കാമുകിയെ ഇറക്കിക്കൊണ്ടുവന്നു,താലി മാല വാങ്ങാൻ പിടിച്ചുപറി; യുവാവിനേയും കൂട്ടുകാരനേയും പൊക്കി പോലീസ്
തൃശ്ശൂർ; കാമുകിയെ ഇറക്കി കൊണ്ടുവന്ന് താലി കെട്ടാൻ വഴിയാത്രക്കാരന്റെ സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ബൈക്കിലെത്തിയാണ് കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല കവർന്നത്.

പാലക്കാട് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു ആഷിഖ്. വിവാഹം കഴിക്കുന്നതിനായി യുവതിയെ കൊടകരയിലെ വാടക വീട്ടില് കൊണ്ട് താമസിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വിവാഹത്തിന് താലിമാല വാങ്ങാനായി ധനീഷുമൊത്ത് ഇറങ്ങി. ഇതിനിടയിലാണ് കാൽനടയായി പോകുന്ന രാമകൃഷ്ണനെ കണ്ടത്. ഉടൻ തന്നെ പ്രതികൾ രാമകൃഷ്ണന്റെ മൂന്നര പവന്റെ മാല കവർന്ന് കടന്നു.
രാമകൃഷ്മന്റെ പരാതിയിൽ പോലീസ് സിസിടിവി അടക്കം പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. അന്വേഷണത്തിൽ ബൈക്ക് ധനിഷിന്റെ ഭാര്യയുടേതാണെന്ന് കണ്ടെത്തി. ഇതോടെ രണ്ട് പേരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
സ്വർണമാല ടൗണിലെ കടയിൽ വിറ്റ് കാശ് വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് വാങ്ങിയ രണ്ടര പവന്റെ താലി മാലയും ബാക്കി വന്ന പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരേയും റിമാന്റ് ചെയ്തു.












Click it and Unblock the Notifications