തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മോഷണം: കുപ്രസിദ്ധ ക്രിമിനല്‍ 'കില്ലർ വിഷ്ണു' പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തരുടെ മൊബൈല്‍ ഫോണുകളും പണമടങ്ങിയ പഴ്‌സും മോഷണം പോയ സംഭവത്തിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി ബിനോയിയും ബി രാമുവും സംഘവും പിടികൂടി.

കോട്ടയം, പാലാ വില്ലേജില്‍ കൂടപ്പുളം സ്വദേശി പുള്ളോളില്‍ വീട്ടില്‍ പ്രശാന്തിന്റെ മകന്‍ കില്ലര്‍ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ പതിനൊന്നു പേരടങ്ങിയ തീര്‍ത്ഥാടക സംഘം ദേശീയ പാതയോരത്തുള്ള കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു.

Vishnu Arrest

തങ്ങളുടെ മൊബൈലുകളും പണമടങ്ങിയ പഴ്‌സും വസ്ത്രങ്ങളോടൊപ്പം പൊതിഞ്ഞ് പടവില്‍ വച്ചിട്ടാണ് സംഘം കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്തിയപ്പോള്‍ മൊബൈലുകളും പഴ്‌സും കാണാതായതിനെ തുടര്‍ന്ന് കൊരട്ടി സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എസ്‌ഐമാരായ ബി ബിനോയിയുടേയും ബി രാമുവിന്റെയും നേതൃത്വത്തില്‍ പോലസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും പെട്രോള്‍ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഡി വൈ എസ് പി കെ ലാല്‍ജി അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചത്.

മോഷണം പോയ മൊബൈല്‍ ഫോണുകളുടെ സിം നമ്പറുകളും ഐഎംഇഐ നമ്പറുകളും ശേഖരിച്ച അന്വേഷണ സംഘം സാങ്കേതിക പരിശോധനയിൽ സ്വിച്ച് ഓഫായഫോണുകള്‍ അങ്കമാലി ഭാഗത്തേക്ക് നീങ്ങിയതായി കണ്ടെത്തി. ഈ മൊബൈല്‍ നമ്പരുകളിലേക്ക് ഡെലിവറി റിപ്പോര്‍ട്ട് ഓപ്ഷനോടെ മെസേജയച്ചതിനെതുടര്‍ന്ന് കറുകുറ്റി പരിസരത്താണ് ഫോണ്‍ ഉള്ളതെന്ന് മനസിലാക്കി. തുടര്‍ന്ന് ഇവിടെ എത്തിയ പോലീസ് ദേശീയപാതയോരം കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തിവരവേ ബാര്‍ ഹോട്ടല്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ ബൈക്കിലിരിക്കുകയായിരുന്ന വിഷ്ണുവിനെ കണ്ടു. ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. സംസാരത്തില്‍ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് പാന്റ്‌സിനുള്ളില്‍ ധരിച്ചിരുന്ന ബര്‍മുഡയുടെ പോക്കറ്റില്‍ നിന്നും ഫോണുകള്‍ കണ്ടെടുത്തത്.

തുടര്‍ന്ന് കൊരട്ടിയിലെത്തിച്ച വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ ഉപയോഗിക്കുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്.
എറണാകുളത്ത് കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിന്റെതായിരുന്നു ബൈക്ക്. യുവാവ് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ബൈക്കായിരുന്നു ഇത്.
ഇതു സംബന്ധിച്ച യുവാവിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയാണിയ്യാളെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.

arrest

അന്വേഷണ സംഘത്തില്‍ കൊരട്ടി സ്‌റ്റേഷനിലെ എഎസ്‌ഐ ജോഷി, സീനിയര്‍ സിപിഒമാരായ മുഹമ്മദ് ബാഷി, സുധീര്‍, ഷിനോജ്, ക്രൈം സ്‌ക്വാഡ് അംഗം റെജി എ.യു. സി പി ഒ മാരായ സൈജു കെ.എ, ജിബി ടി.സി, ഹോം ഗാര്‍ഡ് ജയന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വിഷ്ണു കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും തൃശൂരില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ആരൊക്കെയെന്നും വിശദമായ അന്വേഷണം പോലീസ് സംഘം നടത്തി വരികയാണ്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ഇരുപത്തിനാല് വയസിനുള്ളില്‍ ഇരുപതിനു മേല്‍ ക്രിമിനല്‍ കേസ്

ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ വിഷ്ണു പതിനാറാം വയസിലാണ് ആദ്യത്തെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത്. കോട്ടയം രാമപുരം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചതായിരുന്നു സംഭവം. അതിനടുത്ത വര്‍ഷം പുതുതലമുറ ബൈക്ക് അമിത വേഗതയിലോടിച്ച് മറ്റൊരു ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ആ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റതായിരുന്നു മറ്റൊരു കേസ്.

തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് കടന്നതോടെ ലഹരിമരുന്ന് മേഖലയിലായി പ്രവര്‍ത്തനം. ബാംഗ്ലൂര്‍ കമ്മനഹള്ളിയില്‍ നൂറ്റി ഇരുപതോളം ആംപ്യൂളുകളുമായി പിടിയിലായതോടെ കര്‍ണ്ണാടക ജയിലിലേക്ക്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി സുഹൃത്തിനൊപ്പം ചേര്‍ന്ന് കഞ്ചാവ് കച്ചവടം. ഇതിനിടയില്‍ പാലാ പോലീസ് സ്‌റ്റേഷനില്‍ ഏഴ് ക്രിമിനല്‍ കേസുകളിലും രാമപുരം സ്‌റ്റേഷനില്‍ അഞ്ചും കുറവിലങ്ങാട്, കിടങ്ങൂര്‍, മുളന്തുരുത്തി, കടുത്തുരുത്തി, തമ്പാനൂര്‍ സ്‌റ്റേഷനുകളിലായി ഇരുപതോളം ക്രിമിനല്‍ കേസുകള്‍.

മൂന്ന് മാസം മുന്‍പ് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മരങ്ങാട്ടുപള്ളി സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയെന്ന കേസില്‍ ഒന്നാം പ്രതിയായതോടെ അവിടെ നിന്നും മുങ്ങി തൃശൂര്‍ പാലക്കാട് ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് മൊബൈല്‍ മോഷണ കേസില്‍ കൊരട്ടി പോലിസിന്റെ പിടിയിലാവുന്നത്.

Thrissur
English summary
Koratty Police arrests notorious criminal 'Killer Vishnu'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X