തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂരില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോള്‍ നടന്നു
തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോള്‍ നടന്നു. ജില്ലയിലെ കോര്‍പ്പറേഷനിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള സിങ്കിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ അവസാനഘട്ട പരിശോധനയാണ് അയ്യന്തോള്‍ നെസ്റ്റ് വനിതാ ഹോസ്റ്റലില്‍ മോക്പോളിലൂടെ നടന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയായിരുന്നു മോക്പോള്‍.
വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം മോക്ക് പോള്‍ നടത്തുന്നത്.
രണ്ട് തവണകളായി നടത്തിയ മോക് പോളില്‍ ആകെ 14 കണ്ട്രോള് യൂണിറ്റുകളും 14 ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഒരു ശതമാനമാണ് മോക്പോള്‍ നടത്തുന്നതിന് ഉപയോഗിച്ചത്. മോക്പോളില്‍ ഓരോ മെഷീനിലും 51 വോട്ടുകള്‍ വീതമാണ് രേഖപ്പെടുത്തിയത്.
കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പിന് 700 വീതം കണ്ട്രോള് യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. യന്ത്രത്തിന് തകരാറ് സംഭവിക്കുന്ന സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി 700 കണ്ട്രോള് യൂണിറ്റുകള്‍ റിസര്‍വായും അനുവദിച്ചിട്ടുണ്ട്.
അയ്യന്തോള്‍ നെസ്റ്റ് വനിതാ ഹോസ്റ്റലില്‍ നടന്ന മോക്പോള്‍ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇ സി ഐ എല്‍) ഹൈദരാബാദില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള ഏഴ് ടെക്നിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു നടന്നത്. നോഡല്‍ ഓഫീസറായ സീനിയര്‍ സൂപ്രണ്ട് അയൂബ് ഖാന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എംഎ തോമസ് എന്നിവര്‍ മോക്പോളിന് മേല്‍നോട്ടം വഹിച്ചു.
നേരത്തെ, ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസില്‍ ത്രിതല പഞ്ചായത്തുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മോക് പോള്‍ നടന്നിരുന്നു.