പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
തൃശൂർ: പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമമാണോ സർക്കാർ നടത്തിയതെന്ന് സംശയമുണ്ടെന്ന് തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.പോലീസ് കാരണമാണ് വെടിക്കെട്ട് മുടങ്ങിയത്. സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. പോലീസിനെ കയറൂരി വിടുമ്പോൾ സംഭവത്തിന് പിന്നിൽ എന്തെന്ന് അന്വേഷിക്കാൻ സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
'കഴിഞ്ഞ ദിവസം വൈകുന്നേരം കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂർപൂരം രാത്രിയാണ് പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടർന്ന് നിർത്തിവെക്കേണ്ടിവന്നത്. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴ് മണിയോടെയാണ്. സാധാരണ വെടിക്കെട്ടിനുണ്ടാകുന്ന യാതൊരു പൊലിമയും ഉണ്ടായില്ല.

പോലീസിന്റെ ഏകാധിപത്യ പ്രവണതയാണ് ഇവിടെ നടന്നത്. ആ പോലീസിനെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? എന്തുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ല. ചുമതലയിൽ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രിതന്നെ പ്രശ്നം പരിഹരിച്ചില്ല? മന്ത്രി രാജനാണല്ലോ ചുമതല, എന്ത് അദ്ദേഹം ഇടപെട്ടില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സർക്കാർ എന്ത് നിലപാടെടുത്തു? പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിന് സർക്കാർ കൂട്ടുനിന്നു.
പൂരത്തിന്റെ തുടക്കം മുതൽ എങ്ങനെ ഇത് ഇല്ലാതാക്കാം എന്ന ശ്രമം നടക്കുന്നുണ്ട്.
കേന്ദ്രത്തിനും ഇതിന് പങ്കുണ്ട്. കേന്ദ്രം ഓരോ കാലങ്ങളിലും കൊണ്ടുവരുന്ന ഓരോ നിയമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. അതിനൊപ്പം സംസ്ഥാനവും ചേർന്നു. രണ്ടുംകൂടി ചേർന്നപ്പോൾ നല്ലൊരു ദേശീയോത്സവം ഏതാണ്ട് കുളമാക്കി. പോലീസിന് നിയന്ത്രിക്കാൻ എന്തുകൊണ്ട് ഭരണകുടത്തിന് സാധിക്കുന്നില്ല. പോലീസ് കാരണമാണ് വെടിക്കെട്ട് മുടങ്ങിയത്. സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. പോലീസിനെ കയറൂരി വിടുമ്പോൾ സംഭവത്തിന് പിന്നിൽ എന്തെന്ന് അന്വേഷിക്കാൻ സർക്കാർ ഉത്തരവാദിത്തം കാണിക്കണം.തൃശ്ശൂർ പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമമാണോ സർക്കാർ നടത്തിയതെന്ന് സംശയമുണ്ട്',മുരളീധരൻ പറഞ്ഞു.
അതേസമയം പൂരത്തെ രാഷ്ട്രീയമാക്കാൻ ഇല്ലെന്നായിരുന്നു നടനും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം. 'ശബരിമല പോലെ ഒരു ഓപ്പറേഷനാണോയെന്ന് സംശയമുണ്ട്. പൂരത്തെ രാഷ്ട്രീയമാക്കാനില്ല. എൽഡിഎഫും യുഡിഎഫും മുതലെടുക്കാൻ ശ്രമിച്ചു. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർതന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം',സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications