ഇരുട്ടിവെളുത്തപ്പോള്‍ യുവാവിന്റെ അക്കൗണ്ടില്‍ 2.44 കോടി; ലോട്ടറി അടിച്ചതല്ല; ഇനി ജയിലില്‍ അഴിയെണ്ണാം
തൃശൂര്‍: ഒറ്റ രാത്രി കൊണ്ട് അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിയാലോ. നിങ്ങള്‍ എന്തൊക്കെ ചെയ്യും. ചിലരാണെങ്കില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം നടത്തിയെടുക്കും, നമ്മള്‍ സ്വപ്‌നം കണ്ടതെല്ലാം പണം ചെലവാക്കി വാങ്ങും. എന്നാല്‍ ഇങ്ങനയൊക്കെ ചെയ്താല്‍ മുട്ടന്‍പണിയും നിങ്ങളെ തേടിയെത്തും. അങ്ങനെ ഒരു സംഭവാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.

യുവാക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് 2.44 കോടി രൂപയാണ്. ഇത് അബദ്ധത്തില്‍ വന്ന പണമാണെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇത് ബാങ്കിനെ അറിയിക്കാതെ യുവാക്കള്‍ ആ പണം ധൂര്‍ത്തടിച്ചു. നാല് ആപ്പിള്‍ ഫോണുകള്‍ വാങ്ങിയും ബാങ്ക് ലോണുകള്‍ എല്ലാം വീട്ടിയും പണം തീര്‍ക്കാന്‍ യുവാക്കള്‍ തീരുമാനിച്ചു.

ഇതെല്ലാം ചെയ്ത് തീര്‍ന്നിട്ടും പണം ബാക്കി വന്നപ്പോള്‍ യുവാക്കള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലും പണം ചെലവഴിച്ചു. യുവാക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത് ബാങ്ക് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. ഈ സമയത്ത് യുവാക്കളുടെ അക്കൗണ്ടില്‍ ഒരു രൂപ പോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നിയമനടപടികള്‍ ആരംഭിച്ചു.

ബാങ്ക് പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍ , മനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നവരാണ് യുവാക്കള്‍. ഇവരില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഷോപ്പിലെ ജീവനക്കാരുമാണ്.

ബാങ്കിന്‍െ സെര്‍വര്‍ മെര്‍ജിംഗ് നടപടികള്‍ നടക്കുന്ന സമയത്താണ് യുവാക്കളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തില്‍ എത്തിയത്. വളരെ അപൂര്‍വമായി മാത്രമാണ് ഇങ്ങനെ നടക്കാറുള്ളത്. ഇങ്ങനെ നടന്നാല്‍ തന്നെ അക്കൗണ്ട് ഉടമ ബാങ്ക് അധികൃതരെ വിളിച്ച് കാര്യം പറഞ്ഞ് പണം തിരിതെ നല്‍കാറാണ് പതിവ്. എന്നാല്‍ യുവാക്കള്‍ അങ്ങനെ ചെയ്തില്ല.

യുവാക്കള്‍ ആദ്യം തന്നെ തങ്ങളുടെ പേരിലുണടായിരുന്ന പേഴ്‌സണല്‍ ലോണുകള്‍ എല്ലാം തന്നെ തിരിച്ചടച്ചു. ഇതിന് ശേഷം ഐ ഫോണിന്റെ ഏറ്റവും പുതിയ നാല് ഫോണുകള്‍ വാങ്ങി. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പരിചയമുള്ളത് കൊണ്ട് ബാക്കി പണം അതിലിട്ടും കളിച്ചു. ബാങ്ക് പണം തിരിച്ചെടുക്കുന്നതിന് മുമ്പ് തന്നെ ഇത് ചെലവാക്കിത്തീര്‍ക്കാന്‍ രണ്ട് പേരും കൂടെ മത്സരിച്ചു.

പല അക്കൗണ്ടുകളില്‍ നിന്നായി ഓഹരി വിപണിയിലേക്ക് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. ഓണ്‍ലൈനായി മറ്റ് ബാങ്കുകളില്‍ പുതിയ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 51 അക്കൗണ്ടുകളിലേക്ക് പണം മാറ്റി. ഇതുകൂടാതെ ഓണ്‍ലൈനില്‍ 171 ഇടപാടുകള്‍ നടത്തി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ബാങ്ക് അധികൃതര്‍ക്ക് സംഭവിച്ച പിഴവ് മനസിലാകുന്നത്.

എല്ലാം മനസിലാക്കി ബാങ്ക് പരാതിയുമായി എത്തുമ്പോഴേക്കും യുവാവിന്റെ അക്കൗണ്ടില്‍ അഞ്ച് പൈസയുണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കള്‍ പൊലീസിന്റെ കസ്റ്റഡിയിവലാണ്. ഇവര്‍ക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications