'സുഖമായി ഉറങ്ങുക; കാവലിരിക്കാന്‍ ഞങ്ങളുണ്ട്'; പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍
തൃശൂര്‍: രാത്രി ഏറെ വൈകി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തിയ ദമ്പതികള്‍ക്ക് സഹായ ഹസ്തം നീട്ടി എസ് ഐയും സംഘവും. കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ പൊലീസിനെ സമീപിച്ചത്.
തുടര്‍ന്ന് പൊലീസ് ഇവര്‍ക്കൊപ്പം താമസിക്കുന്ന വൃദ്ധനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് അദ്ദേഹത്തിന് ജീവന്‍ തിരിച്ച് ലഭിക്കാന്‍ കാരണമായത്. പിന്നീട് ഈ ദമ്പതികള്‍ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയും മാപ്പ് പറയുകയും ചെയ്തു.

കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പോലീസ് സ്റ്റേഷനിലെത്തുന്ന ഓരോ ആളുകള്‍ക്കും പറയാനുണ്ടാകും ഇത്തരത്തിലുള്ള സ്വന്തം അനുഭവങ്ങള്‍. ഇങ്ങനെയൊക്കെ നിങ്ങള്‍ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം പുറംലോകം അറിയുന്നത്. നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാന്‍ ഞങ്ങളുണ്ട്- പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
ഇന്നലെ രാത്രി പത്തരമണിക്ക് തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയും പുരുഷനും കയറി വന്നു.
അവര്‍ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. തോമസ് അവരോട് കാര്യങ്ങള്‍ തിരക്കി.
സാര്‍, രക്ഷിക്കണം.
ഞങ്ങളുടെ അച്ഛന്‍ കൈതണ്ടയില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വാര്‍ന്നു കിടക്കുകയാണ്. ആശുപത്രിയിലെത്തിക്കുന്നതിന് അദ്ദേഹം സമ്മതിക്കുന്നില്ല. പെട്ടന്ന് വീട്ടിലേക്ക് വന്ന് അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണം.
അവര്‍ കരയുകയായിരുന്നു.
സംഭവം കേട്ട ഉടന്‍തന്നെ സബ് ഇന്‍സ്‌പെക്ടര്‍ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ സിറിള്‍ പി.എസ്, ഹോം ഗാര്‍ഡ് ബാബു എന്നിവരുമൊത്ത് പോലീസ് വാഹനത്തില്‍ അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് അയാള്‍ സ്വന്തം കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ചത്. എഴുപത് വയസ്സാണ് പ്രായം. മുറിയിലാകെ രക്തം വാര്‍ന്നു കിടക്കുന്നുണ്ട്. എന്നിട്ടും അയാള്‍ മുറിയില്‍ കിടന്ന് ഉലാത്തുകയാണ്. വീട്ടിലെ എന്തോ പ്രശ്‌നത്തെത്തുടര്‍ന്നുള്ള ദ്വേഷ്യത്തിന് ചെയ്തതാണിത്.
പോലീസുദ്യോഗസ്ഥര്‍ അവിടെയെത്തിയപ്പോഴും അയാളുടെ മുഖത്ത് ആ ദ്വേഷ്യഭാവം വിട്ടുപോയിട്ടില്ല. പോലീസുദ്യോഗസ്ഥര്‍ വളരെ അനുനയത്തോടെ അയാളോട് സംസാരിച്ചു. പോലീസുദ്യോഗസ്ഥരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തില്‍ അയാള്‍ വഴങ്ങി. അങ്ങിനെ അയാളെ, വീട്ടുകാരേയും കൂട്ടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിച്ച അയാളെ ഡോക്ടര്‍ പരിശോധിച്ച്, മുറിവുകള്‍ തുന്നിക്കെട്ടുകയും, മതിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വളരെ ആഴത്തിലുള്ള മുറിവായിരുന്നു അതെന്നും, പന്ത്രണ്ട് സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതുകൊണ്ട് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
പോലീസുദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നും തിരികെപോന്ന് പോലീസ് സ്റ്റേഷനിലെത്തി പതിവു ഡ്യൂട്ടികള്‍ തുടരുകയായിരുന്നു.
നേരത്തെ വന്ന സ്ത്രീയും പുരുഷനും ഇതാ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് കയറിവരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ തോമസ് ആകാംക്ഷയോടെ അവരെ നോക്കി ചോദിച്ചു.
എന്തെങ്കിലും സംഭവിച്ചോ ?
സര്‍,
ഞങ്ങള്‍ അങ്ങയോടും മറ്റ് പോലീസുദ്യോഗസ്ഥരോടും നന്ദി പറയാന്‍ വന്നതാണ്. ആരും സഹായത്തിനില്ലാത്ത അവസ്ഥയില്‍ മടിച്ചുകൊണ്ടാണ് ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്. അങ്ങയുടേയും സഹപ്രവര്‍ത്തകരുടേയും സഹായം കൊണ്ടാണ് എന്റെ അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. വളരെ നന്ദി സര്‍.
അവര്‍ കരയുന്നുണ്ടായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ തോമസ് അവരെ സ്‌നേഹത്തോടെ യാത്രയാക്കി.
പോലീസ് സ്റ്റേഷനിലെത്തുന്ന ഓരോ ആളുകള്‍ക്കും പറയാനുണ്ടാകും ഇത്തരത്തിലുള്ള സ്വന്തം അനുഭവങ്ങള്‍. ഇങ്ങനെയൊക്കെ നിങ്ങള്‍ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം പുറംലോകം അറിയുന്നത്.
നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാന്‍ ഞങ്ങളുണ്ട്.












Click it and Unblock the Notifications