തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം; സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് പേരിനുമാത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചില്ല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ രണ്ടാംദിനമായ ഇന്നലെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് പേരിനുമാത്രം. ഭൂരിഭാഗം ജീവനക്കാരും രണ്ടാംദിവസവും ജോലിക്ക് ഹാജരായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചില്ല. പെട്രോള്‍ പമ്പുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിച്ചു.

തൃശ്ശൂരിൽ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം; സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് പേരിനുമാത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചില്ല

കലക്‌ട്രേറ്റില്‍ ജീവനക്കാര്‍ ആരുമെത്തിയില്ല. ഗ്രാമപ്രദേശങ്ങളിലെ ഓഫീസുകളിലും ഹാജര്‍നില നന്നേ കുറവായിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടിയതിനാല്‍ ട്രെയിന്‍യാത്രക്കാരും ദുരിതത്തിലായി. കല്ലേറ്റുംകരയില്‍ പണിമുടക്ക് അനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും തുറന്നു. അതേസമയം തൃശൂര്‍ നഗരത്തില്‍ ആദ്യദിനം തുറന്ന പല കടകളും ഇന്നലെ അടഞ്ഞു കിടന്നു. കട അടച്ച് പണിമുടക്കിനോട് സഹകരിക്കാന്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്.

Strike

തൃശൂര്‍-തൃപ്രയാര്‍ റൂട്ടില്‍ കിരണ്‍ എന്ന സ്വകാര്യ ബസ് സര്‍വീസ് നടത്തി. ഏതാനും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. അന്തിക്കാട് ഹൈസ്‌കൂള്‍, അന്തിക്കാട് കെ.ജി.എം.എല്‍.പി. സ്‌കൂള്‍, ഏനമാവ് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍, ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ എന്നിവയാണ് തുറന്ന് പ്രവര്‍ത്തിച്ചത്. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തൃശൂരില്‍ സി.എം.എസ്. സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.

സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തിവരുന്ന 48 മണിക്കൂര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ യൂണിയനുകളിലെ തൊഴിലാളികള്‍ പ്രകടനം നടത്തി. പീച്ചി റോഡ് കവലയില്‍ നിന്നുമാരംഭിച്ച പ്രകടനം പട്ടിക്കാട് , പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പട്ടിക്കാട് ദേശീയപാതയോരത്ത് തയാറാക്കിയ യോഗസ്ഥലത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.ആര്‍. രവി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, എ.ഐ.ടി.യു.സി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, സി.ഐ.ടി.യു. നേതാവ് കെ.വി. ചന്ദ്രന്‍, ഐ.എന്‍.ടി.യു.സി. നേതാവ് ജിനേഷ് ചെമ്പൂത്ര, പി.വി. സുദേവന്‍, ഐ.എന്‍.ടി.യു.സി. നേതാവ് ചെറിയാന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു. ദേശീയ പണിമുടക്കിന്റെ ഭാഗമായി പന്ത്രണ്ടിന് അവകാശപത്രിക തൊഴിലാളികള്‍ പുറത്തിറക്കിയിട്ടുണ്ട്. ചരക്ക് കമ്പോളത്തിലെ ഊഹ കച്ചവടം നിരോധിച്ചും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ച് തൊഴിലില്ലായ്മ നിയന്ത്രിക്കുക എന്നീ തുടങ്ങി 12- ഓളം അവകാശങ്ങളാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രണ്ടുദിവസം നടത്തിയ ദേശീയ പണിമുടക്ക് വടക്കാഞ്ചേരി മേഖലയില്‍ ഭാഗികമായിരുന്നു. ആദ്യദിവസം അഞ്ചുശതമാനം കടകള്‍ തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടാംദിനത്തില്‍ പത്തുശതമാനം കടകള്‍ തുറന്നിരുന്നു.കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും രണ്ടുദിവസം നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നെങ്കിലും ഹാജര്‍ നില കുറവായിരുന്നു. കോടതികള്‍ പ്രവര്‍ത്തിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം ദിനവും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഗോരഖ്പൂര്‍ പോകുന്ന റെപ്തിസാഗര്‍ ട്രെയിനാണ് റെയില്‍വേ സ്‌റ്റേഷനില്‍ സമരക്കാര്‍ തടഞ്ഞത്. 10 മിനിറ്റോളം ട്രെയിന്‍ തടഞ്ഞ ശേഷം റെയില്‍വേ പോലീസ് എസ്.ഐ. ജി. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി അയ്യപ്പ ഭക്തര്‍ യാത്ര ചെയ്തിരുന്ന ട്രെയിനാണ് സമരക്കാര്‍ തടഞ്ഞത്. ഇന്ത്യന്‍ റെയില്‍വേ ആക്റ്റ് 174 എ 147 സെക്ഷന്‍ പ്രകാരം ട്രെയിന്‍ പിക്കറ്റിങ്ങിനാണ് 12 പേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജ്യാമത്തില്‍ വിട്ടയച്ചത്. സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി ലതാചന്ദ്രന്‍ ട്രെയിന്‍ തടയല്‍ ഉദ്ഘാടനം ചെയ്തു. കെ.എ. ഗോപി, യു. കെ. പ്രഭാകരന്‍, എം.എസ.് മെയ്തീന്‍, അര്‍ജുനന്‍, ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്കിന്റെ ഭാഗമായി ആദ്യദിനവും ട്രെയിന്‍ തടഞ്ഞിരുന്നു.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലും വടക്കാഞ്ചേരി മേഖലയില്‍ പൂര്‍ണം. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനിലേക്കു നടന്ന മാര്‍ച്ചും ധര്‍ണയും ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം.ആര്‍. സോമനാരായണന്‍ (എ ഐടിയുസി) അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.എന്‍. സുരേന്ദ്രന്‍, ജാന്‍സി ഫ്രാന്‍സിസ്, കെ.പി. മദനന്‍ (സിഐടിയു ), വി.ജെ.ബെന്നി, (എ ഐടിയുസി) എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ട്രേഡ് യൂണിയന്‍ നേതാക്കളായ എന്‍.കെ. പ്രമോദ്കുമാര്‍, കെ.ഒ. വിന്‍സെന്റ്, എം.എ. വേലായുധന്‍, എം.എസ്. അബ്ദുള്‍ റസാക്ക്, പി.പി. സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thrissur
English summary
National strike in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X