തൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽ
തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 ല്‍ 12 സീറ്റും എല്‍ഡിഎഫ് വിജയിച്ച ജില്ലയാണ് തൃശൂര്‍. നഷ്ടപ്പെട്ട ഏക മണ്ഡലത്തില്‍ എതിരാളിയ്ക്ക് ലഭിച്ച ഭൂരിപക്ഷം വെറും 43 വോട്ടായിരുന്നു.
ഇത്തവണ എല്‍ഡിഎഫിനെ തിരിച്ചടിക്കണം എന്ന് യുഡിഎഫ് ആഗ്രഹിക്കുന്ന ജില്ല കൂടിയാണ് തൃശൂര്‍. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ബിജെപിയും വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ ഇത്തവണയും 13 ല്‍ 12 സീറ്റുകളും നേടുമെന്നാണ് സിപിഎം വിലയിരുത്തല്‍. ചെറിയ മാറ്റം ഉണ്ടാകുമെന്ന് മാത്രം. പരിശോധിക്കാം...
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

മണ്ഡലങ്ങള്‍
ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, കൈപ്പമംഗലം, ഇരിഞ്ഞാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയാണ് തൃശൂര്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ വടക്കാഞ്ചേരി ഒഴികെ എല്ലാ മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു.

കൈവിട്ടുപോയ വടക്കാഞ്ചേരി
2016 ല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിവാദങ്ങളായിരുന്നു വടക്കാഞ്ചേരിയെ ആദ്യം ശ്രദ്ധാകേന്ദ്രമാക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്ന് സിപിഎം അവകാശപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 43 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഇവിടെ വിജയിക്കുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ജില്ലയിലെ 12 മണ്ഡലങ്ങളിലെ വിജയങ്ങളുടെ ശോഭ കെടുത്തുന്ന പരാജയം ആയിരുന്നു അത്.

തിരിച്ചുപിടിക്കും
സംസ്ഥാന സര്‍ക്കാരിനെതിരെ ഒരുപാട് ആക്ഷേപങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ പ്രാധാന്യം നേടിയ ആളാണ് അനില്‍ അക്കര. ഇത്തവണ ജനകീയനായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി തിരിച്ചുപിടിക്കും എന്നാണ് ബൂത്ത് തല വോട്ട് കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

തദ്ദേശത്തിന്റെ ആവേശം
അനില്‍ അക്കര ഉയര്‍ത്തിക്കൊണ്ടുവന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എല്‍ഡിഎഫിനൊപ്പം നിന്നു. മണ്ഡലത്തിലെ മൊത്തം വോട്ട് കണക്കിലും എല്‍ഡിഎഫിന് ആയിരുന്നു ഭൂരിപക്ഷം.

തൃശൂര്‍ കൈവിടും
കോണ്‍ഗ്രസ് കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന തൃശൂര്‍ നിയമസഭാ മണ്ഡലം വിഎസ് സുനില്‍ കുമാറിലൂടെ ആയിരുന്നു എല്‍ഡിഎഫ് കഴിഞ്ഞ തവണ തിരിച്ചുപിടിച്ചത്. എന്നാല്‍ ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫിന് വലിയ വിജയപ്രതീക്ഷയില്ല. സിപിഐയുടെ സിറ്റിങ് സീറ്റില്‍ പി ബാലചന്ദ്രനാണ് സ്ഥാനാര്‍ത്ഥി.

മാനദണ്ഡം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐ മാനദണ്ഡ പ്രകാരം ഇത്തവണ വിഎസ് സുനില്‍ കുമാറിനെ മാറ്റി നിര്‍ത്തുകയായിരുന്നു. ഇത് തന്നെയാണ് ഇത്തവണത്തെ ആശങ്കയ്ക്ക് കാരണം എന്നും വിലയിരുത്തലുണ്ട്. പി ബാലചന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും സുനില്‍ കുമാറിനെ പോലെ വോട്ട് സമാഹരിക്കാന്‍ ആയിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ത്രികോണ മത്സരം
ഇത്തവണ തൃശൂര്‍ മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ ആണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജ്യസഭ എംപിയും സിനിമ താരവും ആയ സുരേഷ് ഗോപിയും. ശക്തമായ ത്രികോണ മത്സരം ആണ് എല്‍ഡിഎഫ് വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുന്ന മറ്റൊരു കാര്യം.

മാനദണ്ഡം ഇഫക്ട്
സിപിഎമ്മിന്റേയും സിപിഐയുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡ പ്രകാരം ഏറ്റവും അധികം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കാത്ത ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. വിഎസ് സുനില്‍ കുമാറിനെ കൂടാതെ, കെയു അരുണന്‍, ബിഡി ദേവസ്യ, കെഎന്‍ രവീന്ദ്രനാഥ് എന്നിവരാണ് മത്സരിക്കാതെ മാറി നില്‍ക്കുന്ന സിറ്റിങ് എംഎല്‍എമാര്‍. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടത് കേന്ദ്രങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications