'കുടയിങ്ങനെ മാറി വരുന്നത് കണ്ടപ്പോ കണ്ണൊക്കെ നിറഞ്ഞു'; തൃശൂര്‍ പൂരത്തിലെ വൈറല്‍ പെണ്‍കുട്ടി ഇവിടെയുണ്ട്
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരക്കാഴ്ചകളില്‍ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന ഒരു വീഡിയോ ഉണ്ടായിരുന്നു. സുഹൃത്തിന്റെ തോളിലിരുന്ന് പൂരം ആസ്വദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു അത്. ആനന്ദ കണ്ണീരോടെയാണ് ഇത്തവണത്തെ പൂരം കണ്ടതെന്ന് വൈറലായി ആ പെണ്‍കുട്ടി കൃഷ്ണപ്രിയ പറയുന്നു. ആദ്യമായിട്ടാണ് തൃശൂര്‍ പൂരം ഇത്രയടുത്തായി കാണുന്നതെന്നും കൃഷ്ണ പ്രിയ പറയുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരത്തിന് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ടില്‍ അധികം ആളുകളാണ് പൂരത്തിനെത്തിയത്. സുഹൃത്തിന്റെ തോളിലേറി ആരവത്തോടെയാണ് കൃഷ്ണപ്രിയ പൂരം കണ്ടത്. കൃഷ്ണ പ്രിയയെ തോളിലേറ്റി പൂരം കാണിച്ചത് സുഹൃത്ത് സുദീപായിരുന്നു. മലപ്പുറം സ്വദേശിയായ കൃഷ്ണ പ്രിയ ഇപ്പോള്‍ പൂരം ഏറ്റവും അടുത്ത് നിന്ന് കണ്ടതിന്റെ സന്തോഷത്തിലാണ്.

പൂരത്തിന്റെ നാട്ടിലായിരുന്നിട്ടും ആദ്യമായി പൂരത്തിനെത്തിയതിന്റെ, പൂരം കണ്ടതിന്റെ സന്തോഷത്തിലാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയുടെ വാക്കുകളിലേക്ക്...'തൃശൂര്‍ പൂരം ഏറ്റവും അടുത്ത് നിന്ന് കാണണണെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പൂരം കാണാന്‍ പോയത്.

തിരക്ക് കാരണം പൂരത്തിന്റെ അടുത്ത് പോലും എത്താന്‍ സാധിച്ചിരുന്നില്ല, മാത്രമല്ല, എനിക്ക് പൊക്കം കുറവായത് കൊണ്ടു തന്നെ ശരിക്കും കാണാനും പറ്റിയില്ല. ഒടുവില്‍ തിരക്കില്‍ എങ്ങനെയോ ബാരിക്കേഡിലെത്തി. പക്ഷേ, കടത്തി വിടാന്‍ പോലീസ് തയ്യാറായില്ല. ഇത്രയും കഷ്ടപ്പെട്ട് ഇവിടെവരെ എത്തിയില്ലേ, കണ്ടിട്ടേ പോകൂ എന്നായിരുന്നു തീരുമാനം. അങ്ങനെ ഏറ്റവും മുന്നിലെത്തി. പക്ഷേ എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അപ്പോ സുദീപ് എന്നെ എടുത്തു പൊക്കുകയായിരുന്നെന്ന് കൃഷ്ണ പ്രിയ പറയുന്നു.

അവിടെ നിന്ന് നോക്കുമ്പോള്‍ ആനയുടെ ഒപ്പം ഉയരത്തില്‍ കാണാന്‍ പറ്റുന്നുണ്ടായിരുന്നു. കുടയിങ്ങനെ മാറി വരുന്നത് കണ്ടപ്പോ എന്താന്നറിയില്ല, എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. തൃശൂരില്‍ കുമ്മാട്ടിയായാലും കാവടിയായാലും പൂരത്തിനായാലും എല്ലാത്തിനും പോകാറുണ്ട്. കുട്ടിക്കാലം മുതല്‍ ചെണ്ടമേളം ഒക്കെ ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തില്‍ പൂരത്തിന് കൊണ്ടുപോകാമോയെന്ന് വീട്ടില്‍ ചോദിക്കുമ്പോഴൊക്കെ തിരക്കാണ് എന്ന് പറയും.

ഇത്രയും അടുത്ത് നിന്ന് ഞാന്‍ പൂരം കണ്ടിട്ടില്ല. എന്തായാലും ഇത്തവണ അത് സാധിച്ചു. ഇന്‍സ്റ്റഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ എത്തുന്നത്. പിന്നീടാണ് മറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആരും അറിയാതെ പൂരം കണ്ടിട്ട് വരാന്‍ പറഞ്ഞിട്ട്, നീയിതെന്താ കാണിച്ചേ എന്ന് മാത്രേ അമ്മ ചോദിച്ചുള്ളവെന്ന് കൃഷ്ണപ്രിയ പറയുന്നു. കൃഷ്ണ പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications