നടപടിയിൽ തൃപ്തി പോരാ; സിറ്റിങ്ങിൽ ബഹളം; വനിതാ കമ്മീഷന് നേരെ മുളക് പൊടി എറിഞ്ഞ് എഴുപതുകാരി
തൃശ്ശൂർ: ജില്ലയിൽ വനിതാ കമ്മീഷന് നേരെ മുളക് പൊടി എറിഞ്ഞ് 70 കാരി. തൃശ്ശൂർ ടൗൺ ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പരാതി നൽകാൻ എത്തിയതായിരുന്നു 70 കാരി. ഈ സമയത്തായിരുന്നു വനിതാ കമ്മീഷന് നേരെ ഇവർ മുളക് പൊടി എറിഞ്ഞത്.
തന്റെ ഭർത്താവ് മരിച്ചത് ചികിത്സാപിഴവ് കൊണ്ടാണെന്ന് ആരോപിച്ച് വനിതാ കമ്മീഷനിൽ ഇവർ പരാതി നൽകിയിരുന്നു. എന്നാൽ , നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ എടുത്ത തീരുമാനം തൃപ്തികരമല്ലെന്ന് പറഞ്ഞായിരുന്നു 70 കാരി മുളകുപൊടി എറിഞ്ഞത്.

ടൗൺ ഹാളിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിങ്ങ് നടന്നിരുന്നു. എന്നാൽ, 70 കാരിയുടെ പരാതി ഇന്ന് വനിതാ കമ്മീഷൻ പരിഗണിച്ചിരുന്നില്ല. സിറ്റിങ്ങ് നടക്കുന്നതിനിടെ ആണ് 70 കാരി ഹാളിലേക്ക് കയറി അക്രമം നടത്തിയത്. ഇവർ കയ്യിൽ മുളകുപൊടി കരുതിയിരുന്നു. സിറ്റിങ്ങ് നടക്കുന്ന ഇടത്തിലേക്ക് എത്തിയ യുവതി തന്റെ കയ്യിലുള്ള പാക്കറ്റ് പൊട്ടിച്ച് ടൗൺ ഹാളിലെ സ്റ്റേജിലേക്ക് വിതറുകയായിരുന്നു.
ഇവിടെ ഫാനിട്ട് ഇരുന്നതിനാൽ മുളകുപൊടി നല്ല രീതിയിൽ പറന്നിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ പേരുടെയും കണ്ണിലും ശരീരത്തിലും മുളക് പൊടി വീണു. 70 കാരിയുടെ ആക്രമണത്തിന് പിന്നാലെ ടൗൺ ഹാളിൽ സംഘർഷവും ഉണ്ടായി.
സംഭവം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി. മുളക് പൊടി എറിഞ്ഞ സ്ത്രീയെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പോലീസ് ചെയ്തത്. ഈ വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്നാണ് കരുതുന്നത്. അതേസമയം, ഇതിന് മുൻപും 70 കാരി വനിതാ കമ്മീഷന് നേരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. തന്റെ പരാതിയിൽ വനിതാ കമ്മീഷൻ ഇടപെടുന്നില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കില്ലെന്നും ആരോപിച്ചായിരുന്നു വയോധികയുടെ പ്രതികരണം. ഇവർ കഴിഞ്ഞ ദിവസം സ്വരാജ് ഗ്രൗണ്ടിൽ നാമജപ പ്രതിഷേധം നടത്തിയിരുന്നു












Click it and Unblock the Notifications