തൃശൂര്‍ കോര്‍പ്പറേഷനില്‍ ലീഡ് പിടിച്ച് എല്‍ഡിഎഫ്; ഇടത് ക്യാമ്പിന് വന്‍ പ്രതീക്ഷ
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ലീഡ് പിടിച്ച് എല്‍ഡിഎഫ്. വോട്ട് എണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോര്‍പ്പറേഷനില്‍ ബിജെപി ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചടക്കുകയായിരുന്നു. മധ്യ കേരളത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയായിരുന്നു തൃശൂര്‍. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്.

കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയാണ് തൃശൂര്‍. ബിജെപിയുടെ സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 63.79 ശതമാനം പേര്‍ കോര്‍പറേഷനിലേക്ക് ഇത്തവണ വോട്ട് ചെയ്തു.
2015 ലേതിനേക്കാള്‍ നേട്ടമുണ്ടാക്കി 28 മുതല്‍ 33 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇടത് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
അതേസമയം, തൃശൂരില്‍ ഇത്തവണ വോട്ട് കച്ചവട ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന ആരോപണവുമായാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. തൃശൂര്‍ കോര്‍പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്നും തെളിവ് കയ്യിലുണ്ടെന്നുമായിരുന്നു ആരോപണം.












Click it and Unblock the Notifications