മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം: ഓര്‍ത്തഡോക്‌സുകള്‍ കുത്തിയിരിപ്പ് സമരം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്ക് പുറത്ത് കുത്തിരിയിപ്പ് ആരംഭിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രീം കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് വികാരിക്ക് ചുമതല കൈമാറണമെന്ന് യാക്കോബായ സഭയോടാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഇന്നലെ രാവിലെ 9.30 ഓടെ പള്ളിയിലെത്തിയത്. വിവരം മുന്‍കൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗത്തില്‍പ്പെട്ട 300 ഓളം പേര്‍ പള്ളിക്കുള്ളില്‍ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാര്‍ഥനായജ്ഞം തുടങ്ങി.
പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതുമൂലം അഞ്ച് പുരോഹിതന്മാരടങ്ങുന്ന സംഘം ഗെയ്റ്റിനു വെളിയില്‍ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സ്ഥലത്തെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപകന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസും കുത്തിയിരിപ്പില്‍ പങ്കുചേര്‍ന്നു. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ കുത്തിയിരിപ്പില്‍നിന്നും പിന്‍തിരിയില്ലെന്ന് ഭദ്രാസനാധിപന്‍ അറിയിച്ചു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ ഇടപെട്ട് തൃശൂര്‍ എ.സി.പി യുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ പള്ളിയില്‍ നേരിട്ടെത്തിയത്. ആറു വര്‍ഷം മുമ്പും പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കോടതി ഉത്തരവില്‍ സംരക്ഷണം നല്‍കണമെന്ന കാര്യം പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടില്ല. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരും സ്ഥലത്തെത്തി കുത്തിയിരിപ്പ് തുടങ്ങിയിട്ടുണ്ട്. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയ്ക്ക് പുറത്തും രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. ജില്ലാകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ആരാധനയ്ക്കായി പള്ളിയിലെത്തിയത്. എന്നാല്‍ ജില്ലാ കോടതിയുടെ ഉത്തരവില്‍ തങ്ങള്‍ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പക്ഷം. കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലും പരിഗണനയിലാണ്. അതിനാല്‍ പള്ളി വിട്ടുനല്‍കാനാവില്ലെന്നാണ് യാക്കോബായ നിലപാട്.

ഇതിനിടെ മണ്ണുത്തിയിലെ ഓര്‍ത്തഡോക്‌സ് സഭാആസ്ഥാനത്ത് യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ എത്തിയതോടെ തടിച്ചുകൂടിയ യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാടിലാണ്. യൂഹന്നാന്‍ മിലിത്തോസ് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ള മെത്രാന്‍മാരുടെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രതിഷേധം. ഓര്‍ത്തഡോക്‌സ് വിഭാഗമെന്ന് അവകാശപ്പെടുന്നവരില്‍ ഭൂരിഭാഗവും പ്രദേശത്തുള്ളവരല്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. മാന്ദാമംഗലം സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ മണ്ണുത്തി ഓര്‍ത്തഡോക്‌സ് ഭദ്രാസനം പിടിച്ചെടുക്കാനെത്തിയപ്പോള്‍ തിരുമേനി ഡോ. ഏലിയാസ് മാര്‍ അത്താനിയോസ് പിന്തിരിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്ക് പുറത്ത് കുത്തിരിയിപ്പ് ആരംഭിച്ചപ്പോള്‍.












Click it and Unblock the Notifications