തദ്ദേശ തിരഞ്ഞെടുപ്പ്; തൃശൂര്‍ കോര്‍പ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു
തൃശൂര്‍: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷന്‍ നടന്നു. തൃശൂര്‍ കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 55 വരെ ഡിവിഷനിലേക്കുള്ള യന്ത്രങ്ങളുടെ കമ്മിഷിംഗാണ് നടന്നത്. ചെമ്മൂക്കാവിലെ മഹാരാജാസ് പോളിടെക്‌നിക് കോളേജിലാണ് നടന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലെ ഒന്നുമുതല്‍ 28 വരെയുള്ള ഡിവിഷനുകള്‍ റിട്ടേണിംഗ് ഓഫീസര്‍ തൃശൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് ജയശങ്കരന്റെ മേല്‍നോട്ടത്തിലും 29 മുതല്‍ 55 വരെയുള്ളവയുടെ കമ്മിഷനിംഗ് റിട്ടേണിംഗ് ഓഫീസര്‍ കെഎസ് കൃപാകുമാറിന്റെ നേതൃത്വത്തിലും നടന്നത്. രണ്ട് റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആകെ 223 വോട്ടിംഗ് യന്ത്രങ്ങളാണ് കമ്മിഷന്‍ ചെയ്തത്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് നടക്കും. പതിവിന് വിപരീതമായി പോളിംഗ് സാമഗ്രികളുടെ കൂട്ടത്തില്‍ ഇത്തവണ സാനിറ്റൈസറും, മാസ്‌കും, ഗ്ലൗസും, ഫേസ് ഷീല്‍ഡും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ കോവിഡ് പ്രതിരോധ കിറ്റും കൈപ്പറ്റി വേണം ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രം വിട്ടു പോകാന്‍.
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെല്ലാം തന്നെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. തിരക്ക് കുറക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിനും സമയം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. രാവിലെ 8 നു വിതരണം ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് ഉള്ളത്. പെന്‍സില്‍, ബാള്‍പോയിന്റ് പേന, പിന്‍, പശ, പെന്‍സില്‍ കാര്‍ബണ്‍, സെല്ലോ ടേപ്പ്, ഡമ്മി ബാലറ്റുകള്‍, സീലിംഗ് മെഴുക്, വിരല്‍ അടയാളമിടാന്‍ മഷി എന്നിവ കൂടാതെ മെഴുകുതിരി, തീപ്പെട്ടി, റബര്‍ ബാന്‍ഡ് എന്നിവയും ബ്ളേഡും വിതരണ സാമഗ്രികളില്‍ ഉള്‍പ്പെടും.
Recommended Video
വോട്ടിംഗ് മെഷീന്‍ വയ്ക്കുന്ന കമ്പാര്‍ട്ട്മെന്റിനുള്ള സാമഗ്രികള്‍, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹ സീല്‍, സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍ സീല്‍, വിവിധയിനം കവറുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെന്‍ഡര്‍ വോട്ടുകള്‍, ചലഞ്ച് വോട്ടുകള്‍ എന്നിവയുടെ ലിസ്റ്റ്, അന്ധരോ അവശരോ ആയ സമ്മതിദായകരുടെ സഹായി നല്‍കുന്ന പ്രഖ്യാപനം രേഖപ്പെടുത്തേണ്ട ഫോറം എന്നിവയോടൊപ്പം വോട്ടേഴ്സ് സ്ളിപ്പും, പോളിത്തീന്‍ ബാഗും വേസ്റ്റ് ബാസ്‌ക്കറ്റും തുടങ്ങി അന്തിമ വോട്ടര്‍ പട്ടികയും ഉള്‍പ്പെടും.
ഇതു കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് സ്‌പെഷല്‍ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങണം. സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം തയാറാക്കിയ വാഹനങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ എത്തിക്കും.












Click it and Unblock the Notifications