• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അന്തര്‍സംസ്ഥാന മോഷ്ടാവ് മുട്ടാണി സിദ്ദിഖ് പിടിയില്‍: നൂറ്റമ്പതിലേറെ മോഷണക്കേസുകളിലെ പ്രതി

  • By Desk

തൃശൂര്‍: ഏഴുവര്‍ഷംമുമ്പ് മേലൂര്‍ അടിച്ചിലി ജങ്ഷനിലെ മലഞ്ചരക്കു കട കുത്തിത്തുറന്ന് ഒന്നര ടണ്‍ റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് വില്ലേജ് ചേലേപ്പുറത്ത് ദേശത്ത് മേലേചിലമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ 'മുട്ടാണി' എന്ന റിയപ്പെടുന്ന അബൂബക്കര്‍ സിദ്ദിഖിനെ (51) ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നിര്‍ദേശപ്രകാരം കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും ക്രൈം സ്‌ക്വാഡംഗങ്ങളും ചേര്‍ന്നു പിടികൂടി.

ഏഴുവര്‍ഷം മുമ്പാണു കേസിനാസ്പദമായ സംഭവം. അടിച്ചിലി ജങ്ഷനിലെ മലഞ്ചരക്കു കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ സിദ്ദിഖും സംഘവും അവിടെനിന്ന് ഒന്നര ടണ്ണോളം റബര്‍ഷീറ്റുകള്‍ ഒരു ടെമ്പോ ട്രാവലറില്‍ കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു പൊതുവേ ജനസഞ്ചാരം കുറഞ്ഞ മേഖലയായിരുന്നു അടിച്ചിലിപോലുള്ള പ്രദേശങ്ങള്‍. പുലര്‍ച്ചെ എത്തിയ കൊള്ളസംഘം ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന് അവിടെ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റുകള്‍ കടത്തുകയായിരുന്നു.

അതിരാവിലെ ചായക്കടയിലെത്തിയവരാണ് കടയുടെ ഷട്ടര്‍ തകര്‍ന്ന വിവരം ആദ്യമറിയുന്നത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിരലടയാള വിദഗ്ധരടക്കം എത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഈ സംഘത്തിലെ ചിലരെ കല്‍പ്പറ്റ പോലീസ് പിടികൂടിയതോടെയാണ് കേസിന് തുമ്പാകുന്നത്. ഈ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും സിദ്ദിഖ് ഒളിവിലായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ ദിവസങ്ങളോളമുള്ള അന്വേഷണത്തിലാണ് കൊണ്ടോട്ടിക്കടുത്തുള്ള മൈലങ്ങാടിയിലെ ഒളിസങ്കേതം കണ്ടെത്തിയതും.

അവിടെ മഫ്തിയില്‍ സഞ്ചരിച്ച് വീടിനു സമീപത്തെ ചായക്കടയുടെ അരികില്‍നിന്നും പിടികൂടിയതും സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ കേസുകളില്‍ പ്രതിയാണ് താനെന്ന് പോലീസിനോടിയാള്‍ സമ്മതിച്ചു. കൊരട്ടിയെ കൂടാതെ ജില്ലയിലെ കൊടകര, വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, പീച്ചി, മണ്ണുത്തി, വടക്കാഞ്ചേരി, ചേലക്കര മുതലായ സ്‌റ്റേഷനുകളിലും കോട്ടയം, എറണാകുളം, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നിരവധി മോഷണക്കേസുകള്‍ സിദ്ദിഖിന്റെ പേരിലുണ്ട്. രണ്ടായിരത്തി ഒമ്പതില്‍ മോഷണമുതലുകളുമായി അതിവേഗത്തില്‍ ജീപ്പില്‍ പോകവെ അപകടമുണ്ടായി. ഒരു കാലിന് ഗുരുതര പരുക്കേറ്റെങ്കിലും മോഷണം നിര്‍ത്താന്‍ സിദ്ദിഖ് തയാറായിരുന്നില്ല.

ഇപ്പോള്‍ വാഹനങ്ങള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നതെന്ന് പോലീസിനോട് പറഞ്ഞെങ്കിലും ഇതിനെപ്പറ്റി വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം. ഇയാളെപ്പറ്റി അന്വേഷിക്കുന്നതിനും പിടികൂടുന്നതിനും ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാടില്‍, റോയ് പൗലോസ്, പി.എം മൂസ, റെജി എ.യു., ബിനു എം.ജെ, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. കൊരട്ടി സ്‌റ്റേഷനിലെത്തിച്ച സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ക്കായി ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

Thrissur

English summary
man arrested in Inter state robbery case from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X