തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓര്‍ത്തഡോക്‌സ്- യാക്കോബായ അവകാശ തര്‍ക്കം: മാന്ദാമംഗലം പള്ളി അടച്ചു പൂട്ടി, കളക്ടറുടെ ഉത്തരവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളി പൂട്ടി. ജില്ലാ കലക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവിനെ തുടര്‍ന്നാണ് പള്ളി പൂട്ടിയത്. ജില്ലാ കലക്ടര്‍ ടി.വി. അനുപമയുമായി ഓര്‍ത്തഡോക്‌സ് - യാക്കോബായ വിഭാഗം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് യാക്കോബായ വിഭാഗം സ്വമേധയാ പള്ളിയില്‍ നിന്നും പിന്‍മാറണമെന്ന കലക്ടറുടെ നിര്‍ദ്ദേശം പാലിക്കുകയായിരുന്നു. വിശ്വാസികള്‍ പിന്‍മാറിയതോടെയാണ് പള്ളി പൂട്ടിയത്.


പള്ളിയുടെ മുന്‍വശത്തെ വാതില്‍ അടച്ചു പൂട്ടി. പള്ളിയ്ക്കകത്ത് കുത്തിയിരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ പുറത്തേക്ക് പോയി. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തല്‍ക്കാലം പള്ളി തുറക്കേണ്ടെന്നാണ് തീരുമാനം. അറസ്റ്റ് ഒഴിവാക്കാന്‍ പള്ളിയുടെ പിന്നിലെ വാതില്‍ വഴിയാണ് യാക്കോബായ വിഭാഗം വിശ്വാസികള്‍ പുറത്തേക്ക് പോയത്. സ്ത്രീകളടക്കം നൂറോളം വിശ്വാസികളാണ് പള്ളിയില്‍ കുത്തിയിരിപ്പു നടത്തിയത്. പള്ളി പൂട്ടിയതോടെ സംഘര്‍ഷ സാധ്യത കുറഞ്ഞുവെന്നാണ് കരുതുന്നത്. ഇന്നുച്ചയ്ക്ക്് 2 വരെ അടച്ച സ്ഥിതി തുടരാനാണ് ചര്‍ച്ചയില്‍ തീരുമാനിച്ചത്. ഇതിനകം യാക്കോബായ വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. വ്യാഴാഴ്ച അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കലക്ടര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ഈ ചര്‍ച്ചയിലാണ് അടിയന്തരമായി പള്ളിയില്‍നിന്ന് ഇരുവിഭാഗവും ഒഴിയണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

 120 പേര്‍ അറസ്റ്റിലായി

120 പേര്‍ അറസ്റ്റിലായി

സംഘര്‍ഷത്തില്‍ പോലീസ് ഇതുവരെ 120 പേരെ അറസ്റ്റ് ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും കലക്ടര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് അനുസരിക്കാനാണ് ഇരുവിഭാഗത്തോടും ചര്‍ച്ചയില്‍ നിര്‍ദേശിച്ചതെന്ന് കലക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ പന്ത്രണ്ട് മണിയോടെ ആരംഭിച്ച ചര്‍ച്ചയില്‍ ഇരുവിഭാഗത്തുനിന്നും അഞ്ചുപേരെ വീതം ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച നടത്തിയത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നും ഫാ. മാത്യു ജേക്കബ്, മാനേജിങ് കമ്മിറ്റി അംഗമായ അലക്്‌സ് തുടങ്ങിയവരും യാക്കോബായ വിഭാഗത്തില്‍ നിന്നും ഫാ. മാത്യു അബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. രാജു മാര്‍ക്കോസ്, മാനേജിങ് കമ്മിറ്റിയംഗം റെജി പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.

ഗേറ്റ് തകര്‍ത്ത് പ്രവേശിക്കാന്‍ ശ്രമം

ഗേറ്റ് തകര്‍ത്ത് പ്രവേശിക്കാന്‍ ശ്രമം

വ്യാഴാഴ്ച രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരപ്പന്തല്‍ പോലീസ് പൂര്‍ണമായും ഒഴിപ്പിച്ചു. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇരു വിഭാഗങ്ങളും തമ്മില്‍ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരുക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 പോലീസിന്റെ വീഴ്ചയെന്ന്

പോലീസിന്റെ വീഴ്ചയെന്ന്

സംഘര്‍ഷത്തിന് കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പോലീസിന്റെ വീഴ്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലം പോലീസ് നിരീക്ഷണത്തിലാണ്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടി: കലക്ടര്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടി: കലക്ടര്‍


മാന്ദാമംഗലം സെന്റ്‌മേരീസ് പള്ളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടിയെടുക്കുമെന്നു ജില്ലാ കലക്ടര്‍ ടി.വി. അനുപമ. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ ചേംബറില്‍ വിളിച്ചുവരുത്തിയാണു കലക്ടര്‍ ഇക്കാര്യമറിയിച്ചത്. പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ചര്‍ച്ച നടക്കുന്നതിനിടെ പുറത്തിറങ്ങി. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളില്‍നിന്ന് തുടര്‍ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാക്കില്ലെന്ന വ്യവസ്ഥയും ഒപ്പിടുവിച്ചു. ഹൈക്കോടതി വിധി അനുസരിച്ച്, ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചും ഞായറാഴ്ചയിലെ ആരാധന സംബന്ധിച്ചുമുള്ള തീരുമാനവും യാക്കോബായ വിഭാഗം ഇന്നുച്ചയ്ക്കു രണ്ടിനുമുമ്പു കലക്ടറെ രേഖാമൂലം അറിയിക്കും. ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീല്‍ കേസില്‍ തീരുമാനം ആകുന്നതുവരെ പള്ളിയിലോ പള്ളിയുടെ പരിസരങ്ങളിലോ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പ്രവേശിക്കുകയില്ലെന്നും പ്രതിനിധികള്‍ ജില്ലാകലക്ടറെ അറിയിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, സീനിയര്‍ ഗവ. പ്ലീഡര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
manandamangalam church closed after clashes between to groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X