'മഴയാണ്, മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്'; കുട്ടികളെ വീണ്ടും ചേര്‍ത്ത് പിടിച്ച് കൃഷ്ണ തേജ
തൃശൂര്‍: ആലപ്പുഴ ജില്ലയില്‍ കളക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് വി ആര്‍ കൃഷ്ണ തേജ കുട്ടികളുടെ കളക്ടര്‍ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകള്‍ അകറ്റാന്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികള്‍ക്ക് കളക്ടര്‍ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങള്‍ക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റില്‍ എത്തിയത്.
ഇപ്പോള്‍ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍ തന്നെയാണ്. ഇപ്പോഴിതാ മഴക്കാലത്ത് കുട്ടികള്‍ കുഞ്ഞ് ഉപദേശവുമായി അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. നാളെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയാണെന്നും എന്നുവച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുതെന്ന് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എല്ലാ കുട്ടികളും അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.
അതേസമയം, കളക്ടര്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ഇതിനിടെ, തൃശൂര്‍ ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications