യുവാക്കള്‍ പാര്‍ട്ടിയുടെ കൂലിപ്പണിക്കാരല്ല; തൃശൂരിലെ പേയ്മെന്റ് സീറ്റുകള്‍ക്കെതിരെ കെഎസ്യു പ്രമേയം
തൃശൂര്‍: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ പേയ്മെന്റ് സീറ്റുകള്‍ക്കെതിരെ പ്രമേയവുമായി കെഎസ്യു ജില്ലാ കമ്മിറ്റി. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്നും മൂന്ന് തവണ മത്സരിപ്പിച്ചവരെ മാറ്റിനിര്‍ത്തി യുവാക്കള്‍ക്ക് പ്രാതിനിഥ്യം നല്കാന് നേതൃത്വം തയ്യാറാകണമെന്നും കെഎസ് യു ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് കെഎസ്യു ജില്ല കമ്മറ്റി പേയ്മെന്റ് സീറ്റുകല്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
സ്ഥാനാര്‍ത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്ന് ഓര്‍മ്മിപ്പിച്ച കമ്മറ്റി പാര്‍ട്ടി സീറ്റ് ആരുടെയും കുടുംബ സ്വത്തായി മാറ്റാന്‍ അനുവദിക്കരുതെന്നും ഈ കാര്യത്തില്‍ കെപിസിസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ തയ്യാറാകണമെന്നും വ്യക്തമാക്കി. മൂന്ന് പ്രാവശ്യം മത്സരിപ്പിച്ചവരെ മാറ്റിനിര്‍ത്തി യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിഥ്യം നല്കാന് നേതൃത്വം നല്കാന് കെഎസ്യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
അതേസമയം, യുവാക്കള്‍ പാര്‍ട്ടിയുടെ കൂലിപ്പണിക്കാരല്ല എന്ന് ചൂണ്ടിക്കാട്ടിയ കമ്മറ്റി യുവാക്കളെ പരിഗണിക്കാതെ സീറ്റ് നല്കുന്ന ഗ്രൂപ്പ് നേതൃത്വത്തോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുമെന്നും വ്യക്തമാക്കി. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃത്വം ഇടപെട്ട് അഭിപ്രായ ഭിന്നതകല് പരിഹരിക്കാനാണ് സാധ്യത.
അതേസമയം, കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതാണ് പട്ടിക. എ ഗ്രൂപ്പിന്റെ തര്‍ക്കത്തില്‍ രാജന് ജെ, ജോണ്‍ ഡാനിയല്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്യം പ്രഖ്യാപിച്ചിട്ടില്ല. ഐ ഗ്രൂപ്പില്‍ എ പ്രസാദ് മത്സരിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ്, ജനറല്‍ സെക്രട്ടറി പികെ രാജന്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒയു ജനീഷ്, എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ 26 പോളിംഗ് ബൂത്തുകള്‍ കൂടി നേരത്തെ രൂപീകരിച്ചിരുന്നു. വോട്ടര്‍മാരുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ പുതിയ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂര്‍ നഗരസഭയിലാണ്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി 1798 വാര്‍ഡുകളിലായി 3331 പോളിംഗ് ബൂത്തുകളാണുള്ളത്. 86 പഞ്ചായത്തുകളിലായി 1461 വാര്‍ഡുകള്‍ക്കായി 2821 ബൂത്തൂകളുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 211 ബൂത്തുകളാണുള്ളത്. ഇവിടേക്കാണ് പുതിയ ബൂത്തുകള്‍ കൂടി ചേര്‍ക്കപ്പെടുന്നത്.