• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബഡ്‌ജറ്റില്‍ മനം നിറഞ്ഞ്‌ കൈപ്പമംഗലം മണ്ഡലം; അഴീക്കോട്‌ മുനമ്പം പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

തൃശൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ 2021 വാര്‍ഷിക ബഡ്ജറ്റില്‍ കയ്പമംഗലം നിയോജക മണ്ഡലത്തിന് കൈ നിറയെ പദ്ധതികള്‍. ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായത് അഴീക്കോട്- മുനമ്പം പാലത്തിന്റെ നിര്‍മാണമാണ്. കിഫ്ബി പദ്ധതിയില്‍ ഈവര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന പാലങ്ങളില്‍ അഴീക്കോട് - മുനമ്പം പാലം ഉള്‍പ്പെടുത്തിയെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത് തൃശൂര്‍ - എറണാകുളം ജില്ലകളിലെ തീരദേശവാസികള്‍ക്ക് ആവേശം പകരുന്നതാണ്.

കിഫ്ബിയില്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതികളില്‍ തീരദേശ ഹൈവേ ഉള്‍പ്പെടുത്തിയതും കയ്പമംഗലത്തിന് വലിയ പ്രയോജനം ചെയ്യും. ഏഴ് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അഴീക്കോട് മുതല്‍ ചാമക്കാലവരെയുള്ള റോഡിന്റെ സാക്ഷാത്കാരം മണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. അഴീക്കോട്- മുനക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് ശ്രദ്ധേയമായതും വിപുലമായതുമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തുക മുഴുവന്‍ മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കും.

കടല്‍ക്ഷോഭത്തിന് വിധേയമാകുന്ന പ്രദേശങ്ങളില്‍ തകര്‍ന്ന കടല്‍ഭിത്തി പുനരുദ്ധരിക്കുന്നതിനും ജിയോ ബാഗ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരദേശ മണ്ഡലമായ കയ്പമംഗലത്തിന് ഇതും അര്‍ഹമായ പ്രയോജനം ചെയ്യും. 50 മീറ്റര്‍ കടലിനോട് ചേര്‍ന്ന് ദൂര പരിധിയില്‍ താമസിക്കുന്നതും 'പുനര്‍ഗേഹ'ത്തില്‍ ഉള്‍പ്പെടാത്തതുമായ മുഴുവന്‍ ആളുകള്‍ക്കും വീടും സ്ഥലവും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ കയര്‍ഭൂവസ്ത്രം വിരിച്ച വലിയതോട് പെരുംതോട് സംരക്ഷണത്തിനായി ഒന്നര കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്. മതിലകം അഗ്രോ സെന്ററിന്റെ സമഗ്ര വികസനത്തിനായി ആവശ്യമായ മുഴുവന്‍ തുകയും അനുവദിച്ചത് കാര്‍ഷിക രംഗത്ത് നിയോജകമണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. എടത്തിരുത്തി - കാട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലം നിര്‍മ്മാണത്തിന് 25 കോടി രൂപ വകയിരുത്തി. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ എടത്തിരുത്തിയുടെ തൊട്ടടുത്ത പട്ടണമായ ഇരിങ്ങാലക്കുടയിലേക്കുള്ള ദൂരം ഗണ്യമായി കുറഞ്ഞ് യാത്രാക്ലേശത്തിന് പരിഹാരമാകും.

നാട്ടുകാരനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന ബഹദൂറിന്റെ ബഹുമാനാര്‍ത്ഥം ബഹദൂര്‍ സ്മാരക സിനിമ തീയറ്റര്‍ അഴീക്കോട് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തീരപ്രദേശത്തെ കായിക മേഖലക്ക് പുത്തനുണര്‍വ് സൃഷ്ടിക്കുന്നതിന് കാര മൈതാനം സ്റ്റേഡിയമാക്കി മാറ്റുന്നതിന് ഒന്നര കോടി രൂപയും വകയിരിത്തിരിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കെട്ടിടം വിപുലീകരണത്തിനായി രണ്ട് കോടി രൂപ, തീരദേശ മേഖലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കയ്പമംഗലം വഞ്ചിപ്പുരയില്‍ മത്സ്യ സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് 3 കോടി രൂപ, എടവിലങ്ങ് പഞ്ചായത്തില്‍ ചുറ്റുമതിലോട് കൂടിയ ആധുനിക ക്രിമിറ്റോറിയത്തിന് ഒന്നര കോടി, മൂന്നുപീടിക - സുജിത്ത് റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിന് രണ്ട് കോടി രൂപ, തഴപ്പായ വ്യവസായത്തെ കൈ പിടിച്ചുയര്‍ത്തുന്നതിന് എടവിലങ്ങ് കൈതോല കൃഷി വ്യാപനത്തിനും ആധുനികവല്‍ക്കരണത്തിനുമായി 50 ലക്ഷം രൂപ, മതിലകം രജിസ്ട്രാര്‍ ഓഫീസ് അറ്റകുറ്റപണികള്‍ക്കായി ഒരു കോടി, മതിലകം ഗ്രാമപഞ്ചായത്ത് സ്റ്റോഡിയത്തിന് ഒരു കോടി രൂപ, എടത്തിരുത്തി ഐടിഐക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഒന്നര കോടി രൂപ, അഴീക്കോട് ഹാര്‍ബറില്‍ ആധുനിക രീതിയില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ, ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ കമ്പനിക്കടവ് ഫിഷ്‌ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി, മൂന്നുപീടികയില്‍ മത്സ്യ വിപണന മാര്‍ക്കറ്റും ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിട സമുച്ചയത്തിനുമായി ഏഴ് കോടി, കെ എസ് ചാത്തുണ്ണി മെമ്മോറിയല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയവും എക്‌സിബിഷന്‍ സെന്ററും സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ, എടത്തിരുത്തി മുരുകന്‍ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിനും കാന നിര്‍മ്മാണത്തിനായി രണ്ട് കോടി, ശ്രീനാരായണപുരം പതിയാശ്ശേരി പാലം - വാട്ടര്‍ ടാങ്ക് റോഡിന് മൂന്ന് കോടി രൂപ. എന്നിങ്ങനെ തീരദേശവാസികള്‍ക്കും പ്രവാസികള്‍ക്കും ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.

Thrissur

English summary
Kerala budget 2021; Thrissur kaypamangalam panchayath get more benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X