ബ്യൂട്ടി പാര്‍ലറില്‍ എത്തുന്നവര്‍ പോകുന്നില്ല.., പതിവില്‍ കൂടുതല്‍ തിരക്കും; പരിശോധനയില്‍ ഞെട്ടി എക്‌സൈസ്
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടികൂടിയത് 12 എല്‍ എസ് ഡി സ്റ്റാംപ്. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്നാണ് എക്‌സൈസ് സംഘം മയക്കുമരുന്ന് പിടികൂടിയത്.
വിപണിയില്‍ 60000 രൂപയോളം വില വരുന്ന എല്‍ എസ് ഡി സ്റ്റാംപുകളാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എക്സൈസ്. ബ്യൂട്ടി പാര്‍ലറിന്റെ മറവിലാണ് 51-കാരി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നാണ് വിവരം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലറുകളിലും ടാറ്റു കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ബ്യൂട്ടി പാര്‍ലറിലും ഇത്തരത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

ഇതിനിടെയാണ് ചിലര്‍ ബ്യൂട്ടി പാര്‍ലറില്‍ എത്തി ഒരുപാട് സമയം ചെലവഴിക്കുന്നതായി എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തി പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. സ്‌കൂട്ടറില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 12 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ഉണ്ടായിരുന്നത്.
ഉടമയുടെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടയില്‍ വരുന്ന യുവതികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്ന് വിറ്റിരുന്നു എന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ പറയുന്നത്. പൊതുവെ ബ്യൂട്ടി പാര്‍ലറില്‍ ആളുകള്‍ വന്നാല്‍ പെട്ടെന്ന് പോകാറില്ല.
ഇത് ഇവർക്ക് കൂടുതല്‍ സഹായകരമായി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി കേസ് എക്സൈസ് അസി. കമ്മീഷണര്‍ക്ക് കേസ് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications