കഞ്ചാവിന്റെ ഉറവിടം തേടി പൊലീസ് ഒഡീഷയില്‍: 'ഗഞ്ച റാണി' ഇനി കേരളത്തിലെ അഴിയെണ്ണും, ഭര്‍ത്താവ് മലയാളി
തൃശൂര്‍: ആഡംബര കാറില്‍ 221 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പോലീസ് പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തില്‍ ഒഡീഷ ഗജപതി ജില്ലയില്‍ നിന്നും രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ച റാണി എന്നറിയപ്പെടുന്ന നമിത പരീച്ച, അരുണ്‍ നായിക് എന്നിവരെയാണ് ഒഡീഷയില്‍ നിന്നും കേരള പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ്, കാറില്‍ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പോലീസും തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ശ്രമം ആരംഭിച്ചത്.

ശാസ്ത്രീയമായ അന്വേഷണമാണ് ഒഡീഷയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാടിനാല്‍ ചുറ്റപ്പെട്ട വിദൂര ഗ്രാമത്തില്‍ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് വിവരം ലഭിക്കുന്നതും, തുടര്‍ന്ന് കേരള പൊലീസ് ഇവിടെയെത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടിയതിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഡീഷ ഗജപതി ജില്ലയിലെ ''ഗഞ്ചറാണി' എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച നമിത പരീച്ച എന്ന സ്ത്രീയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നല്‍കുന്നത് എന്ന സുപ്രധാന വിവരം ലഭിച്ചത്. ഇവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച അന്വേഷണസംഘം, ഈ മാസം 14ന് കഞ്ചാവ് വിറ്റ പണം വാങ്ങുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ ഭര്‍ത്താവും ഇടനിലക്കാരനുമായ സാജനെ പാലക്കാട് വെച്ച് പിടികൂടി.
വളരെ അപൂര്‍വമായി മാത്രം കേരളത്തിലേക്ക് വന്നിരുന്ന സാജനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഈ കേസില്‍ ഒരു വലിയ വഴിത്തിരിവുണ്ടാക്കി. തുടര്‍ന്ന് സാജനുമായി പത്തുദിവസം മുമ്പ് പ്രത്യേക വാഹനത്തില്‍ നെടുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയിലേക്ക് എത്തുകയും അതീവ രഹസ്യമായി ഒഡീഷയില്‍ പത്തുദിവസത്തോളം ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അവിടത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഒഡീഷയിലെ ഗജപതി, ഗഞ്ചം, റായ്ഗഡ ജില്ലകളില്‍ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തുവരുന്നുണ്ട്. മുമ്പ് വലിയതോതില്‍ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന പ്രസ്തുത പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് കഞ്ചാവ് കൃഷി വലിയതോതില്‍ ചെയ്തുവന്നിരുന്നത്. എന്നാല്‍ കേന്ദ്രസേനയുടെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാവോയിസ്റ്റുകളുടെ സ്വാധീനം വലിയതോതില്‍ കുറഞ്ഞെങ്കിലും കാടുകളാല്‍ ചുറ്റപ്പെട്ട വിദൂര ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും കഞ്ചാവ് കൃഷി ചെയ്തു വരുന്നുണ്ട്.
കേരള പോലീസ് സംഘം ഒഡീയിലെത്തി നടത്തിയ അന്വേഷണത്തിനിടെ ബര്‍ഹാംപൂരിലുള്ള ദേശീയപാതയില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയ അരുണ്‍ നായിക്കിനെ പിടികൂടുകയും അയാളുടെ സഹായത്തോടെയാണ് ചുഡാംഗ്പൂര്‍ എന്ന വിദൂരമായ ഗ്രാമത്തില്‍വെച്ച് നമിത പരീച്ചയെ കണ്ടെത്താന്‍ കഴിഞ്ഞത്. പൊലീസ് പിടികൂടുന്ന പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്നതും പൊലീസ് സ്റ്റേഷന്‍ ആക്രമവും പതിവായ പ്രദേശമായതിനാല്‍ പ്രദേശത്തെ കഞ്ചാവ് മാഫിയ തലവനായ നമിത പരീച്ചയെ പിടികൂടുക എന്നത് തീരെ എളുപ്പമായിരുന്നില്ല.
ഒഡീഷ കേഡര്‍ മലയാളി ഐപിഎസ് ഓഫീസറും ഗജപതി ജില്ല പൊലീസ് സൂപ്രണ്ടുമായ സ്വാതി.എസ്.കുമാറിന്റെ സഹായം ലഭിച്ചതോടെ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജിതമായി. തുടര്‍ന്ന് അഡബ, മോഹന എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം തേടിയശേഷം കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം അവരെ ഗ്രാമത്തില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വര്‍ഷങ്ങളായി കേരളം, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിന് നേതൃത്വം കൊടുക്കുന്ന മാഫിയതലവനാണ് നമിത പരീച്ച. ആദ്യമായാണ് ഇവര്‍ അറസ്റ്റിലാകുന്നത്. നമിതയുടെ ഭര്‍ത്താവ് സാജന്റെ പേരില്‍ ഒഡീഷയിലെ മോഹന പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications