യൂട്യൂബിൽ കണ്ടുപഠിച്ച് ഹിപ്നോട്ടിസം പരീക്ഷിച്ചു; 4 പത്താം ക്ലാസ് വിദ്യാർത്ഥികൾ ബോധംകെട്ട് വീണു
കൊടുങ്ങല്ലൂർ: ഹിപ്നോട്ടിസം പരീക്ഷിച്ച് നാല് സ്കൂൾ വിദ്യാർത്ഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ച ഭക്ഷണ സമയത്ത് ആയിരുന്നു സംഭവം. യൂട്യൂബ് വീഡിയോ കണ്ട് മനസ്സിലാക്കിയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥികൾ ഹിപ്നോട്ടിസം പരീക്ഷിച്ചത്. ഇതിന് പിന്നാലെയാണ് ഇവർ ബോധരഹിതരായത്. തലകുനിച്ച് നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നു ഹിപ്നോട്ടിസം നടത്തിയത് എന്നാണ് പറയുന്നത്.
ആദ്യം രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്ക് ബോധം തെളിഞ്ഞു. ഇ സി ജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ബോധരഹിതയായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ പ്രവേശിപ്പിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്പെഷ്യാലിറ്റി ആശുപത്രിയായ എ ആർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തി. സംഭവത്തിൽ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥികളുടെ മുഴുവൻ രക്ഷിതാക്കളുടെയും യോഗം നാളെ ചേരും.
ഹിപ്നോട്ടിസത്തിൽ വൈദഗ്ധ്യം ഇല്ലാത്തവർ ചെയ്താൽ അബോധാവസ്ഥയിൽ ആകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാൻ സാധിക്കണം. ഇല്ലെങ്കിൽ അപകടം സംഭവിക്കാം. രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് ഡോ. അബദുൾ മജീദ് പറഞ്ഞതെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications