തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളി മന്ത്രാലയം; നിങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കാന്‍ സംവിധാനമുണ്ടാകുമെന്ന് രാഹുല്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുപിഎ അധികാരത്തില്‍ വന്നാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിലൂടെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗം പരിഹാരം കണ്ടെത്താന്‍ സംവിധാനമുണ്ടാക്കും. ഓഖി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തവേളകളില്‍ ജനത്തെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ലെന്നു അദ്ദേഹം ചൂണ്ടികാട്ടി.

ബന്ധുക്കളെല്ലാം ബിജെപിക്കാരാണോ? തരൂരിന്റെ മറുപടി ഇങ്ങനെ

ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ഇതു വീണ്ടും സംഭവിക്കാതിരിക്കാനാണ് മന്ത്രാലയം കൊണ്ടുവരുക. നിങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കാന്‍ സംവിധാനമുണ്ടാകും. പ്രധാനമന്ത്രി മോഡിയെ പോലെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന ആളല്ല താന്‍. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ പറയാറുള്ളൂ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും അടിസ്ഥാന വേതനം ഉറപ്പാക്കും.

Rahul Gandhi

നിശ്ചിത തുക അടിസ്ഥാന വേതനമായി കണക്കാക്കി അതിനു താഴെ വരുമാനം ലഭിക്കുന്നവര്‍ക്ക് സഹായം നല്‍കും. അടിസ്ഥാനവേതനം ഉറപ്പായാല്‍ ദാരിദ്ര്യം തുടച്ചു നീക്കാനുള്ള പദ്ധതി നടപ്പാക്കും. അതിസമ്പന്നരായ 15 പേരാണ് മോഡിയുടെ പ്രതിഛായ നിശ്ചയിക്കുന്നത്. അംബാനിയും നീരവ് മോഡിയും എന്തെങ്കിലും മന്ത്രിച്ചാലും 10 സെക്കന്‍ഡിനുള്ളില്‍ സന്ദേശം പ്രധാനമന്ത്രിയുടെ ചെവിയിലെത്തും.

കര്‍ഷകരോ മത്സ്യതൊഴിലാളികളോ ചെറുകിട വ്യവസായികളോ ഉറക്കെ ശബ്ദിച്ചാലും പ്രധാനമന്ത്രി കേള്‍ക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ നില മാറ്റും. രാജ്യത്ത് വ്യവസായങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. സത്യസന്ധരായ വ്യവസായ പ്രമുഖരും രാജ്യത്തുണ്ട്. എന്നാല്‍ കാപട്യമുള്ള ധനികരെ അംഗീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി.

കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കുമ്പോള്‍ പലരും തനിക്ക് എതിരേ പരാതി പറയുകയാണ്. ഇവരെ കുറിച്ച് മാത്രമാണോ ചിന്തിക്കുന്നതെന്നാണ് ചോദ്യം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കര്‍ഷകരുട ശബ്ദം കേള്‍ക്കേണ്ടതുണ്ട്. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് അവര്‍ പ്രവൃത്തിയെടുക്കേണ്ടെന്ന തെറ്റായ സന്ദേശം നല്‍കലാകുമെന്നാണ് പറയുന്നത്. 15 ധനികര്‍ക്ക് വേണ്ടി മൂന്നരലക്ഷം കോടി കടം എഴുതിത്തള്ളി. അംബാനി, നീരവ് മോഡി എന്നിവര്‍ക്കു വേണ്ടി ഭീമമായ കടം എഴുതിത്തള്ളി. ഇത് തെറ്റായ സമീപനമാണെന്ന് ആരും കുറ്റപ്പെടുത്തുന്നില്ലല്ലോ?

വന്‍കിട വ്യവസായ ഭീമന്‍മാര്‍ക്ക് ഇത്രയേറെ പണം നല്‍കിയിട്ട് എത്ര തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്കായി സൃഷ്ടിച്ചുവെന്നും ചോദിച്ചു. തൊഴില്‍രഹിതര്‍ക്ക് പണം നല്‍കിയാല്‍ അവര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നീരവ് മോഡിക്ക് നല്‍കിയ 30,000 കോടി രൂപ കേരളത്തിലെ യുവ സംരംഭകര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ മുപ്പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമായിരുന്നുവെന്നതില്‍ സംശയമില്ല.

അധികാരം ലഭിച്ചാല്‍ പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജി.എസ്.ടി ഘടനയില്‍ മാറ്റമുണ്ടാക്കുമന്നും രാഹുല്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും എത്തിയ മത്സ്യതൊഴിലാളികളുടെ പ്രതിനിധികളാണ് ദേശീയ മത്സ്യതൊഴിലാളി പാര്‍ലമെന്റില്‍ പങ്കെടുത്തത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ രാഹുല്‍ മറ്റു പ്രസംഗമൊന്നും നടത്തിയില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ വി.ഡി.സതീശന്‍, അനില്‍ അക്കര, ദേശീയ ജന.സെക്രട്ടറി മുകുള്‍ വാസ്‌നിക്, വി.എം.സുധീരന്‍, പി.സി.ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ നേതൃത്വം നല്‍കി. മത്സ്യതൊഴിലാളികളുടെ പ്രകടന പത്രിക രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു.

രാഹുലിന്റെ വരവ് ഊര്‍ജം പകര്‍ന്നു

ലോക്‌സഭാതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച രാഹുല്‍ഗാന്ധിയുടെ വരവോടെ അന്തിമഘട്ടത്തില്‍. കോണ്‍ഗ്രസ് ലിസ്റ്റില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചയാണ് രാഹുല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ സംസ്ഥാന നേതാക്കളുമായി നടത്തിയത്. കേരളകോണ്‍ഗ്രസിലെ തര്‍ക്കത്തെ കുറിച്ചും ചോദിച്ചറിഞ്ഞു. ഉടനെ ഇതിനു പരിഹാരം കാണണമെന്നും യു.ഡി.എഫിനെ മൊത്തം ബാധിക്കുന്ന പ്രശ്‌നമാണെന്നും അഭിപ്രായപ്പെട്ടുവെന്നാണറിയുന്നത്. തൃശൂര്‍, ചാലക്കുടി ലോക്‌സഭാമണ്ഡലങ്ങളില്‍ പാക്കേജായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്ന് രാഹുല്‍ സൂചിപ്പിച്ചു.

അതേസമയം ഇന്നലെയും തലേന്നും സ്ഥാനാര്‍ഥിമോഹികള്‍ രാമനിലയത്തിലേക്ക് ഇടിച്ചുകയറാന്‍ കാത്തിരുന്നതു നിഷ്ഫലമായി. സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവരുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നു രാഹുല്‍ വ്യക്തമാക്കി. അതോടെ അവര്‍ സംസ്ഥാനനേതാക്കള്‍ക്കു മുന്നില്‍ അവകാശവാദങ്ങളുടെ കണക്കുകള്‍ നിരത്തി.

രാഹുല്‍ വിശ്രമത്തിലേക്കു നീങ്ങിയപ്പോഴും മുതിര്‍ന്ന നേതാക്കള്‍ കാര്യമായ ചര്‍ച്ചയിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല എന്നിവര്‍ക്കു തിരക്കോടു തിരക്ക്. ബുധനാഴ്ച്ച രാത്രി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പൂരം സംഘാടകരായ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ എന്നിവരുമായും സൗഹൃദ ചര്‍ച്ച. പദ്മജ വേണുഗോപാല്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. ഭാസ്‌കരന്‍ നായര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരുള്‍പ്പെടെ നീണ്ട നേതൃനിര രാമനിലയത്തില്‍ രാഹുലിനെ വരവേല്‍ക്കാനെത്തി.

രാഹുല്‍ എത്തിയപ്പോഴും നാട്ടികയിലേക്കു ഇന്നലെ രാവിലെ പോകാനെത്തിയപ്പോഴും പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. കൂപ്പുകൈളുമായാണ് രാഹുല്‍ യാത്ര പറഞ്ഞത്. വഴിനീളെ രാഹുലിന് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ നാട്ടിയിരുന്നു. രാഹുലിന്റെ വരവോടെ ഉറങ്ങിക്കിടന്ന അണികള്‍ക്ക് പുത്തന്‍ ഊര്‍ജമായി. ഇടതുപക്ഷം നേടിയ പ്രചാരണമേല്‍ക്കൈ അല്‍പമെങ്കിലും തിരിച്ചുപിടിക്കാന്‍ രാഹുലിന്റെ വരവോടെ കഴിഞ്ഞുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

കൈയടി നേടി രാഹുല്‍

പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് നയം വ്യക്തമാക്കിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മിന്നുന്ന പ്രകടനം. മത്സ്യതൊഴിലാളി പാര്‍ലമെന്റ് ഫലത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയായി. ഇന്നലെ രാവിലെ 10.40നാണ് പരമ്പരാഗത വള്ളത്തിന്റെ മാതൃകയിലൊരുക്കിയ മത്സ്യതൊഴിലാളി പാര്‍ലമെന്റ് വേദിയിലേക്ക് തൂവെള്ള വസ്ത്രധാരിയായി രാഹുല്‍ഗാന്ധി എത്തിയത്. പ്രതീകാത്മകയായി 543 പേരും സൗഹൃദ പ്രതിനിധികളുമാണ് പങ്കെടുത്തത്.

പ്രധാനമന്ത്രിയെ കുത്തകകളുടെ സഹായിയായി രാഹുല്‍ ചിത്രീകരിച്ചപ്പോള്‍ പ്രതിനിധികള്‍ കൈയടിച്ചു പിന്തുണച്ചു. വിവിധ ഭാഷകളിലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ രാഹുലിനെ അഭിവാദ്യം ചെയ്ത്. ദേശീയ ഗാനത്തോടെ പാര്‍ലമെന്റിന് തുടക്കമായി. എന്നാല്‍ പതിവുരീതിയില്‍ ഉദ്ഘാടനമോ പ്രസംഗമോ ഉണ്ടായില്ല. സ്വാഗതവും അധ്യക്ഷനുമൊന്നുമില്ലാതെ നേരെ മത്സ്യതൊഴിലാളി നേതാക്കളുമായി സംവാദത്തിലേര്‍പ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കളും സംസാരിച്ചില്ല. ഇത് പുതുമയായി. ഒരു മണിക്കൂറിലധികം സമയം രാഹുല്‍ പങ്കെടുത്തു.

കര്‍ണാടകയിലെ പ്രതിനിധിയാണ് ആദ്യം ചോദ്യമുന്നയിച്ചത്. തുടര്‍ന്ന് മഹരാഷ്ര്ട, ലക്ഷദ്വീപ്, ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ, കേരളം എന്നിവടങ്ങളില്‍ നിന്നുള്ളവരും ചോദ്യങ്ങളുന്നയിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് രാഹുല്‍ മറുപടി പറഞ്ഞത്. തൃപ്രയാര്‍ ടി.എസ.്ജി.എ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ കരഘോഷമുയര്‍ത്തിയാണ് രാഹുലിന്റെ വാക്കുകള്‍ കേട്ടത്.

Thrissur
English summary
Rahul Gandhi about fishermen in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X