തൃശൂരില്‍ കത്തികാട്ടി വയോധികയുടെ മാല കവര്‍ന്നു; നഷ്ടപ്പെട്ടത് 2 പവന്റെ സ്വര്‍ണം
തൃശൂര്‍: തൃശൂരില്‍ പട്ടിക്കാട് വീട്ടില്‍ കയറി മോഷ്ടാവ് വയോധികയുടെ മാല കവര്‍ന്നു. വീട്ടിനകത്ത് ടി വി കാണുമ്പോഴായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് മാല കവര്‍ന്നത്. രണ്ട് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താന്‍ പീച്ചി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കൊച്ചിയിലും ഇന്ന് ഞെട്ടിക്കുന്ന മാലമോഷണം നടന്നിരുന്നു. കൊച്ചിയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പൊലീസ് പിടികൂടി. തമിഴ്‌നാട്ടുകാരായ സായ് രാജ്, പോള്‍ കണ്ണന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

അതേസമയം, തൃശൂരില്‍ സ്വര്‍ണ്ണാഭരണത്തിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം തട്ടിയെടുത്ത പത്തൊന്‍പതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയെ പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ അറസ്റ്റ് ചെയ്തിരുന്നു. ഹോള്‍സെയില്‍ വിലയ്ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത ചില്ല് ശ്രീകുമാര്‍ (38) എന്നു വിളിക്കുന്ന കൊല്ലം ജില്ലയിലെ പൊന്‍മന ചിറ്റൂര്‍ സ്വദേശിയായ പടിറ്റതില്‍ വീട്ടില്‍ ശ്രീകുമാറാണ് ടൌണ്‍ ഇസ്റ്റ് പോലീസിന്റെ പിടിയിലായത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വിത്തനശ്ശേരി സ്വദേശിയായ വ്യക്തിക്ക് ഹോള്‍സെയിലില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കാര്യത്തിനാണ് ഈസ്റ്റ് സ്റ്റേഷനില്‍ കേസ് റെജിസ്റ്റര്‍ ചെയ്തത്.
ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിന്നീട് പാലിയേക്കരയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങളില്‍ നിന്നും കരീലകുളങ്ങര, കായംകുളം, കനകകുന്ന്, കൊല്ലം റെയില്‍വേ, വള്ളിക്കുന്നം, ചവറ, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്ക് പത്തൊന്‍പതോളം ക്രിമിനല്‍കേസുകള്‍ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു.












Click it and Unblock the Notifications