'ഭക്ഷണമായി വിഴുങ്ങാൻ സാധിക്കാത്തവ മാത്രം മതി വേസ്റ്റ് ബിന്നില്‍'; ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ
ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ നിന്ന് 100 രൂപ പിഴ ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് വടക്കാഞ്ചേരി നഗരസഭ. ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാൻ പാടില്ലെന്നും ഓഫീസിൽ മാത്രമല്ല വീട്ടിലും നിർദേശം പാലിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭക്ഷണം പാഴാക്കാൻ അനുവദിക്കില്ലെന്ന് പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നിർദേശം.

ഉത്തരവ് നടപ്പാക്കാൻ നഗരസഭ ക്ലീൻ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങായ ചണ്ടി, തുടങ്ങിയവും വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാവൂ എന്ന് ഉത്തരവിൽ നിർദേശിക്കുന്നു
ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ഈ നഗരസഭയിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഉച്ചഭക്ഷണം കൊണ്ടുവരുന്നവരാണ്. അതിൽ പല ജീവനക്കാരും കൊണ്ടുവരുന്ന ഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഇപ്രകാരം ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദനീയമല്ല. ഈ ഉത്തരവ് തീയതി മുതൽ ചോറ്, കറികൾ തുടങ്ങിയ ഏതൊരു ഭക്ഷണവും മുഴുവൻ കഴിക്കാതെ വേയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടെത്തുന്ന പക്ഷം ടി ജീവനക്കാരിൽ നിന്ന് 100 രൂപ പിഴയായി ഈടാക്കുന്നതാണെന്ന് എല്ലാ ജീവനക്കാരേയും ഇതിനാൽ അറിയിക്കുന്നു.
ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള് തുടങ്ങിയവയും മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ എന്ന് ഓർമ്മിപ്പിക്കുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിന് നഗരസഭാ ഹെൽത്ത് സൂപ്പർ വൈസർ\ ക്ലീൻ സിറ്റി മാനേജർ ആയ ശ്രീ. കെ ജയകുമാർ എന്നിവരെ ചുമതലപ്പെടുത്തുന്നു.
എന്നിങ്ങനെയാണ് ഉത്തരവിൽ പറയുന്നത്.












Click it and Unblock the Notifications