റെക്കോർഡ് ഏക്കത്തുകയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ; ക്ഷേത്രം എഴുന്നളളിപ്പിന് വാങ്ങുന്നത് 7.30 ലക്ഷം രൂപ
തൃശൂർ : കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ എഴുന്നളളിപ്പിനെത്താൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വാങ്ങുന്നത് റെക്കോർഡ് തുക. 7.30 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. പൂച്ചക്കുന്ന് ആഘോഷ കമ്മിറ്റിയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ഏൽപ്പിച്ചിട്ടുള്ളത്. ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവത്തിന്റെ ഭാഗമായാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്.
ഉത്സവത്തിന് എഴുന്നള്ളിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 2.30 ലക്ഷം രൂപയാണ് ഏക്കത്തുകയായി നൽകുന്നത്. ബാക്കി സംഭാവനകൾ, ബത്ത, യാത്രച്ചിലവ് എന്നിവ കൂടി കൂട്ടി 7.30 ലക്ഷം രൂപയാണ് ആനയ്ക്ക് നൽകുന്നത്. തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ലേലത്തിൽ പങ്കെടുത്താണ് ആനയെ ഏൽപ്പിച്ചതെന്ന് പൂച്ചക്കുന്ന് കമ്മിറ്റി ഭാരവാഹികളായ ഷൈജു ചിറമ്മൽ, മണികണ്ഠൻ കുന്നത്തുള്ളി, വിനോദൻ തളികയിൽ, ശ്രീകുമാർ അടിയാറെ എന്നിവർ പറഞ്ഞു.

ഇതാദ്യമായാണ് ഇത്രയും വലിയ തുക തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് ഏക്കത്തുകയായി ലഭിക്കുന്നത്. കഴിഞ്ഞ വർഷം വർഷം ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് ലഭിച്ച ഏക്കത്തുകയാണ് രണ്ടാം സ്ഥാനത്ത്. അന്ന് 6.75 ലക്ഷം രൂപയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനായി നൽകിയത്. 2024 ഫെബ്രുവരി 15 ന് ആണ് പെരുവല്ലൂർ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം. ഇതുവര തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കിട്ടിയ ഏക്കത്തുകകൾക്ക് ഒരു ആനയും എത്തിയിട്ടില്ല എന്നതാണ് വസ്തുത.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിന് എത്തിച്ചപ്പോൾ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ആന ഇടഞ്ഞോടിയിരുന്നു. അന്ന് രണ്ടു പേരെ കൊലപ്പെടുത്തിയ ആനയെ എഴുന്നള്ളിക്കാൻ പിന്നീട് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് പതിയെ കാര്യങ്ങൾ പഴയപടിയായി. ഗുരുവായൂരിലെ തെക്കേ നട തുറക്കുന്ന ചടങ്ങ് വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നടത്തുന്നത്. മലയാളികളുൾപ്പെടെ ഒരുപാട് ആരാധകരുള്ള പ്രശസ്തനായ കൊമ്പനാണിവൻ. സോഷ്യൽ മീഡിയയിൽ വരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ അക്കൗണ്ട് ഉണ്ട്.












Click it and Unblock the Notifications