വടക്കാഞ്ചേരിയില്‍ കടുപ്പം, തൃശൂരില്‍ വന്‍ സര്‍പ്രൈസ്; ജില്ലയില്‍ ആര് നേടും- 24 ന്യൂസ് സര്‍വേ ഫലം
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് കേരള വിധിയെഴുതാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികളും മുന്നണികളും അവസാനഘട്ട പ്രചരണത്തിലേക്ക് കടന്ന് കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ കേരളം ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്‍റെ സൂചനകളുമായി വിവിധ അഭിപ്രായ സര്‍വേകള്‍ ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ട്വന്‍റി ഫോര്‍ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ രണ്ട് ചാനലുകളാണ് ഇന്ന് സര്‍വേ ഫലം പുറത്ത് വിടുന്ന രണ്ട് ചാനലുകള്‍. ഇതില്‍ തൃശൂര്‍ ജില്ലയില്‍ ഇത്തവണയും ഇടതുമുന്നണിക്ക് തന്നെയാണ് ആധിപത്യമെന്നാണ് 24 ന്യൂസ് പ്രവചിക്കുന്നത്. എന്നാല്‍ ഒരു മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വമ്പന്‍ സര്‍പ്രൈസും സര്‍വേ അവകാശപ്പെടുന്നുണ്ട്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ തവണ
അകെ 13 മണ്ഡലങ്ങളാണ് തൃശൂര്‍ ജില്ലയില്‍ ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. 13 ല്‍ 12 മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന്‍റെ വിജയം വടക്കാഞ്ചേരിയില്‍ മാത്രം ഒതുങ്ങി. അതും സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ അനില്‍ അക്കര വിജയിച്ച് കയറിയത്.

മൊയ്തീനും രാധാകൃഷ്ണനും
ഇത്തവണ എല്‍ഡിഎഫിന് ഒരു മണ്ഡലം ജില്ലയില്‍ നഷ്ടമാവുമെങ്കിലും ആധിപത്യം തുടരാമെന്നാണ് 24 ന്യൂസ് പ്രവചിക്കുന്നത്. ചേലക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനും കുന്നംകുളത്ത് നിന്ന് എസി മൊയ്തീനും വിജയിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോയതോടെ ശ്രദ്ധേയമായ ഗുരുവായൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി എന്‍കെ അക്ബറിന് തന്നെയാണ് മുന്‍തൂക്കം.

വടക്കാഞ്ചേരിയില്‍
ജില്ലയിലെ യുഡിഎഫിന്‍റെ ഏക സീറ്റായ വടക്കാഞ്ചേരിയില്‍ ശക്തമായ മത്സരമാണ് പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയും ഇടത് സ്ഥാനാര്‍ത്ഥി സേവ്യർ ചിറ്റിലപ്പള്ളിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് സര്‍വേ പ്രവചനം. ഒല്ലൂരില്‍ നിന്ന് ഇത്തവണയും കെ രാജന്‍ വിജയിക്കുമെന്നാണ് ട്വന്‍റി ഫോര്‍ പ്രവചിക്കുന്നത്.

പുതുക്കാടും ഇരിങ്ങാലക്കുടയും
എൽഡിഎഫിന്റെ ആർ ബിന്ദുവും യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനും മത്സരിക്കുന്ന ഇരിങ്ങാലക്കുടയിലും ശക്തമായ മത്സരമാണ് സര്‍വേ പ്രവചിക്കുന്നത്. പുതുക്കാട് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ കെകെ രാമചന്ദ്രനും ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഡെന്നിസ് ആന്റണി നിയമസഭയിലേക്ക് എത്തുമെന്നും സര്‍വെ അഭിപ്രായപ്പെടുന്നു.

ചാലക്കുടി, കൊടുങ്ങല്ലൂര്‍
ചാലക്കുടിയിൽ എൽഡിഎഫിന്റെ ഡെന്നിസ് കെ ആന്റണിയും, കൊടുങ്ങല്ലൂരിൽ നിന്ന് എൽഡിഎഫിന്റെ വിആർ സുനിൽകുമാറും മുന്നിലാരിയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. അതേസമയം ഏറ്റവും സര്‍പ്രൈസ് നിറഞ്ഞ് നില്‍ക്കിയിരിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത് തൃശൂര്‍ മണ്ഡലത്തിന്‍റെ കാര്യത്തിലാണ്.

തൃശൂര്‍ മണ്ഡലത്തില്‍
ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണെങ്കിലും ഇത്തവണ സംസ്ഥാന രാഷ്ട്രീയം തന്നെ ശ്രദ്ധിക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. കോണ്‍ഗ്രസില്‍ നിന്ന് പത്മജ വേണുഗോപാലും ഇടത് മുന്നണിയില്‍ നിന്ന് പി ബാലചന്ദ്രനും മത്സരിക്കുന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയി വന്നതോടെയാണ് മത്സര ചിത്രം ആകെ മാറിയത്.

തൊട്ടുപിറകില്‍ സുരേഷ് ഗോപി
24 ന്യൂസിന്‍റെ സര്‍വെ അനുസരിച്ച് തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനാണ് വിജയം പ്രവചിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ ഒരു ശതമാനത്തിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സര്‍വേ പ്രവചനം.
ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ












Click it and Unblock the Notifications