'റീ കൗണ്ടിംഗിനിടെ വൈദ്യുതി നിലച്ചു, തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു', എസ്എഫ്ഐക്കെതിരെ കോൺഗ്രസ്
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം കെഎസ്യുവിന്റെ ശ്രീക്കുട്ടൻ ആയിരുന്നു ഒരു വോട്ടിന് വിജയിച്ചത്. എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം നടത്തിയ റീ കൗണ്ടിംഗിൽ എസ്എഫ്ഐയുടെ അനിരുദ്ധൻ 11 വോട്ടുകൾക്ക് വിജയിച്ചു. തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം: കേരളവർമ്മയിൽ
ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ K S U ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും.
അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും.
കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകൾ: ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവർമ്മ കലാലയത്തിൽ വിദ്യാർത്ഥികൾ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെയാണ്. സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകർ എണ്ണി തോൽപ്പിച്ചാൽ മാറുന്നതല്ല വിദ്യാർത്ഥികളുടെ ആ തീരുമാനം.
സിപിഎമ്മിന്റെ ക്രിമിനൽ പോഷക സംഘടന വിജയിക്കുന്നതുവരെ വോട്ടെണ്ണണം എന്ന രീതിയൊക്കെ എത്രമാത്രം അപഹാസ്യമാണ്, എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ് എന്ന് കേരളം മനസ്സിലാക്കുക . ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാർത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു. കേരളവർമ്മ കോളേജിലെ "കുട്ടികൾ ചെയർമാനായി തെരഞ്ഞെടുത്ത " ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ.

വിടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സ്വന്തം കോളേജിലാണ് വിദ്യാർത്ഥികൾ വോട്ടെടുപ്പിലൂടെ ജയിപ്പിച്ച ഒരു ചെയർപേഴ്സണെ, സ്വന്തം കാഴ്ചപരിമിതികൾക്കപ്പുറത്തും ഒരു കാമ്പസിന്റെ കണ്ണിലുണ്ണിയായ കഴിവുറ്റ ചെറുപ്പക്കാരനെ, എസ്എഫ്ഐക്കാരും ചില അധ്യാപകരും ദേവസ്വം ബോർഡ് അധികൃതരുമൊക്കെച്ചേർന്ന് വീണ്ടും വീണ്ടും എണ്ണിത്തോൽപ്പിച്ചിരിക്കുന്നത്.
ഇരുട്ടിന്റെ മറവിൽ നടന്ന റീകൗണ്ടിംഗിൽ നേരത്തേ അസാധുവായി പ്രഖ്യാപിക്കപ്പെട്ട പല വോട്ടുകളും സാധുവായപ്പോൾ, നേരത്തേ സാധുവായിരുന്ന പല വോട്ടുകളും അസാധുവായപ്പോൾ ആദ്യം വിജയിയായി പ്രഖ്യാപിക്കപ്പെട്ട ശ്രീക്കുട്ടൻ തോറ്റുപോയത്രേ!
ജനാധിപത്യം എന്ന സങ്കൽപ്പം നാണിച്ചുപോവുന്നു. കമ്മ്യൂണിസ്റ്റ് ചൈനയിലെ ഷീ ജിൻപിംഗിനേപ്പോലെ ഏതെങ്കിലും എസ്എഫ്ഐക്കാരനെ കേരളവർമ്മയിലെ ആജീവനാന്ത ചെയർമാനായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പ് നാടകം തന്നെ വേണ്ടെന്ന് വയ്ക്കാമായിരുന്നു.












Click it and Unblock the Notifications