പുലികളി സംഘത്തിന് സുരേഷ് ഗോപിയുടെ ധനസഹായം; താരം നേരിട്ടെത്തി കൈമാറിയ തുക എത്രയെന്നറിയാമോ?
തൃശൂര്‍: പുലികളി സംഘത്തിന് ധനസഹായവുമായി നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. തന്റെ മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് സുരേഷ് ഗോപി പുലികളി കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം കൈമാറിയിരിക്കുന്നത്. സുരേഷ് ഗോപി നേരിട്ടെത്തിയാണ് സാമ്പത്തിക സഹായം കൈമാറി പുലികളി സംഘത്തിന് കൈമാറിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് പുറമെയാണ് സുരേഷ് ഗോപിയും പുലികളി സംഘത്തിന് ധനസഹായം നല്‍കിയിരിക്കുന്നത്. ഓരോ പുലികളി സംഘത്തിനും 50000 രൂപ വീതമാണ് സുരേഷ് ഗോപി കൈമാറിയത്. നേരത്തെ കേന്ദ്ര സര്‍ക്കാരും പുലികളി സംഘത്തിന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടായിരുന്നു ഓരോ പുലികളി സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹായധനം അനുവദിച്ചിരുന്നത്.

തൃശൂരിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ചേരലിനോട് ചേര്‍ന്ന് തന്റെ മകളുടെ പേരിലുള്ള നല്‍കല്‍ കൂടിയുണ്ടാകണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ എത്തിയത് എന്ന് സുരേഷ് ഗോപി പറഞ്ഞു. തുകയുടെ ആദ്യ ഡ്രാഫ്റ്റ് കൈമാറാനാണ് വന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുലികളി നടത്തിപ്പില്‍ വലിയ ബാധ്യത ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
എന്നാലും ദേശങ്ങള്‍ക്ക് ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട് എന്നും അത് ലഘുകരിക്കാന്‍ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പുലികളിയിലെ സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകമാണ് പുലിക്കളി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ അവഗണിയ്ക്കുന്നുവെന്നാണ് പുലികളി സംഘങ്ങളുടെ ആരോപണം. 15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോള്‍ അഞ്ചെണ്ണമായി ചുരുങ്ങി എന്നും പുലികളി കലാകാരന്മാര്‍ പറയുന്നു. അതേസമയം ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും.
കടുത്ത വര്‍ണങ്ങളണിഞ്ഞ പുലിവീരന്‍മാരും പെണ്‍പുലികളും കുട്ടിപ്പുലികളും തൃശൂര്‍ നഗരത്തെ വളയും. പുള്ളിപ്പുലി, വരയന്‍ പുലി, ചീറ്റപ്പുലി എന്ന് തുടങ്ങി കരിമ്പുലിയും ഹിമപ്പുലിയും വരെ വാദ്യമേളങ്ങള്‍ക്കൊപ്പം ചുവടുവെക്കും. വിയ്യൂര്‍ സെന്റര്‍, സീതാറാം മില്‍, കാനാട്ടുകര ദേശം, അയ്യന്തോള്‍, ശക്തന്‍ പുലിക്കളി എന്നിവയാണ് ഇത്തവണത്തെ പുലിക്കളിക്കുള്ള സംഘങ്ങള്‍.












Click it and Unblock the Notifications