തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടല്‍ക്ഷോഭം: തീരദേശം ഭീതിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കടല്‍ക്ഷോഭത്തില്‍ തീരദേശം ഭീതിയില്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. പൈപ്പിടാന്‍ പൊളിച്ച് തകര്‍ന്നു കിടക്കുന്ന ചാവക്കാട് -ചേറ്റുവ റോഡ്, ചാവക്കാട് -ഏനാമാവ് റോഡ് എന്നീ റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരം. ചാവക്കാട് ടൗണിലെ ബൈപ്പാസ് ജങ്ഷനുകളും എനാമാവ് റോഡ്, അനു ഗ്യാസ് റോഡ്, പേരകം റോഡ്, തെക്കഞ്ചേരി, തെക്കന്‍ പാലയൂര്‍, പുന്ന എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളില്‍ പലതും തുറന്നില്ല. പ്രദേശത്തെ കാനകള്‍ യഥാസമയം കോരി വൃത്തിയാക്കുന്നതില്‍ വന്ന അനാസ്ഥയാണ് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കനോലി കനാലും വലിയതോടും കരകവിഞ്ഞൊഴുകി. നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജീവനക്കാര്‍ രാവിലെ മുതല്‍ രംഗത്തെത്തി. കാനകളുടെയും കല്‍വെര്‍ട്ടുകളുടെയും തടസം നീക്കി വെള്ളമൊഴുക്കിവിടുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി അനുഭവപ്പെടുന്ന കടല്‍ക്ഷോഭംമൂലം കടപ്പുറം പഞ്ചായത്തിന്റെയും ചാവക്കാട് നഗരസഭയുടെയും കടലോരമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ച് ഇതുവഴിയുള്ള റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിനോടുള്ള അവഗണനയില്‍ ഇന്നലെയും ജനങ്ങള്‍ പ്രതിഷേധിച്ചു. തൊഴിലാളികള്‍ക്ക് കടലില്‍പോകാന്‍ കഴിയാതായതോടെ മത്സ്യമേഖലയും പ്രതിസന്ധിയിലാണ്.

chavakad

കടലേറ്റം രൂക്ഷമായ വാടാനപ്പള്ളിയില്‍ നാലു വീടുകള്‍ തകര്‍ന്നു. മേപ്പറമ്പില്‍ മനോജ്, ചുള്ളിയില്‍ മണി, പോക്കാക്കില്ലത്ത് അഹമ്മദ്, കിഴക്കേപ്പാട്ട് രാജന്‍ എന്നിവരുടെ വീടുകളാണ് കടലേറ്റത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കടല്‍ക്ഷോഭത്തില്‍ നൂറോളം വീടുകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലായി. എത്തായ് ബീച്ചില്‍ പഴയ സീവാള്‍ റോഡിന്റെ അവശേഷിച്ച ഭാഗവും തകര്‍ന്നതോടെ രണ്ട് വീടുകളും ഏതുസമയവും കടലെടുക്കുമെന്ന ഭീതിയിലായി. മുപ്പത്തഞ്ച് വീടുകളില്‍ തിരമാലകള്‍ അടിച്ചു കയറി. വാടാനപ്പള്ളി ബീച്ചിലെ സീവാള്‍ റോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

chavakad

കടലേറ്റത്തിലും മഴയിലും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തിയതിനാല്‍ പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. കടല്‍ തീരത്ത് നിന്നും അഞ്ഞൂറോളം മീറ്റര്‍ കിഴക്കോട്ട് കടല്‍ വെള്ളം അടിച്ച് കയറി പ്രദേശത്തുള്ളവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കടല്‍ വെള്ളവും മണലും അടിച്ച് കയറിയ വീടുകളിലെ ഫര്‍ണീച്ചറുകളടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രൂക്ഷമായ കടലേറ്റത്തിന്റെ ഭാഗമായി വീടുകള്‍ തകര്‍ന്ന വാടാനപ്പള്ളി ബീച്ചില്‍ മണലൂര്‍ എംഎല്‍എയോ സി എന്‍ ജയദേവന്‍ എംപിയോ സന്ദര്‍ശനം നടത്തിയില്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.

chavakad

അഴിമുഖം മുതല്‍ എത്തായ് ബീച്ച് വരെയുള്ള സീവാള്‍ റോഡ് കടലേറ്റത്തില്‍ പൂര്‍ണമായും മണല്‍മൂടി. പ്രദേശത്ത് പതിനഞ്ച് വീടുകളാണ് വെള്ളക്കെട്ടിലായത്. ഇതില്‍ ആറുവീടുകള്‍ ഏതുസമയവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. എത്തായ് ബീച്ചില്‍ ഈച്ചരന്‍ ചന്ദ്രന്റെ വീട് പൂര്‍ണമായും തകരുമെന്ന സ്ഥിതിയിലാണ്. രണ്ടിടത്തായി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത് തീരത്തേക്കുള്ള കടല്‍വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചു. പഴയ സാഗര്‍ ക്ലബ്ബിന് കിഴക്കുഭാഗത്തെ പതിനഞ്ചോളം വീടുകള്‍ കനത്തവെള്ളക്കെട്ടിലായി. എറിയാട് മേഖലയില്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ടിപ്പു സുല്‍ത്താന്‍ റോഡിന് പടിഞ്ഞാറുവശം ജനവാസ കേന്ദ്രങ്ങള്‍ ഏത് നിമിഷവും വെള്ളം നിറയുമെന്ന അവസ്ഥയിലാണ്. എറിയാട് ചന്ത, ആറാട്ടുവഴി, മണപ്പാട്ട് ചാല്‍, ലൈറ്റ് ഹൗസ് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്.

Thrissur
English summary
Sea turbulence; coastal areas in alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X