38 കോടിയുടെ കടം, വസ്തു വിറ്റ് ബാധ്യത തീർക്കാൻ തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ദേവസ്വം സ്ഥലം വിറ്റ് കടം തീർക്കാൻ തീരുമാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ 38 കോടി രൂപയുടെ കട ബാധ്യതയാണ് തിരുവമ്പാടി ദേവസ്വത്തിനുള്ളത്. തൃശൂർ നഗര മധ്യത്തിൽ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍ നിർമാണച്ചെലവുകൾ വന്നതാണ് കടം ഇത്രയും കൂടാൻ കാരണമായതെന്ന് ദേവസ്വം അധികൃതർ പറയുന്നു. അതേ സമയം ക്ഷേത്രത്തിന് വൈകാരികമായി അടുപ്പമില്ലാത്ത, എന്നാൽ ക്ഷേത്രം വക ഭൂമി വിറ്റ് പരിഹാരം കാണാനാണ് കമ്മിറ്റിയുടെ തീരുമാനം.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണ് തിരുവമ്പാടി. അതു കൊണ്ട് തന്നെ സ്ഥലം വിറ്റ് കടം തീർക്കാൻ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി വേണം. അനുമതി തേടിയുള്ള കത്ത് തിരുവമ്പാടി കൊച്ചിൻ ദേവസ്വത്തിന് കൈമാറിയിട്ടുണ്ട്. തൃശൂർ നഗരത്തിലെ മൂന്ന് വസ്തു വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നഗരമധ്യത്തിലെ 127 സെന്‍റുള്ള തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍, ഷൊര്‍ണൂര്‍ റോഡിലെ 37 സെന്‍റ് സ്ഥലം, സന്ദീപനി സ്കൂളിന്റെ കൈവശമുള്ള ഒരു ഭാഗം സ്ഥലം എന്നിവയാണ് പരിഗണനയിലുള്ളത്.
കടം തീർക്കാനായി വസ്തു വിൽക്കാം എന്നത് പൊതുയോഗത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. ദേവസ്വത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം നിർദേശിക്കാനായി സാമ്പത്തിക വിദഗ്ദർ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ നിർദേശ പ്രകാരമാണ് വസ്തു വിൽക്കാമെന്ന നിഗമനത്തിലെത്തിയതെന്നും പിന്നീട് പൊതുയോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
തിരുവമ്പാടി ദേവസ്വം ബോർഡിന്റെ കത്ത് ലഭിച്ചതിനു ശേഷം കൊച്ചിൻ ദേവസ്വം ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം അറിയിച്ചിട്ടില്ല. എ ജിയുടെ തീരുമാന പ്രകാരം ആകും തിരുവമ്പാടി ദേവസ്വവും തീരുമാനമെടുക്കുക.












Click it and Unblock the Notifications