കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ ചാലക്കുടിയില്‍ പിടിയില്‍: പിടിയിലായത് ഒളിവു ജീവിതത്തിനിടയില്‍
തൃശൂര്‍: കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ എറണാകുളം ജില്ല കാലടി ഈസ്റ്റ് ഒക്കല്‍ ചേലാമറ്റം ബദരിയ മസ്ജിദിനു സമീപം പാറാട്ട് വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സലിക്കാക്ക എന്നറിയപ്പെടുന്ന ജാഫറിനെ (38) ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ. വി.എസ്. വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ സജീവമായിരുന്ന ക്വട്ടേഷന്‍ സംഘമായ കാലടി സ്വദേശി പോട്ടിമാര്‍ട്ടിന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു ക്വട്ടേഷന്‍കാരുടെ ഇടയില്‍ 'സലിക്കാക്ക' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ജാഫര്‍. ബോംബേറിലെ വൈദഗ്ധ്യമാണ് ജാഫറിനെ ക്വട്ടേഷനെന്ന മേഖലയില്‍ കുപ്രസിദ്ധനാക്കിയത്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാണ് ഇവര്‍ ആളുകളെ ആക്രമിക്കാന്‍ പുറപ്പെടുന്നത് എന്നതിനാല്‍ അതിക്രൂരമായിട്ടായിരുന്നു ക്വട്ടേഷന്‍ പൂര്‍ത്തിയാക്കിയിരുന്നത്.

2003 നവംബറില്‍ ചാലക്കുടി പേരാമ്പ്ര വില്ലേജ് വി.ആര്‍. പുരം അസീസി നഗര്‍ സ്വദേശിയെ ഇയാളുടെ വ്യാപാര എതിരാളികളുടെ ക്വട്ടേഷന്‍ പ്രകാരം ജാഫറിന്റെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘം വടിവാളുകളും ഇടിക്കട്ടകളും മറ്റുമായി ആക്രമിച്ച് മൃതപ്രായനാക്കി. ഇയാളുടെ ഏഴരപ്പവനോളം തൂക്കംവരുന്ന സ്വര്‍ണമാലയും പതിനയ്യായിരം രൂപയോളം വിലവരുന്ന വിദേശനിര്‍മിത റിസ്റ്റ് വാച്ചും കവര്‍ച്ചചെയ്ത കേസിലാണ് ജാഫറിനെ അറസ്റ്റ് ചെയ്യുന്നത്.
രണ്ടായിരത്തി നാലില്‍ ജനുവരി ആദ്യവാരം ആലുവയ്ക്കടുത്ത് കീഴ്മാട് സ്വദേശി സജീറിനെ റബര്‍ത്തോട്ടത്തില്‍ പതിയിരുന്ന് ബോംബെറിഞ്ഞു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അതേവര്‍ഷമവസാനത്തോടെ കാലടിയിലെ പ്രമുഖ വ്യവസായിയെ ക്വട്ടേഷനേറ്റെടുത്ത് സമാനരീതിയില്‍ കാറില്‍ സഞ്ചരിക്കവേ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നേതൃത്വം വഹിച്ചിരുന്നു.
കൂടാതെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ബോംബെറിഞ്ഞും വടിവാള്‍, ഇടിക്കട്ട, ജാക്കി ലിവര്‍, സൈക്കിള്‍ ചെയിന്‍ മുതലായവ ഉപയോഗിച്ചും ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള അഞ്ചോളം കേസുകളില്‍ പ്രതിയാണ്. കാലടി, അങ്കമാലി, കൊടകര മുതലായ സ്‌റ്റേഷനുകളില്‍ ഹൈവേ കേന്ദ്രീകരിച്ച് മാരകായുധങ്ങളുപയോഗിച്ച് പണവും മറ്റും തട്ടിയെടുത്ത കേസുകളിലും പ്രതിയാണ് ജാഫര്‍. അക്കാലത്ത് ഇവരുടെ സംഘത്തിന്റെ തേര്‍വാഴ്ച മൂലം ജനങ്ങള്‍ ഏറെ ഭയപ്പെട്ടാണ് ജീവിച്ചിരുന്നത്. ചാലക്കുടിയിലെ കേസില്‍ ജാമ്യമെടുത്ത ശേഷം അയല്‍ സംസ്ഥാനത്തേക്ക് മുങ്ങിയ ഇവരുടെ സംഘത്തിലെ ജാഫറൊഴികെയുള്ള സംഘാംഗങ്ങളെയെല്ലാം പലപ്പോഴായി പിടികൂടിയിരുന്നെങ്കിലും ജാഫര്‍ ഒളിവില്‍ത്തന്നെ കഴിയുകയായിരുന്നു.
ജാഫറിനെപ്പറ്റി അന്വേഷിക്കുന്നതിനും പിടികൂടുന്നതിനും എ.എസ്.ഐ. ജിനുമോന്‍ തച്ചേത്ത്, സീനിയര്‍ സി.പി.ഒമാരായ സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, മനോജ് ടി.ജി., സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.യു. സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. ഇരിങ്ങാലക്കുട സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയ ജാഫറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
ഒന്നിലേറെ വിവാഹം കഴിച്ച ജാഫര്‍ പിടിക്കപ്പെടാതിരിക്കാനായി അടിക്കടി വീടും സ്ഥലവും മാറുകയും ബന്ധുക്കളോടോ സുഹൃത്തുക്കളുമായോ അടുപ്പം പുലര്‍ത്താതെയുമാണ് കഴിഞ്ഞിരുന്നത്. ക്വട്ടേഷന്‍ സംഘത്തിലെതന്നെ അംഗമായിരുന്ന അങ്കമാലി സ്വദേശിയുടെ സഹോദരിയെയാണ് ജാഫര്‍ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ചത്. അന്യ മതസ്ഥയായിരുന്ന ഇവര്‍ കേരളത്തിനു പുറത്ത് ജാഫര്‍ ഒളിവില്‍ കഴിയവെ ഇയാളുടെ ലഹരി ഉപയോഗിച്ച ശേഷമുള്ള ക്രൂരമര്‍ദനവും മറ്റും താങ്ങാനാവാ തായതോടെ വിവാഹബന്ധം വേര്‍പെടുത്തി.
തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തിയ ജാഫര്‍ വീട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയായതോടെ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ഓട്ടുപാറ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയവെ ഒരു യുവതിയുമായി പ്രണയത്തിലാകുകയും തുടര്‍ന്ന് അവരെ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് അവിടംവിട്ട ഇയാള്‍ പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുമ്പോഴാണ് ചാലക്കുടി പോലീസ് ഇയാളെ അന്വേഷിച്ച് ഒക്കലിലും ഓട്ടുപാറയിലും മറ്റും ചെന്നതായറിയുന്നത്.
തുടര്‍ന്ന് വാടകവീടൊഴിഞ്ഞ ഇയാള്‍ ചെര്‍പ്പുളശ്ശേരിയിലും തിരുമിറ്റക്കോടും കുടുംബസമേതം താമസിച്ചുവെങ്കിലും പിന്നാലെയെത്തിയ പോലീസിന്റെ കൈയില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. മൂന്നുമാസത്തോളമലഞ്ഞ പോലീസ് സംഘം പിന്നീട് അങ്കമാലി സ്വദേശിനിയായ ആദ്യ ഭാര്യയെ കണ്ടെത്തുകയും ഇവരുടെ സഹോദരന്റെ ഫോണ്‍നമ്പര്‍ കൈവശപ്പെടുത്തി അതിലൂടെ തൃശൂര്‍ ചിറ്റി ശ്ശേരി ഭാഗത്ത് ജാഫര്‍ ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി അവിടെനിന്നു പിടികൂടുകയായിരുന്നു.












Click it and Unblock the Notifications