സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍; തൃശൂര്‍ സിറ്റി പൊലീസിന് അഭിമാന നേട്ടം
തൃശൂര്‍: പൊതുജന സേവന രംഗത്ത് വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഗവേണന്‍സ് പുരസ്‌കാരം തൃശൂര്‍ സിറ്റി പോലീസിന് ലഭിച്ചു. 2019-2020, 2020 - 2021വര്‍ഷങ്ങളില്‍ തൃശൂര്‍ സിറ്റി പോലീസ് സമൂഹ മാധ്യമ വിഭാഗം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങളിലൂടേയും ജനമൈത്രി പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും കോവിഡ് പ്രതിരോധം, സൈബര്‍ തട്ടിപ്പുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.

2022 ഡിസംബര്‍ 3 ശനിയാഴ്ച തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍, വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്‍കുട്ടിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം വാര്‍ത്തകളില്‍ നിറയുന്ന ഇക്കാലത്ത്, പോലീസ്, സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും, ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. അതുവഴി നമുക്ക് കുറ്റകൃത്യങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയും. തൃശൂര്‍ സിറ്റി പോലീസിനു ലഭിച്ച ഇ-ഗവേണന്‍സ് പുരസ്‌കാരം തൃശൂര്‍ സിറ്റി പോലീസിന്റെ സമൂഹ മാധ്യമങ്ങള്‍ പിന്തുടരുന്ന പ്രേക്ഷകര്‍ക്കും ഇതിനു പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുന്നെന്ന് തൃശൂര്‍ സിറ്റി പൊലീസ് അറിയിച്ചു.
അതേസമയം, പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പോലീസിന്റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
സോഷ്യല്‍ മീഡിയ ആന്റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ (2018) ഒന്നാം സ്ഥാനം കേരള പോലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിനു ലഭിച്ചു. ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ (2018) പോലീസ് സൈബര്‍ ഡോമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. 2019-20, 2020-21 വര്‍ഷങ്ങളില്‍ എം.ഗവേണന്‍സിന് ഒന്നാം സ്ഥാനം, മികച്ച വെബ്‌സൈറ്റിന് രണ്ടാം സ്ഥാനം എന്നിവ മറ്റ് സ്ഥാപനങ്ങളുമായി പങ്കിട്ടു. സോഷ്യല്‍ മീഡിയ ആന്റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കേരള പോലീസ് നേടി.
ദക്ഷിണമേഖലാ ഐ ജി പി പ്രകാശ്, എസ് പി ഡോ.ദിവ്യ.വി ഗോപിനാഥ്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരും സംഘവും അവാര്‍ഡ് സ്വീകരിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എച്ച്.വെങ്കടേശ്, അനൂപ് കുരുവിള ജോണ്‍, എസ്.പി ഡോ.അരവിന്ദ് സുകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications