• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എതിരാളികളെ കാത്ത് എംബി രാജേഷും പികെ ബിജുവും; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്...

  • By Desk

തൃശൂര്‍: പാര്‍ട്ടി പച്ചക്കൊടി കാണിച്ചതോടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിറ്റിംഗ് എംപിമാരായ എംബി രാജേഷും, പികെ ബിജുവും. പാലക്കാട് ലോകസഭ മണ്ഡലത്തില്‍ എംബി രാജേഷ് എംപിയുടെ പേര് നേരത്തെ ഉയര്‍ന്നുവന്നെങ്കിലും ആലത്തൂരില്‍ പികെ ബിജുവിന്റെ സ്ഥാനാര്‍ഥിത്വം യാദൃശ്ചികമായിരുന്നു. ഇത്തവണ ആലത്തൂരില്‍ പികെ ബിജുവിനെ ഒഴിവാക്കി ശക്തനായ പ്രമുഖനെ നിര്‍ത്തി മത്സരിപ്പിക്കാനായിരുന്നു സിപിഎം ആലോചിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരീക്ഷണത്തിന് മുതിരാതെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ഒരു അവസരം കൂടി നല്‍കി.

വനിതാ ദിനത്തില്‍ വിക്‌ടോറിയ ആശുപത്രിക്ക് നേട്ടമായി 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍; ഇനി തിരുവനന്തപുരത്തും കൊച്ചിക്കും മാത്രമല്ല കൊല്ലത്തിനും സ്വന്തം!

പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ. ശശിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും വിവാദം കെട്ടടങ്ങിയതോടെ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് എം.ബി. രാജേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ എതിരാളികളാരാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ പോര്‍ക്കളത്തിലിറങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് എം.ബി. രാജേഷും പി.കെ. ബിജുവും.

പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ജയ് ഹോ എന്ന പേരില്‍ മണ്ഡലത്തിലുടനീളം പ്രചരണം നടത്തി ശ്രീകണ്ഠന്‍ ഒരര്‍ത്ഥത്തില്‍ പ്രചരണത്തിന് തുടക്കമിടുകയും ചെയ്തു. ജനകീയ മുഖം എന്ന നിലയിലും പാലക്കാട് ഇതുവരെ കാണാത്ത വികസനങ്ങള്‍ എത്തിച്ചതിന്റെ പേരിലും ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പേര് സ്ഥാനാര്‍ഥിയായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഷാഫി. അതുകൊണ്ടുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വി.കെ. ശ്രീകണ്ഠനാവും കളത്തിലിറങ്ങുകയെന്നാണ് കരുതുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരാണ് ഉയരുന്നതെങ്കിലും പാര്‍ട്ടി മധ്യമേഖല പരിവര്‍ത്തന യാത്രയുടെ ക്യാപ്റ്റനായ ശോഭസുരേന്ദ്രന്‍ പരിഗണിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തൃശൂരിലെ മൂന്നും പാലക്കാട്ടെ നാല് നിയമസഭാ മണ്ഡലങ്ങളും ചേരുന്ന ആലത്തൂരില്‍ പി.കെ. ബിജുവിനെതിരെ ശക്തനായ എതിരാളിയെ കണ്ടെത്താനാണ് യു.ഡി.എഫ് ശ്രമം. ബിജുവിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും ജനകീയ മുഖമല്ലെന്ന പ്രചരണമുണ്ട്. അതുകൊണ്ടാണ് നേരത്തെ സി.പി.എം ബിജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ വിസമ്മതിച്ചതെന്നും അതിനാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പാളയം. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് ആലത്തൂര്‍ ഇത്തവണ നല്‍കാന്‍ ധാരണയായിരിക്കുന്നത്. എതിരാളികളില്ലെങ്കിലും എം.ബി. രാജേഷും പി.കെ. ബിജുവും വികസന നേട്ടങ്ങള്‍ നിരത്തി ജനങ്ങള്‍ക്കിടയില്‍ പ്രചരണത്തിനിറങ്ങി കഴിഞ്ഞു.

അതേ സമയം കോണ്‍ഗ്രസില്‍ സീറ്റ് ധാരണയായിട്ടില്ല. മുതിര്‍ന്നവര്‍ മാറിനില്‍ക്കണമെന്നു പലവട്ടം താന്‍ തന്നെ പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് തൃശൂരില്‍ മത്സരിക്കാനുള്ള നിര്‍ദേശത്തില്‍നിന്നു സുധീരന്‍ ഒഴിഞ്ഞുമാറുന്നത്. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപനെ അദ്ദേഹം പകരക്കാരനായി ചൂണ്ടിക്കാട്ടുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിനെതിരേ എം.പി. ജാക്സന്റെ പേരാണു ചര്‍ച്ചയിലുള്ളത്.

പാലക്കാട് സിറ്റിങ് എം.പി: എം.ബി. രാജേഷിനെതിരേ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ. എന്നിവര്‍ക്കൊപ്പം നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നു. ഇടതു തട്ടകങ്ങളായ എറണാകുളം മഹാരാജാസ് കോളജില്‍ യൂണിയന്‍ ചെയര്‍മാനും ഡല്‍ഹി ജെ.എന്‍.യു. െവെസ് ചെയര്‍മാനുമായിരുന്നു വേണു രാജാമണി.

Thrissur

English summary
MB rajesh and pk biju waiting for opposite candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X