വിവാഹത്തട്ടിപ്പ് വീരൻ തൃശൂരിൽ അറസ്റ്റിൽ, കബളിപ്പിച്ച് യുവതിയിൽ നിന്ന് കൈക്കലാക്കിയത് രണ്ടര ലക്ഷം
മാള: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കുന്ന തിരുവല്ല സ്വദേശിയായ തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കണ്ടത്തില്‍ ബിനുവിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയതത്.രണ്ട് മാസം മുമ്പ് വെണ്ണൂര്‍ സ്വദേശിയെ വിവാഹം കഴിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഇയാള്‍ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ വിവാഹം കഴിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. പെണ്‍കുട്ടിയെ പരിചയപ്പെട്ട നാള്‍ മുതല്‍ ഇയാള്‍ പലപ്പോഴായി രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ തട്ടിയെടുത്തതായാണ് പരാതി. ആദ്യ വിവാഹത്തിലുള്ള കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞായിരുന്നു ഇയാല്‍ പണം വാങ്ങിയിരുന്നത്. എന്നാല്‍ വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രളയക്കെടുതിയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയാണ് പ്രതി കൈക്കലാക്കിയത്.












Click it and Unblock the Notifications