തൃശൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫ് പിടിക്കുമോ; പുല്ലഴിയില്‍ വിജയിച്ചാല്‍ അത്ഭുതം സംഭവിക്കാം, സാധ്യത ഇങ്ങനെ
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുടനീളം ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണത്ത പ്രകടനം തുടരാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടന്ന 54 ഡിവിഷനുകളില്‍ 24 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 23 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് തൊട്ടുപിറകിലെത്തി. ബിജെപിക്ക് ആറ് ഡിവിഷനുകളും ലഭിച്ചു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ കോണ്‍ഗ്രസ് വിമതനായി വിജയിച്ച എംകെ വര്‍ഗീസിന് മേയര്‍ സ്ഥാനം നല്കിയ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പോടെ തൃശൂര്‍ കോര്പ്പറേഷന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

തൃശൂര്‍ കോര്പ്പറേഷന്
തൃശൂര്‍ മാത്രമല്ല, സംസ്ഥാന തന്നെ ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പാണ് കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ നടക്കാന്‍ പോവുന്നത്. ഇടതു സ്ഥനാര്‍ത്ഥിയായ അഡ്വ എംകെ മുകുന്ദന് അന്തിരിച്ചതിന് തുടര്‍ന്നായിരുന്നു നേരത്തെ ഇവിടെ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുല്ലഴി ഡിവിഷന് ജയിച്ചാല്‍ ഭരണം ഉറപ്പിക്കാം എന്നതാണ് എല്‍ഡിഎഫിന്റെ ആലോചന. അതേസമയം, വാര്‍ഡ് പിടിച്ചെടുത്താന്‍ കോര്പ്പറേഷന് ഭരണം വരെ മറിയാനുള്ള സാധ്യതയാണ് യുഡിഎഫിന് മുന്നിലുള്ളത്.

പുല്ലഴി ഡിവിഷനില്‍
പുല്ലഴി ഡിവിഷനില്‍ വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചാല്‍ കോര്‍പ്പറേഷനിലെ അംഗബലത്തില്‍ എല്‍ഡിഎഫിന് ഒപ്പമെത്താന്‍ സാധിക്കും. ഇതോടെ നിലവില്‍ മേയറായ കോണ്‍ഗ്രസ് വിമതനേയും കൂട്ടി ഭരണം തിരിച്ചു പിടിക്കാമെന്നതാണ് യിഡിഎഫ് തന്ത്രം. എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ ഉള്ള സാഹചര്യത്തിലാണ് വര്‍ഗീസ് അവരോടൊപ്പം കൂട്ട് കൂടിയതെന്നും മേയര്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായാല്‍ കോണ്‍ഗ്രസിന് ഒപ്പം തന്നെ നില്‍ക്കാനാണ് അദ്ദേഹത്തിന് താല്പര്യമെന്നും പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു.

മേയര്‍ സ്ഥാനം
ആദ്യ രണ്ട് വര്‍ഷത്തേക്കാണ് വര്‍ഗീസിന് എല്‍ഡിഎഫ് മേയര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ പുല്ലഴി ഡിവിഷനില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 5 വര്‍ഷവും മേയര്‍ സ്ഥാനമെന്ന വാഗ്ദാനം കോണ്‍ഗ്രസ് വര്‍ഗീസിന് നല്‍കിയേക്കും. ഇതിന് പുറമെ കെപിസിസി, ഡിസിസി ഭാരവാഹിത്വം, ആവശ്യമെങ്കില്‍ ഡിസിസി പ്രസിഡന്റുവരെയാക്കാന്‍ തയ്യാറാണെന്നാണ് യുഡിഎഫ് നേരത്തെ വര്‍ഗീസിനെ അറിയിച്ചിരുന്നു.

വര്‍ഗീസിന്റെ പിന്തുണ
വര്‍ഗീസിന്റെ പിന്തുണ എക്കാലത്തും ലഭിക്കുമെന്ന ഉറപ്പ് എല്‍ഡിഎഫിനും ഇല്ല. അതുകൊണ്ട് തന്നെ പുല്ലഴിയില്‍ വിജയിച്ച് ഭരണം ഉറപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമം. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറെയാണ് ഇടതുമുന്നണി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അഡ്വ മഠത്തില്‍ രാമന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഇദ്ദേഹത്തിന്റെ വാര്‍ഡിലെ സ്വാധീനം കണക്കിലെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിമതന്
2000ല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു രാമന്‍കുട്ടി. 1987 മുതല്‍ അയ്യന്തോള്‍ പഞ്ചായത്തംഗംവും 1995ല്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. 2015ലെ തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം കോണ്‍ഗ്രസുമായി ഇടയുന്നത്. അന്ന് മഠത്തില്‍ രാമന് കുട്ടി വിമതനായി മത്സരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ വാര്‍ഡില്‍ എല്‍ഡിഎഫ് ആദ്യമായി വിജയിക്കുന്നത്. എന്നാല്‍ ഇക്കുറി വാര്‍ഡും ഒപ്പം കോര്പ്പറേഷന് ഭരണവും പിടിക്കാനാണ് യുഡിഎഫ് ശ്രമം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ കെ രാമനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നേരത്തെ തന്നെ പ്രചാരണം തുടങ്ങാന്‍ കഴിഞ്ഞതിനാല്‍ വലിയ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് ക്യാമ്പും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ ജനങ്ങള്‍ ഭരണമാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. എന്നാല്‍ അവിശുദ്ധ കൂട്ട് കെട്ടിലൂടെ എല്‍ഡിഎഫ് ഭരണത്തിലേറുകയായിരുന്നെന്നും യുഡിഎഫ് ആരോപിക്കുന്നു.

എന്‍ഡിഎയില്‍
എന്‍ഡിഎയില്‍ ബിഡിജെഎസിന് ആയിരുന്നു നേരത്തെ സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബിജെപി സീറ്റ് തിരിച്ചെടുത്തു. ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗം സന്തോഷ് പുല്ലഴിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ട് മുന്നണികളേയും പിന്തള്ളി തങ്ങള്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ബി ഗോപാലകൃഷ്ണന് ഉള്‍പ്പടേയുള്ള നേതാക്കളെ ബിജെപി പ്രചാരണത്തിന് എത്തിച്ചേക്കും. ജനുവരി 21 നാണ് തിരഞ്ഞെടുപ്പ്.