യാത്രാ ക്ലേശത്തിന് അറുതി; തൃശൂരിലെ പെരുമ്പുഴ പാലം തുറന്നു, വാഹന നിയന്ത്രണങ്ങള്‍ ഒഴിവാക്കി
തൃശൂര്‍: വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. 1949-ല്‍ നിര്‍മ്മിച്ച പാലത്തിനെ അഞ്ച് ഗര്‍ഡറുകളാണ് താങ്ങി നിര്‍ത്തുന്നത്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ സ്ലാബുകള്‍ താങ്ങിനിര്‍ത്തുന്ന ഗര്‍ഡറുകള്‍ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളും പാലത്തിനെ കൂടുതല്‍ ദുര്‍ബലമാക്കി. വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്ന പാലത്തിന്റെ മൂന്ന് ഗര്‍ഡറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും സ്ലാബുകള്‍ക്കിടയിലുള്ള ഗര്‍ഡറുകളും പിന്നീട് ദ്രവിച്ചു. ഫൗണ്ടേഷനും കേടുപാടുകള്‍ സംഭവിച്ചു. അപകടാവസ്ഥയിലായ പാലാത്തിലൂടെയുള്ള ഗതാഗതം, 2020 ഓഗസ്റ്റ് 11ന് പിഡബ്ല്യുഡി പാലം വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാരം കയറ്റിയ വാഹനങ്ങളുടെ പ്രവേശനം പൂര്‍ണമായി നിരോധിച്ചു.
നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന പെരുമ്പുഴ പാലത്തിന്റെ കേടുപാടുകള്‍ അടിയന്തരമായി തീര്‍ക്കുന്നതിന് വേണ്ട ഇടപെടലുകള്‍ മുരളി പെരുനെല്ലി എംഎല്‍എ നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായും ധനകാര്യ വകുപ്പുമന്ത്രിയുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 60,6000.00 (അറുപതു ലക്ഷത്തി അറുപതിനായിരം) രൂപയുടെ ഭരണാനുമതി പാലം അറ്റകുറ്റപണികള്‍ക്കായി ലഭിച്ചു.
തുടര്‍ന്ന് ബിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് കൊണ്ടുവന്ന ഗര്‍ഡറുകള്‍ പാലത്തില്‍ ഉറപ്പിച്ചു. ജനുവരി പകുതിയോടെ എല്ലാ അറ്റകുറ്റപണികളും പൂര്‍ത്തീകരിക്കാനായി ദ്രുതഗതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പൊതുമരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍
തൃശൂര്‍ ആസ്ഥാനമായ സി ടു ഇന്‍ഫ്രാസ്ട്രക്ചറിനാണ് ബലപ്പെടുത്തല്‍ ചുമതല നല്‍കിയത്.
പാലം തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സി എഞ്ചിനീയര്‍ സന്തോഷ് കുമാറും സംഘവും
അവസാനഘട്ട സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ സുര്‍ജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ശശിധരന്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, സി ജി സജീഷ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബിജി, കെ ആര് ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.