തൃശൂരിൽ ഗുണ്ടാ വേട്ടയ്ക്കൊരുങ്ങി പോലീസ്... കാപ്പ പ്രകാരം അറസ്റ്റുചെയ്ത ഗുണ്ടകളെ വീണ്ടും അതേ വകുപ്പനുസരിച്ച് പിടികൂടാൻ നീക്കം!!
തൃശുര്‍: ഗുണ്ടകള്‍ക്ക് എതിരായ പോലീസ് നടപടി ശക്തമാക്കുന്നു. കാപ്പ പ്രകാരം അറസ്റ്റുചെയ്ത ഗുണ്ടകളെ വീണ്ടും അതേ വകുപ്പനുസരിച്ച് പിടികൂടാനാണ് പോലീസ് നീക്കം. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വടക്കാഞ്ചേരി കിഴക്കേമാട്ടുമ്മല്‍ വീട്ടില്‍ അരുണ്‍ എന്ന കടു(24)വിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. വിവിധ സ്ഥലങ്ങളില്‍ സമാനനടപടിയുണ്ടാകുമെന്നാണു സൂചന.
കടു രണ്ടാംതവണയാണു കാപ്പ പ്രകാരം പിടിയിലാകുന്നത്. ആദ്യ കരുതല്‍ തടങ്കലിനു ശേഷം ജയില്‍മോചിതനായ ഇയാള്‍ മണ്ണുത്തി കല്ലടബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വീണ്ടും പിടിയിലായിരുന്നു. കുരിയച്ചിറയില്‍ യുവാവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ കേസിലും പ്രതിയായിരുന്നു. തുടര്‍ന്നാണു വീണ്ടും കാപ്പ ചുമത്താന്‍ തീരുമാനിച്ചത്. ഒല്ലൂര്‍, മണ്ണുത്തി, കൊല്ലങ്കോട് എന്നീ സ്‌റ്റേഷനുകളില്‍ റൗഡിയാണ്.

വധശ്രമമുള്‍പ്പെടെ ഒമ്പതു കേസുകള്‍ നിലവിലുണ്ട്. അഞ്ചേരി പല്ലന്‍കോളനിയില്‍ സുധി എന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും കുരിയച്ചിറ ഐക്യനഗറിലുള്ള വിജേഷ് എന്നയാള്‍ പ്രതിക്കെതിരേ പോലീസില്‍ പരാതിപ്പെടുവാന്‍ മറ്റൊരാളെ സഹായിച്ചെന്ന പേരില്‍ വീട്ടിലെത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായും കേസുണ്ട്. വളര്‍ക്കാവ് ഗാന്ധിഗ്രാമത്തിലുള്ള ഷീല, തോട്ടപ്പടിയിലുള്ള ശാന്ത എന്നിവരുടെ വീട്ടിലും അര്‍ധരാത്രി സംഘം ചേര്‍ന്ന് കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതിനുപുറമേ കഞ്ചാവു കൈവശം വച്ചതിനും കേസുണ്ട്.
ഗുണ്ടാസംഘങ്ങള്‍ക്കെതിരേ ശക്തമായ നീക്കം നടത്താന്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണു നടപടിയെന്ന് പോലീസ് അറിയിച്ചു. തൃശൂര്‍ അസി.പോലീസ് കമ്മിഷണര്‍ വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം ഒല്ലൂര്‍ എസ്.ഐ.: ബെന്നി ജേക്കബ്, ഈസ്റ്റ് എസ്.ഐ: പി.എം.രതീഷ്, എ.എസ്.ഐ. സുരേഷ്, സി.പി.ഒമാരായ നീലകണ്ഠന്‍, ശശിധരന്‍, ജിന്റ്റോ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications