പശുക്കള്‍ കൃഷിനശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു
തൃശൂര്‍: പശുക്കള്‍ കൃഷിനശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. മനക്കൊടി ചേറ്റുപുഴ കിഴക്കേകോള്‍പടവില്‍ ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. വിമുക്തഭടന്‍ പൊറത്തൂര്‍ പള്ളിക്കുന്നേല്‍ ജോണിയും മനക്കൊടി പുലിക്കോട്ടില്‍ വീട്ടില്‍ ജോസും തമ്മിലായിരുന്നു തര്‍ക്കം. ജോണിന് കിഴക്കേകോള്‍പടവിനോട് ചേര്‍ന്ന് സ്വന്തമായി കൃഷിസ്ഥലമുണ്ട്. ജോണിന്റെ കൃഷി, ജോസിന്റെ പശുക്കള്‍ സ്ഥിരമായി നശിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വാക്കേറ്റം.
പശുവിനെക്കെട്ടാന്‍ കൊണ്ടുവന്ന ഇരുമ്പു കമ്പികൊണ്ട് ജോണിനെ ജോസ് ആക്രമിച്ചുവെന്നാണ് ആരോപണം. വെട്ടുകത്തികൊണ്ട് ജോണ്‍, ജോസിനെയും വെട്ടി. മുഖത്തും ചെവിക്കും തോളെല്ലിനും മൂന്ന് വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോണിന് കാലിനാണ് ഇരുമ്പുവടിക്കൊണ്ട് അടിയേറ്റിട്ടുള്ളത്.

ജോസ് മദര്‍ ആശുപത്രിയിലും ജോണ്‍ ജില്ലാ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. കോള്‍പടവിലേക്ക് മേയാന്‍ വിടുന്ന പശുക്കള്‍ കൃഷി നശിപ്പിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ ആറ് കേസുകള്‍ നിലവിലുണ്ട്.












Click it and Unblock the Notifications