'പ്രാണ: എയർ ഫോർ കെയർ' പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്, കോവിഡ് രോഗികൾക്ക് ഓക്‌സിജൻ
തൃശൂർ: കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനായി 'പ്രാണ: എയർ ഫോർ കെയർ' പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്. ഒരു കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തും.
കേന്ദ്രീകൃത സക്ഷൻ സംവിധാനം, ഓക്‌സിജൻ കിട്ടുന്ന രോഗികളെ പരിചരിക്കാൻ ഉള്ള സംവിധാനങ്ങൾ, മോണിറ്ററുകൾ, സെൻട്രൽ ഗ്യാസ് പ്ലാന്റ് നവീകരണം എന്നിവ ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതുമായി സഹകരിക്കുന്ന വ്യക്തികളെ ആദരിക്കുകയും ചെയ്യും. 'പ്രാണ : എയർ ഫോർ കെയർ' പദ്ധതിയിലേക്ക് ജില്ലയിലെ 102 സഹകരണ സംഘങ്ങളുടെ സംഭാവന കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിന് കൈമാറി.

ഓക്‌സിജൻ ബെഡുകൾ വാങ്ങുന്നതിനായി 12 ലക്ഷം രൂപയാണ് ജില്ലയിലെ വിവിധ സഹകരണസംഘങ്ങൾ സമാഹരിച്ച് നൽകിയത്. കളക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, പ്രാണ നോഡൽ ഓഫീസർ ഡോ. ലിജോ ജെ കൊല്ലംകുന്നേൽ, എപിഡമിക് സെൽ ഓഫീസർ ഡോ. ബിനു എന്നിവർ പങ്കെടുത്തു. അതിനിടെ ജില്ലയിൽ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 111 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 33 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 11, ചാലക്കുടി ക്ലസ്റ്റർ 7, നടവരമ്പ് ക്ലസ്റ്റർ 1, ആരോഗ്യപ്രവർത്തകർ 7, പോലീസ് 1, മറ്റ് സമ്പർക്കം 51, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.












Click it and Unblock the Notifications