തൃശൂരിൽ കഞ്ചാവ് വേട്ട: 2 കിലോയുമായി സേലം സ്വദേശി അറസ്റ്റിൽ
തൃശൂർ: നഗര മദ്ധ്യത്തിൽ 2 കിലോ കഞ്ചാവുമായി തമിഴ്നാട് കല്ലകുറിച്ചിയിലെ ചിന്നസേലം സ്വദേശിയായ അഗ്രഹാരത്തിൽ രാജ (47) എന്നയാളെയാണ് ഈസ്റ്റ് പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കേ ഗോപുര നടയിൽ നിന്നും അറസ്റ് ചെയ്തത്.
ടൌണിലെ തേക്കിൻകാട് മൈതാനത്തിനെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്നു എന്ന വിവരം പോലീസിന് നേരത്തെതന്നെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ രാജയ്ക് തമിഴ് നാട്ടിൽ സമാന കേസുകൾ നിലവിൽ ഉള്ളതായി അറിവായിട്ടുണ്ട്.
പിടികൂടിയ സംഘത്തിൽ ടൌൺ ഈസ്റ്റ് സബ് ഇൻസ്പെക്ടർ വിജയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഗോപി, ജയകുമാർ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനി സ്വാമി, വിപിൻ എന്നിവരുണ്ടായിരുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു.

ലഹരി മരുന്ന് ഇടനിലക്കാരൻ പോലീസിന്റെ പിടിയിലായി
വലിയതോതിൽ നിരോധിത മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് കോടതിപ്പടിവാല രഞ്ജിത് എന്ന കുഞ്ഞിക്കണ്ണനാണ് പിടിയിലായത്. മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരുമ്പിലാവ് കിളിയപ്പറമ്പിൽ ഷൈൻ എന്നയാളെ ഇക്കഴിഞ്ഞ മാർച്ച് 15ന് കുന്നംകുളം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് രഞ്ജിത് ആണെന്ന വിവരം പോലീസിനു ലഭിച്ചത്. ഇയാൾക്കെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയതിനും കേസ് നിലവിലുണ്ട്.
സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, ഗോപിനാഥൻ, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ സുവ്രതകുമാർ എൻ.ജി, പി. രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്കുമാർ, ശരത് ലികേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ജനൽകമ്പി തകർത്ത് കവർച്ച നടത്തിയ സംഘം പോലീസ് പിടിയിലായി
ആൾതാമസമില്ലാത്ത വീടിൻറെ ജനൽ കമ്പി മുറിച്ച് മാറ്റി മോഷണം നടത്തിയ സംഘത്തെ ഇരവിപുരം പോലീസ് പിടികൂടി. വടക്കേവിള വില്ലേജിൽ അയത്തിൽ നഗർ 193 താഴത്ത് വിള വയലിൽ വീട്ടിൽ പ്രസാദ് മകൻ പ്രസീദ് (24), തൃക്കോവിൽവട്ടം മുഖത്തല കിഴവൂർ ബ്രോണോ വിലാസത്തിൽ അനിൽ മകൻ അജേഷ് (19), വടക്കേവിള ശാന്തിനഗർ 208 പയറ്റുവിള പടിഞ്ഞാറ്റതിൽ സദാനന്ദൻ മകൻ ശ്രീമോൻ (34, സതീശൻ) എന്നിവരാണ് പോലീസ് പിടിയിലായത്. അയത്തിൽ എസ്. എസ് വിഹാർ എന്ന വീട്ടിൽ താമസിച്ചിരുന്ന സദാനന്ദൻ നായരും കുടുംബവും മകളെ സന്ദർശിക്കുന്നതിന് വേണ്ടി കർണ്ണാടകയിലേക്ക് പോയ അവസരം വിനിയോഗിച്ചാണ് ഇവർ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസക്കാരനായ പ്രസീദിന് വീട്ടുകാർ സ്ഥലം വിട്ട് പോയതിനെ കുറിച്ച് അറിയാമായിരുന്നു. രാത്രി വീട്ടിലെത്തി സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമാക്കിയിട്ടാണ് ഇവർ മോഷണം നടത്തിയത്. തുടർന്ന് ജന്നൽ കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി അകത്ത് ബെഡ്‌റൂമിൻറെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണ്ണവും, 80000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും മറ്റ് സാമഗ്രികളും ഇവർ മോഷ്ടിച്ചു. അടുത്ത ദിവസം വീട് വൃത്തിയാക്കാൻ വന്ന ജോലിക്കാർ ജന്നൽ തകർന്ന് കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടക്കാളെ തിരിച്ചറിഞ്ഞു. പ്രതികളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അയത്തിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും മോഷ്ടിച്ച സ്വർണ്ണത്തിൽ ഒന്നര പവനും നാലായിരം രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവർ മറ്റു സ്ഥലങ്ങളിലും മോഷണം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞു. കൊല്ലം അസിസ്റ്റൻറ് കമ്മീഷണർ ജി.ഡി വിജയകുമാറിൻറെ മേൽനോട്ടത്തിൽ ഇരവിപുരം ഇൻസ്‌പെക്ടർ വി.വി അനിൽകുമാറിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മാരായ അരുൺഷാ, ജയേഷ്, ഷാജി, ആൻറണി എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ അനിൽകുമാർ, രാജേഷ്‌കുമാർ, സി.പി.ഒമാരായ വിനുവിജയ്, ഷാനവാസ്, ദിലീപ്, സാംസൺ, മനാഫ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻറ് ചെയ്തു.












Click it and Unblock the Notifications