ചാലക്കുടി സ്വര്‍ണ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ഇസ്മായിലിന്റെ മകന്‍ ഷാമിൽ
തൃശൂര്‍: വിദേശത്തുനിന്നു നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം വച്ച് മറ്റുകാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിലുള്‍പ്പെട്ട ഒരാള്‍കൂടി പിടിയിലായി. കൊടകര ആളൂര്‍ മനകുളങ്ങരപ്പറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഷാമിലിനെ (33) ആണ് ചാലക്കുടി സി.ഐ. ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തുനിന്നുകൊണ്ടുവന്ന 560 ഗ്രാം സ്വര്‍ണം ചാലക്കുടി പോട്ട ഫ്‌ളൈഓവറിനു സമീപം വച്ച് ഇന്നോവകാറിലും ഹ്യുണ്ടായി ഐ ട്വന്റി കാറിലുമായെത്തി കവര്‍ച്ച നടത്തിയത്. സംഘം സ്വര്‍ണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് രണ്ടുപേരെ ആക്രമിച്ചായിരുന്നു കവര്‍ച്ച. കാറിലെ ഒരാളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊടകരയില്‍വച്ച് ഇറക്കിവിടുകയും ചെയ്തു. കാറില്‍വച്ച് സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മൃഗീയമായി മര്‍ദിക്കുകയും തുടര്‍ന്ന് കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിക്കുകയും തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു.

സ്വര്‍ണക്കടത്തിനെ പറ്റി സൂചനകിട്ടിയ കവര്‍ച്ചാസംഘം സ്വര്‍ണം തട്ടിയെടുക്കുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ, ഗുണ്ടാസംഘങ്ങളെ സ്വര്‍ണം തട്ടാനായി ഏകോപിപ്പിച്ച് കവര്‍ച്ച പ്രാവര്‍ത്തികമാക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. നെടുമ്പാശേരിയില്‍ നിന്നും ഇവര്‍ കാറിനെ പിന്തുടര്‍ന്ന് കറുകുറ്റി, കൊരട്ടി ഭാഗങ്ങളില്‍ വച്ച് കാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ പോയി.
തുടര്‍ന്നാണ് പോട്ട മേല്‍പ്പാലത്തില്‍ വച്ചുള്ള കൊള്ള. രണ്ടുപേര്‍ പിടിയിലായതറിഞ്ഞ ഷാമില്‍ ചെന്നൈയിലേക്ക് കടക്കുകയും പുറകെയെത്തിയ പോലീസ് സംഘത്തിലന്റെ കണ്ണില്‍പ്പെടാതെ മംഗലാപുരത്തേക്ക് പോകുകയായിരുന്നു. പോലീസ് സംഘം അവിടെയുമെത്തിയതായി മനസിലാക്കി നാട്ടിലേക്കു മടങ്ങുന്നവഴിയാണ് പിടിയിലായത്.
പ്രതിയെ പിടികൂടിയ സംഘത്തില്‍ ക്രൈംസ്‌ക്വാഡ് എസ്.ഐ. വി.എസ്. വത്സകുമാര്‍, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂര്‍ സ്‌റ്റേഷനിലെ എ.എസ്.ഐമാരായ ജിനുമോന്‍ തച്ചിയത്ത്, സി.കെ. സുരേഷ്, ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, സീനിയര്‍ സി.പി.ഒ. ബൈജു പൊന്നോത്ത്, സി.പി.ഒമാരായ രാജേഷ് ചന്ദ്രന്‍, ആന്‍സന്‍ ജോസഫ്, സൈബര്‍ സെല്‍ ടീമംഗങ്ങളായ ബിനു, സി. സുജിത്ത്, ഡേവീസ് എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications