമുണ്ട്.
നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ സുരക്ഷിതമായി കയറ്റിവെച്ചിട്ടുണ്ട്. ആർക്കുവേണമെങ്കിലും നേരിട്ട് നിരീക്ഷിക്കാവുന്നതാണ്.കാലവർഷം ശക്തിപ്പെടുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല. ഇത്തരം വസ്തുതകൾ എല്ലാം നിലനിൽക്കേ ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ പൂർണമായി തള്ളിക്കളയണമെന്നും എം എൽ എ പറഞ്ഞു
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിർദേശം പിൻവലിക്കുന്ന മുറയ്ക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications