തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്മസ് എത്തി: പുല്‍ക്കൂടുകളും, ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ക്രിസ്മസ് ആഘോഷത്തിന് ദിവസങ്ങള്‍ ശേഷിക്കേ തെരുവോര പുല്‍ക്കൂട് നിര്‍മാണവും തകൃതിയായി. കണ്ടശാങ്കടവ് ജെട്ടിയുടെ തെരുവോരത്താണ് മുള കൊണ്ടുള്ള പുല്‍ക്കൂട് നിര്‍മാണം നടക്കുന്നത്. പൊള്ളാച്ചിയില്‍ നിന്നുള്ള നാഗവേല്‍, മേട്ടുപ്പാളയത്തില്‍ നിന്നുള്ള ശക്തിവേല്‍ എന്നിവരാണ് പുല്‍ക്കൂട് നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തിലുള്ള ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്മസ് സീസണില്‍ ഇവിടെ പുല്‍ക്കൂട് നിര്‍മിച്ച് വില്‍പ്പന നടത്തുന്നു.

ഇവര്‍ നിര്‍മിക്കുന്നത് പുര്‍ണമായും മുള കൊണ്ടുള്ള പുല്‍ക്കൂടുകളാണ്. 150 മുതല്‍ 2000 രൂപ വരെ വിലയുള്ള പുല്‍ക്കൂടുകളാണ് നിര്‍മിക്കുന്നത്. ഇതിനാവശ്യമായ മുള ജോയ്‌മോന്റെ വില്‍പ്പന കേന്ദ്രത്തില്‍നിന്നും വാങ്ങിയാണ് നിര്‍മിക്കുന്നത്. തൃശൂര്‍ -വാടാനപ്പള്ളി സംസ്ഥാന പാതയ്ക്കരികിലായതിനാല്‍ നൂറു കണക്കിന് പേരാണ് ഇവിടെ നിന്നും പൂല്‍ക്കൂട് വാങ്ങാന്‍ എത്തുന്നത്.

cribmaking-15

എല്ലാ വര്‍ഷവും ഇവര്‍ നിര്‍മിക്കുന്ന പുല്‍ക്കൂടുകള്‍ കടകളില്‍ എത്തിച്ച് വില്‍പ്പന നടത്തുകയും പതിവാണ്. എന്നാല്‍ ഇത്തവണ പ്രളയം കഴിഞ്ഞ കേരളത്തില്‍ ആഘോഷങ്ങളുടെ മാറ്റ് കുറച്ചതിനാല്‍ കടകളിലേക്ക് എത്തിച്ച് വില്‍പ്പന നടത്താനുള്ള ശ്രമം ഇവര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. വിറ്റഴിക്കുമോ എന്ന ആശങ്കയാണ് ഇവരെ പിന്‍തിരിപ്പിച്ചത്. വന്‍തോതില്‍ നിര്‍മിക്കുന്നില്ലെങ്കിലും ആവശ്യമുള്ളവര്‍ക്ക് ജെട്ടിയിലെത്തി വാങ്ങാനാവും. മുളകൊണ്ട് കര്‍ട്ടനുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് കൊടുക്കുന്ന ഇവരുടെ പ്രധാന ജീവനോപാധി കൂടിയാണ് സീസണിലുള്ള ഇത്തരം തൊഴില്‍.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ചു ലളിതമായ പുല്‍ക്കൂടൊരുക്കി തമിഴ്‌നാട് സ്വദേശികള്‍. ക്രിസ്മസിനെ വരവേല്‍ക്കാനായി റെഡിമെയ്ഡ് ഹൈടെക് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും വിപണി വാഴുമ്പോഴാണു ചെലവുകുറഞ്ഞ പ്രകൃതിയോടിണങ്ങിയ പുല്‍ക്കൂടുകളുമായി ഇവരെത്തിയത്. ചേര്‍പ്പ് റോഡിലെ പാലയ്ക്കല്‍ വളവിലാണ് അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ പുല്‍ക്കൂടൊരുക്കാനെത്തിയത്്. തുടര്‍ച്ചയായ പതിനാറാമത്തെ വര്‍ഷമാണു രവിയും സത്യനും ദേവരാജും ശെല്‍വരാജും ഗണേഷും പുല്‍ക്കൂട്, നക്ഷത്ര നിര്‍മാണത്തിനായി ഇവിടെ എത്തുന്നത്.

പച്ചമുളയില്‍ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും ഗോളങ്ങളും ഇവര്‍ നിര്‍മിക്കുന്നു. പച്ചമുള കനംകുറച്ച് കീറി തുല്യ അളവില്‍ മുറിച്ചെടുത്ത് സമചതുരാകൃതിയില്‍ ആണിയും കെട്ടുകമ്പിയും ഉപയോഗിച്ച് തട്ടുകളുണ്ടാക്കിയാണ് പുല്‍ക്കൂട് ഉണ്ടാക്കുന്നത്. വൈക്കോല്‍ മേഞ്ഞ പുല്‍ക്കൂടിന് 200 രൂപ, ബോളിന് 50 രൂപ, നക്ഷത്രങ്ങള്‍ക്ക് 150 മുതല്‍ 2000 രൂപ വരെ എന്നിങ്ങനെയാണ് വിലകള്‍. 10-12 കൂടുകളെങ്കിലും ഒരാള്‍ക്ക് ദിവസവും ഉണ്ടാക്കാനാവും. വലിയ നക്ഷത്രങ്ങള്‍, മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മാത്രമായാണ് ഉണ്ടാകുന്നത്. നവംബര്‍ പാതിയോടെ പാലയ്ക്കലെത്തുന്ന ഇവര്‍ ക്രിസ്മസ് ദിനത്തിലാണ് കൂടുകളെല്ലാം വിട്ടൊഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുക. നാടിന്റെ നാനാഭാഗത്ത് നിന്നും ഈ വഴി സഞ്ചരിക്കുന്നവരും കേട്ടറിഞ്ഞെത്തുന്നവരുമായി ധാരാളം ആളുകള്‍ ഇവിടെനിന്ന് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും വാങ്ങി കൊണ്ടുപോകുന്നുണ്ടെങ്കിലും ഇത്തവണ കച്ചവടം മോശമാണെന്ന വിഷമത്തിലാണ് ഈ പുല്‍ക്കൂട് സ്‌പെഷലിസ്റ്റുകള്‍.

Thrissur
English summary
kerala ready to celebrate christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X