വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതി എട്ടുവര്‍ഷത്തിനുശേഷം പിടിയില്‍: സംഭവം തൃശൂരില്‍!!
തൃശൂര്‍: വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാരികളെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘം ചേര്‍ന്ന്ആക്രമിച്ച കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി കെ ലാല്ജിയും സംഘവും ചേര്‍ന്ന് പിടികൂടി. അടിമാലി വട്ടയാര്‍ പോസ്റ്റോഫീസ് പരിധിയിലെ കല്ലാര്‍ സ്വദേശി വേട്ടച്ചിറ വീട്ടില്‍ ഷിബു (30 ) ആണ് പിടിയിലായത്.
എട്ടുവര്‍ഷം മുന്‍പ് ചാലക്കുടി ആനമല സംസ്ഥാനപാതയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ വയനാട് സ്വദേശികളായ പുരുഷന്മാരേയും സ്ത്രീകളേയും മലക്കപ്പാറ കപ്പായം സ്വദേശി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഷിബുവുമടങ്ങിയ പതിനഞ്ചോളം പേരടങ്ങിയ സംഘം നിസാരമായ കാര്യത്തിന്റെ പേരിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം കേസെടുക്കുകയും കുറച്ചു പേരെ അന്ന് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സ്വദേശത്തേക്ക് മുങ്ങിയ ഷിബു പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുവരികയായിരുന്നു. താരതമ്യേന വനപ്രദേശമായതിനാല്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനു പ്രയാസവുമുണ്ടായിരുന്നില്ല.
നിരവധി തവണ ഇയാളെ അന്വേഷിച്ച് പോലീസെത്തിയെങ്കിലും പോലീസിന്റെ വരവറിഞ്ഞ് വനത്തിലേക്കും മറ്റും മുങ്ങുകയായിരുന്നു ഇയ്യാള്. ഇതേ തുടര്‍ന്ന് ഇയ്യാളുടെ വാസസ്ഥലത്തിനു സമീപമുള്ള ചായക്കടയില്‍ വിനോദസഞ്ചാരികളെന്ന വ്യാജേനയും മറ്റും നിരീക്ഷണം തുടര്‍ന്നു വന്ന പ്രത്യേകാന്വേഷണ സംഘങ്ങള്‍ കൂപ്പുജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് പ്രദേശവാസികളെ ധരിപ്പിച്ചാണ് ഷിബുവിനെ പിടികൂടാനുള്ള സാധ്യതയിലേക്ക് കടന്നത്.
എങ്കിലും സംശയം തോന്നിയ ഷിബു ഈ കെണിയില്‍ വീഴാതെ കിണറുപണിക്കായി മാങ്കുളത്തേക്ക് പോയി അവിടെ തങ്ങുകയായിരുന്നു.ഡിവൈഎസ്പി കെ.ലാല്‍ജിയുടെ നിര്‍ദേശപ്രകാരം അടിമാലി സ്വദേശിയെ സ്വാധീനിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ രണ്ടു പേര് കിണറുപണിക്കാരായി അഭിനയിച്ച് മാങ്കുളത്തെത്തി തന്ത്രപരമായി ഷിബുവിനെ പിടികൂടുകയായിരുന്നു.
ചാലക്കുടി സ്റ്റേഷനില്‍ സിനിമാതീയ്യറ്ററില് സിനിമ കാണാന്‍ വന്നവരോട് കയര്‍ത്ത് അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയാണിയ്യാള്. പ്രത്യേകാന്വേഷണ സംഘത്തില്‍ സിഐ ജെ. മാത്യു, എസ് ഐ വത്സ കുമാര്‍, എഎസ്ഐ ജിനു മോന് തച്ചേത്ത്, പോലീസുകാരായ സി.എ ജോബ്, സതീശന് മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. തുടര്‍ന്ന് മാങ്കുളത്തു നിന്നും ചാലക്കുടിയിലെത്തിച്ച ഷിബുവിനെ വൈദ്യ പരിശോധനക്ക് ശേഷം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.