തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ആനയോട്ടം മദപ്പാടില്ലാത്ത മുഴുവന്‍ ആനകളെയും പങ്കെടുപ്പിക്കും

  • By Desk
Google Oneindia Malayalam News

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 17നു നടക്കുന്ന ആനയോട്ടചടങ്ങില്‍ 25 മുതല്‍ 30 വരെ ആനകളെ പങ്കെടുപ്പിക്കാന്‍ തീരുമാനമായി. ആനയോട്ടത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപീകരിച്ച സബ്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേവസ്വത്തിലെ 48 ആനകളില്‍ മദപ്പാടിലല്ലാത്ത ആരോഗ്യമുള്ള മുഴുവന്‍ ആനകളേയും ചടങ്ങില്‍ പങ്കെടുപ്പിക്കും. മുന്‍ നിരയില്‍ അണിനിരക്കാനുള്ള 10 ആനകളെ ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പരിശോധിച്ച് കണ്ടെത്തുക.

മുന്നില്‍ ഓടാനുള്ള അഞ്ച് ആനകളെയും കരുതലിനുള്ള രണ്ട് ആനകളേയും 16ന് ബ്രഹ്മകലശ ചടങ്ങിന് ശേഷം ക്ഷേത്രം കിഴക്കേഗോപുരത്തിന് മുന്നില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രനടയിലെ മൂന്ന് കല്യാണ മണ്ഡപങ്ങളില്‍ സൗകര്യമൊരുക്കും. ആനയോട്ടവുമായി ബന്ധപ്പെട്ട് അത്യാഹിതങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലിന്റെ ഭാഗമായി മേഖലയിലെ ആശുപത്രികള്‍ക്ക് ദേവസ്വം ജാഗ്രതാനിര്‍ദേശം നല്‍കും. ചടങ്ങില്‍ പങ്കെടുക്കുന്ന ആനകളെകൊണ്ട് തല പൊക്കിക്കുക, സല്യൂട്ട് അടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തരുതെന്ന് പാപ്പാന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും.

guruvayoor-1531

പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ കര്‍ശന പരിശോധനയുണ്ടാകും. ആനകളുടെ കൂടെ ഓടാന്‍ ആരെയും അനുവദിക്കില്ല. മഞ്ജുളാല്‍ മുതല്‍ സത്രം ഗേറ്റ് വരെ ബാരിക്കേഡ് കെട്ടിത്തിരിച്ചു കാണികള്‍ക്ക് സുരക്ഷയൊരുക്കും. ആനകള്‍ ഓടുന്നതിന് മുമ്പായി റോഡുകള്‍ വെള്ളമൊഴിച്ച് തണുപ്പിക്കും. അസഹ്യമായ ശബ്ദമുണ്ടാകാതിരിക്കാന്‍ ആനയോട്ടം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കിഴക്കേനടപ്പുരയില്‍ പ്ലാസ്റ്റിക് തോരണങ്ങളാല്‍ അലങ്കരിക്കുക. കൃത്യം മൂന്നിന് മാരാര്‍ ശംഖ് മുഴക്കുകയും ആനകള്‍ ഓടാന്‍ തുടങ്ങുകയും ചെയ്യും. ആദ്യം ഓടിയെത്തി കിഴക്കേഗോപുരം കടക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. വിജയിയായ ആനയെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനനുവദിക്കു. മറ്റ് ആനകള്‍ ക്ഷേത്രം വലംവച്ച് തിരിച്ചു പോകുകയാണ് പതിവ്. പതിവ് ക്രമപ്രകാരം ആനയൂട്ടും ഉണ്ടാകും. സബ് കമ്മിറ്റി ചെയര്‍മാനായ ദേവസ്വം ഭരണസമിതിയംഗം എം. വിജയന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.ആര്‍. സുനില്‍കുമാര്‍, പി. ശങ്കുണ്ണിരാജ, മാനേജര്‍ കെ. സുരേഷ്, സബ്കമ്മിറ്റിയംഗങ്ങളായ സജീവന്‍ നമ്പിയത്ത്, കെ.പി. ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
news about elephant running
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X