തിരഞ്ഞെടുപ്പില്‍ കോവിഡ് ഭീതി പരത്തുന്ന വ്യാജവാര്‍ത്തകള്‍ വേണ്ട: തൃശൂര്‍ ജില്ലാ കളക്ടര്‍
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം നിശ്ചിത സമയത്തിന് ശേഷം കോവിഡ് പോസിറ്റീവായവര്‍ വോട്ടു ചെയ്യുവാന്‍ വന്നിട്ടുണ്ടെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് വോട്ടര്‍മാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം പല ജില്ലകളിലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ജില്ലയിലെ എല്ലാ വോട്ടര്‍മാര്‍ക്കും പൂര്‍ണ സുരക്ഷയോടെ സമ്മതിദാനം നിര്‍വഹിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ബൂത്തിലുള്ള എല്ലാ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്ക് അവസരം നല്‍കുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും പി പി ഇ കിറ്റ് ധരിച്ച് കോവിഡ് ബാധിച്ചവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കും. ഈ അവസരത്തില്‍ വോട്ടെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്ന രീതിയിലോ വോട്ടര്‍മാരെ പിന്തിരിപ്പിക്കുന്ന രീതിയിലോ സാമൂഹ്യ വിരുദ്ധര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇത്തവണ റെക്കോര്‍ഡ് പോളിംഗുമാണ് തിരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും നടന്നത്. കോവിഡിനെ ഭയപ്പെടാതെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും പോളിംഗ് ബൂത്തുകളിലെത്തുകയായിരുന്നു. എന്നാല്‍ ഇതിനെ തടഞ്ഞുനിര്‍ത്തുന്നതായി പല വ്യാജ വാര്‍ത്തകളും വരുന്നുണ്ട്. ബൂത്തില്‍ കോവിഡ് രോഗികളെത്തുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളായി തിരഞ്ഞെടുപ്പിനെ കുറിച്ചും ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.